- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗോളുമായി ഇസ്മായില സാർ; ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളിന്; ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് കപ്പിൽ നിന്നും ലിവർപൂൾ പുറത്ത്
ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് കപ്പിൽ ലിവർപൂൾ ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ ഇസ്മായില സാർ നേടിയ ഇരട്ട ഗോളുകളാണ് ലിവർപൂളിന് തിരിച്ചടിയായത്. 41, 45 മിനിറ്റുകളിലാണ് സാർ ലക്ഷ്യം കണ്ടത്. പ്രിമിയർ ലീഗിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ലിവർപൂളിന്റെ ലീഗ് കപ്പ് തോൽവി.
രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ലിവർപൂൾ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. 88-ാം മിനിറ്റിൽ യെറെമി പിനോ നേടിയ ഗോൾ ക്രിസ്റ്റൽ പാലസിന്റെ വിജയം പൂർത്തിയാക്കി. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും തോൽവി വഴങ്ങിയ ലിവർപൂളിന്റെ മോശം ഫോം ഈ മത്സരത്തിലും തുടർന്നു. ക്രിസ്റ്റൽ പാലസിനെതിരെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയെ കളത്തിലിറക്കിയ ലിവർപൂളിന് ഇത് തിരിച്ചടിയായി. യുവതാരങ്ങളുടെ അനുഭവപരിമിതികളാണ് തോൽവിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
ട്രാൻസ്ഫർ വിൻഡോയിൽ 570 മില്യൺ ഡോളർ ചിലവഴിച്ച ക്ലബ്ബിന്റെ മോശം പ്രകടനത്തിൽ ആരാധകരും നിരാശയിലാണ്. കഴിഞ്ഞ സീസണിലും കമ്മ്യൂണിറ്റി ഷീൽഡ്, പ്രിമിയർ ലീഗ് മത്സരങ്ങളിൽ ലിവർപൂളിനെതിരെ പാലസ് വിജയം നേടിയിരുന്നു. ഇതോടൊപ്പം നടന്ന മറ്റു മത്സരങ്ങളിൽ ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ തുടങ്ങിയ ടീമുകൾ വിജയം നേടി. ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളും ലീഗ് കപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. നിലവിലെ ചാമ്പ്യൻമാരായ ന്യൂകാസിൽ ടോട്ടൻഹാമിനെ 2-0 ന് പരാജയപ്പെടുത്തി.




