ഡൽഹി: ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഇന്ത്യാ ഓപ്പൺ സൂപ്പർ 750’ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദിയിലെ മോശം സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ച് ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്. വേദിയിലെ സ്ഥിതിഗതികൾ ‘അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതുമാണ്’ എന്ന് വിശേഷിപ്പിച്ച ലോക 20-ാം നമ്പർ താരം, ഇവിടെ ഒരു ലോക ചാമ്പ്യൻഷിപ്പ് എങ്ങനെ നടത്താൻ കഴിയുമെന്ന് കാണാൻ വളരെ ബുദ്ധിമുട്ടാണെന്നും കൂട്ടിച്ചേർത്തു.

കടുത്ത വായു മലിനീകരണത്തെക്കുറിച്ചുള്ള കളിക്കാരുടെ പരാതികൾ, സ്റ്റാൻഡുകളിൽ കുരങ്ങുകളുടെ സാന്നിധ്യം, പക്ഷി കാഷ്ഠം കാരണം കളി തടസ്സപ്പെടുന്നത്, ശുചിത്വമില്ലായ്മ തുടങ്ങിയ നിരവധി പ്രതികൂല ഘടകങ്ങൾ വേദിയിലെ മോശം സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു. ഈ വർഷം ആഗസ്റ്റിൽ ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യത്തെ 'സൂപ്പർ 750' ഇവന്റിലാണ് കളിക്കാർ ഈ ദുരിതമനുഭവിക്കുന്നത്.

ഇതേ കാരണത്താൽ ലോക മൂന്നാം നമ്പർ താരം ആൻഡേഴ്‌സ് ആന്റൺസെൻ, ഡൽഹിയിലെ വായു മലിനീകരണം ബാഡ്മിന്റൺ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. നാല് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ആന്റൺസെൻ തുടർച്ചയായ മൂന്നാം വർഷമാണ് ഈ ടൂർണമെന്റ് ഒഴിവാക്കുന്നത്. മിയ ബ്ലിച്ച്ഫെൽഡും ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസം വേദിയിലെ ശുചിത്വ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്ലിച്ച്ഫെൽഡ് ഇപ്പോൾ വിമർശനം ആവർത്തിച്ചത്. "ഇന്ത്യയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കഠിനമായിരുന്നു, പ്രതീക്ഷിച്ചതിലും കഠിനതരം. ഏറ്റവും മോശം അവസ്ഥക്ക് ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നു. പക്ഷെ, ചുറ്റുമുള്ള സാഹചര്യങ്ങൾ അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതുമാണ്," ബ്ലിച്ച്ഫെൽഡ് കുറിച്ചു. "കോർട്ടിലും പുറത്തും പ്രകടനം നടത്താനും തയ്യാറെടുപ്പുകൾ നടത്താനുമാണ് ഞങ്ങൾ ഇവിടെയെത്തിയത്. നിർഭാഗ്യവശാൽ, ഈ സാഹചര്യങ്ങളിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. വേൾഡ് ടൂർ ‘സൂപ്പർ 750’ ഇവന്റിൽ ഞങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ എല്ലാവരും സമ്മർദ്ദത്തിലും നിരാശയിലുമാണ്. ഇതിനെ പരിഹസിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ ഇവന്റിൽ പങ്കെടുക്കുന്ന ആർക്കും ഇത് തമാശയോ ന്യായമോ അല്ല," അവർ കൂട്ടിച്ചേർത്തു.