മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസണിലെ നിർണ്ണായകമായ എൽ ക്ലാസിക്കോ പോരാട്ടം ഇന്ന് സാന്റിയാഗോ ബെർണാബ്യുവില്‍ അരങ്ങേറും. ചിരവൈരികളായ റയൽ മാഡ്രിഡ്-ബാഴ്സലോണ ടീമുകൾ നേർക്കുനേർ വരുമ്പോൾ, ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ഈ മത്സരത്തിന് വലിയ പ്രാധാന്യമാണുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ബാഴ്സലോണ രണ്ടാമതുമാണ്. ഇരു ടീമുകൾക്കും ഈ മത്സരം ജയിക്കുന്നതിലൂടെ ലീഗിൽ മുന്നിലെത്താനും എതിരാളികളുമായി വ്യക്തമായ പോയിന്റ് വ്യത്യാസം നേടാനും അവസരമുണ്ട്.

നിലവിൽ റയൽ മാഡ്രിഡിന് 24 പോയിന്റും ബാഴ്സലോണക്ക് 22 പോയിന്റുമാണുള്ളത്. ബാഴ്സലോണ വിജയിച്ചാൽ 25 പോയിന്റുമായി അവർക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും. മറുവശത്ത്, റയൽ മാഡ്രിഡ് വിജയിച്ചാൽ ഒന്നാം സ്ഥാനം നിലനിർത്തുക മാത്രമല്ല, ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ച് ആക്കി ഉയർത്താനും അവർക്ക് സാധിക്കും. എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവുമധികം വിജയങ്ങളിൽ റയൽ മാഡ്രിഡിന് നേരിയ മുൻതൂക്കമുണ്ട്. ഇരു ടീമുകളും ഇതുവരെ 263 എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.

ഇതിൽ 105 വിജയങ്ങൾ റയൽ മാഡ്രിഡിനും 104 വിജയങ്ങൾ ബാഴ്സലോണയ്ക്കും സ്വന്തമാണ്. 54 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. എന്നാൽ സമീപകാല ചരിത്രത്തിൽ ബാഴ്സലോണയ്ക്കാണ് മികച്ച പ്രകടനം. കഴിഞ്ഞ നാല് എൽ ക്ലാസിക്കോ പോരാട്ടങ്ങളും ബാഴ്സലോണയാണ് വിജയിച്ചത്. ഈ വർഷം മെയിൽ നടന്ന മത്സരത്തിൽ കറ്റാലൻ ടീം ലോസ് ബ്ലാങ്കോസിനെ 3-2 ന് പരാജയപ്പെടുത്തിയിരുന്നു. 2024 ഏപ്രിലിന് ശേഷം റയൽ മാഡ്രിഡ് ലാ ലിഗയിൽ ബാഴ്സലോണയെ തോൽപ്പിച്ചിട്ടില്ല.

സാവി അലോൺസോയുടെ കീഴിൽ റയൽ മാഡ്രിഡ് മികച്ച ഫോമിലാണ് കളിക്കുന്നത്. ഇതേ പ്രകടനം തന്നെയാണ് ഹാൻസി ഫ്ലിക്കിന്റെ പരിശീലനത്തിൻ കീഴിൽ ബാഴ്സലോണയും പുതിയ സീസണിൽ കാഴ്ചവെക്കുന്നത്. ഇരു ടീമുകളും മികച്ച ഫോമിലുള്ളതിനാൽ ഇന്ന് നടക്കുന്ന പോരാട്ടം തീപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മികച്ച ഫോമിൽ കളിക്കുന്ന ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് റയലിന്റെ പ്രധാ താരം. ക്ലബ് ലോകകപ്പിന് ശേഷം അലോൺസോയുടെ ടീമിനായി കൂടുതൽ ഗോളുകൾ നേടിയത് കൈലിയൻ എംബാപ്പെയും (15 ഗോളുകൾ, രണ്ട് അസിസ്റ്റുകൾ) വിനീഷ്യസ് ജൂനിയറും (അഞ്ച് ഗോളുകൾ, നാല് അസിസ്റ്റുകൾ) ആണ്. അതേസമയം ബാഴ്സയ്ക്കായി മാർക്കസ് റാഷ്‌ഫോർഡും, ലാമിൻ യമലിനും മികച്ച പ്രകടനമാണ് കാഴചവെക്കുന്നത്.