ലിവർപൂൾ: പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ ഹിൽ ഡിക്കിൻസൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എവർട്ടൺ. ജാക്ക് ഗ്രീലിഷിന്റെ ഇരട്ട അസിസ്റ്റുകളുടെയും ജോർദാൻ പിക്ക്ഫോർഡിന്റെ നിർണായക പെനാൽറ്റി സേവിൻ്റെയും മികവിലായിരുന്നു എവർട്ടന്റെ തകർപ്പൻ ജയം.

മത്സരത്തിന്റെ 23-ാം മിനിറ്റിൽ ഇലിമാൻ എൻഡായെയാണ് എവർട്ടണിനായി ആദ്യ ഗോൾ നേടിയത്. ഗ്രീലിഷിന്റെ ക്രോസ് എൻഡായെ ഗോളാക്കി മാറ്റുകയായിരുന്നു. 52-ാം മിനിറ്റിൽ ജെയിംസ് ഗാർണറിലൂടെ എവർട്ടൺ ലീഡ് ഇരട്ടിയാക്കി. ഈ ഗോളിനും വഴിയൊരുക്കിയത് ഗ്രീലിഷ് തന്നെയായിരുന്നു. മത്സരത്തിൽ തിളങ്ങിയ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് 77-ാം മിനിറ്റിൽ ബ്രൈറ്റൺ താരം ഡാനി വെൽബെക്കിന്റെ പെനാൽറ്റി കിക്ക് തടുത്ത് ടീമിന്റെ വിജയം ഉറപ്പിച്ചു.

ആദ്യ പകുതിയിൽ രണ്ട് തവണ ബ്രൈറ്റന്റെ ഷോട്ടുകൾ പോസ്റ്റിലിടിച്ച് മടങ്ങിയതും അവർക്ക് തിരിച്ചടിയായി. ഡാനി വെൽബെക്കും മാറ്റ് ഒ'റൈലിയും ലഭിച്ച മികച്ച അവസരങ്ങൾ പാഴാക്കുകയും ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എവർട്ടണിലെത്തിയ ഗ്രീലിഷിന് മികച്ച തുടക്കമായിരുന്നു മത്സരം. ലീഡ്സ് യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം കോച്ച് ഡേവിഡ് മോയസിനും സംഘത്തിനും ഈ വിജയം വലിയ ആശ്വാസം നൽകുന്നതാണ്.