ദോഹ: അർജന്റൈൻ ക്യാപ്റ്റൻ ലിയോണൽ മെസി ഖത്തർ ലോകകപ്പിനായി അർജന്റൈൻ ടീമിനൊപ്പം ചേർന്നു. ഡി മരിയയും ടീമിനൊപ്പം ചേർന്നു. ഇരുവർക്കും ഗംഭീര സ്വീകരണമാണ് നൽകിയത്. ലോകമെങ്ങുമുള്ള അർജന്റൈൻ ആരാധകരുടെ പ്രതീക്ഷകൾക്കിടെയാണ് മെസി അബുദബിയിലെത്തി ടീം ക്യാംപിൽ ചേർന്നത്.

പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചൽ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവർക്കൊപ്പമാണ് മെസി യുഎിയിലെത്തിയത്. വൈകിട്ട് പരിശീലന സെഷനിൽ മെസി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. വീഡിയോ കാണാം..

 


ഇന്നും നാളെയുമായി ദോഹയിൽ എട്ട് ടീമുകളെത്തുമെന്നാണ് വിവരം. ഞായറാഴ്ചത്തെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിന്റെ എതിരാളികളായ ഇക്വേഡർ നാളെയാണ് വിമാനം ഇറങ്ങുക. ടിറ്റെ അടങ്ങുന്ന ബ്രസീലിയൻ പരിശീലകസംഘം ലോകകപ്പിന് മുൻപുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനിൽ എത്തി.

യൂറോപ്യൻ ക്ലബ്ബ് പോരാട്ടങ്ങൾ അവസാനിച്ചെത്തുന്ന നെയ്മർ അടക്കമുള്ളവർക്കൊപ്പം വാരാന്ത്യത്തിൽ കാനറികൾ ഖത്തറിലിറങ്ങും.ഒമാനിലെ പരിശീലന ക്യാപിലെത്തിയ ജർമ്മൻ ടീമിന് മറ്റന്നാൾ സന്നാഹ മത്സരമുണ്ട്. വൈവിധ്യം വിജയിക്കും എന്ന സന്ദേശമെഴുതിയ പ്രത്യേക ജെറ്റ് വിമാനത്തിൽ ആയിരുന്നു ഒമാനിലേക്കുള്ള യാത്ര.

അതേസമയം വൻകരകളിലെ പര്യടനം പൂർത്തിയാക്കി ഫിഫ ലോകകപ്പ് ട്രോഫി ദോഹയിൽ എത്തി. 32 കളിസംഘങ്ങളും മോഹിക്കുന്ന സ്വർണക്കപ്പ് അറബ് മണ്ണിൽ പറന്നിറങ്ങി. രാഷ്ടത്തലവന്മാർക്കോ വിശ്വജേതാക്കൾക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാൽ ലോകകപ്പ് അനാവരണം ചെയ്തത് 1998ൽ ചാംപ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്സെൽ ദേസൊയിയായിരുന്നു.