ദോഹ: ലോകകപ്പിൽ ചുംബിക്കാതെ ആ കുറിയ മനുഷ്യൻ മടങ്ങിയാൽ കാലം അയാളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാകുമത്. നമുക്ക് കാത്തിരിക്കാം മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറക്കുന്ന ഓരോ വിജയഗോളുകൾക്കുമായി... കാത്തിരിക്കാം അർജന്റീന മൂന്നാം കിരീടത്തിൽ മുത്തമിടുന്നതിനായി... വാമോസ് അർജന്റീന..-ഖത്തറിൽ കാൽപ്പന്തുകളിയുടെ ലോക മാമാങ്കത്തിന് തുടക്കമാകും മുമ്പ് കളിയെഴുത്തിലെ അർജന്റീനിയൻ പക്ഷക്കാർ ആഗ്രഹിച്ചത് ഇതാണ്. ക്വാർട്ടർ പോര് കടന്നാൽ അർജന്റീനയുടെ കരുത്ത് വെളിവാകുമെന്നും വിലയിരുത്തി. അതാണ് ദോഹയിൽ മെസ്സിപ്പട സാധ്യാക്കുന്നത്. കരുത്തരായ നെതർലണ്ടിനെ അവർ മറികടക്കുന്നു. അവസാന നിമിഷത്തിൽ മെസ്സിയെ വീഴ്‌ത്തിയും ഗ്രൗണ്ടിലെ ഫൗളിന് ബഹളമുണ്ടാക്കിയും അർജന്റീനയുടെ ആത്മവിശ്വാസം തകർക്കാൻ നെതർലണ്ട് ശ്രമിച്ചു. അതു ഫലിച്ചു. രണ്ടു ഗോളുകൾ തിരിച്ചടിച്ച് മത്സരത്തെ അധിക സമയത്തിലേക്ക് കൊണ്ടു പോയി. അതിന് ശേഷം പെനാൽട്ടി ഷൂട്ടൗട്ടും. ഡാമിയൻ മാർട്ടീനസിന്റെ രണ്ടു സേവുകൾ അർജന്റീനയെ രക്ഷിച്ചു. അല്ലെങ്കിൽ ബ്രസീലിനെ പോലെ മറ്റൊരു ലാറ്റിൻ അമേരിക്കൻ ടീമും ക്വാർട്ടറിൽ ദോഹയിൽ നിന്നും പുറത്താകുമായിരുന്നു.

കഴിഞ്ഞ നാല് തവണയും കണ്ണീരോടെ മൈതാനം വിട്ട മെസ്സിക്ക് ഇത്തവണ കിരീടം നേടിയേ മതിയാകൂ. മെസ്സിയുടെ കിരീടസ്വപ്നം യാഥാർത്ഥ്യമാക്കാൻ ആ കുറിയ മനുഷ്യനോടൊപ്പം പത്ത് പോരാളികളാണ് അർജന്റീനയ്ക്കായി ബൂട്ടുകെട്ടുന്നത്. ആ പത്തുപേരുടെയും ലക്ഷ്യം ഒന്നുമാത്രം. മെസ്സിക്ക് വേണ്ടി കിരീടം നേടണം. അതിലേക്ക് ഒരു പടി കൂടി അടുക്കുകയാണ് അർജന്റീന. നെതർലണ്ടിനെതിരെ ആദ്യ ഗോളിൽ അസിസ്റ്റ്. രണ്ടാം പകുതിയിൽ മനോഹരമായ പെനാൽട്ടി കിക്ക്. മിശിഹ ക്വാർട്ടറിൽ നിറം മങ്ങിയില്ല. അങ്ങനെ സെമിയിൽ ക്രൊയേഷ്യയെ നേരിടാൻ മെസിപ്പട അർഹത നേടി. ലോകകപ്പ് ഗോൾ നേട്ടത്തിൽ അർജന്റീനയുടെ ബാറ്റിസ്റ്റിയൂട്ടയ്‌ക്കൊപ്പം മെസിയുമെത്തി. മാറഡോണ ലോകകപ്പിൽ എട്ട് ഗോളുകളാണ് നേടിയത്. ഇതാണ് കഴിഞ്ഞ ഗോളിൽ മെസി മറകടന്നത്. നെതർണ്ടിനെതിരായ ഗോളിലൂടെ ലോക ഫുട്ബോളിൽ താരത്തിന്റെ ഗോൾനേട്ടം 790 ആയി. ലോകകപ്പിൽ താരത്തിന്റെ പത്താം ഗോളാണിത്. ബാഴ്‌സയിൽ 672 ഗോളും പിഎസ്ജിയിൽ 23 ഗോളുകളും നേടിയപ്പോൾ ദേശിയ ടീമിനൊപ്പം നിന്ന് 95 വട്ടമാണ് മെസി വല കുലുക്കിയത്.

അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനെത്തിയത്. കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അർജന്റീന 1930 ലും 1990 ലും 2014 ലും ഫൈനലിലെത്തിയിട്ടുണ്ട്. തന്ത്രശാലിയായ പരിശീലകൻ ലയണൽ സ്‌കലോണിയുടെ കീഴിൽ തുടർച്ചായി 35 മത്സരങ്ങൾ തോൽക്കാതെയാണ് അർജന്റീന ഖത്തറിൽ എത്തിയത്. ആദ്യ കളിയിൽ സൗദിയോട് തോറ്റു. അന്ന് ആരാധകർ നിരാശരായി. പക്ഷേ ടീം തളർന്നില്ല. മെസിയും കൂട്ടരും ഉയർത്തെഴുന്നേറ്റു. കരുത്തരായ ഹോളണ്ടിനെ മറികടന്ന് അർജന്റീന സെമിയിൽ എത്തുന്നു. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്കുള്ള വരവ്. അതുകൊണ്ട് തന്നെ ഇത്തവണ പലതും മെസിയിൽ നിന്നും നീലക്കുപ്പായക്കാരുടെ ആരാധകർ പ്രതീക്ഷിക്കുന്നു. അത് വെറുതെയാകില്ലെന്ന് തെളിയിക്കുന്നതാണ് ക്വാർട്ടർ പോര്. പെനാൽട്ടി ഷൂട്ടൗട്ടിലും അർജന്റീന വിജയ തൃഷ്ണ വിട്ടുകളഞ്ഞില്ല.

ഈ ലോകകപ്പിനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കോച്ചാണ് അർജന്റീനയുടെ ലയണൽ സ്‌കലോനി (44 വയസ്സ്). 71 കാരനായ ഹോളണ്ട് കോച്ച് ലൂയി വാൻ ഗാൽ പ്രായം കൂടിയ കോച്ചും. അതുകൊണ്ടുതന്നെ തന്ത്രങ്ങളിൽ രണ്ടു തലമുറകൾ തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു ദോഹയിലെ ക്വാർട്ടർ പോരാട്ടം. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ ഇരുപത് മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ഇരുടീമുകൾക്കും സാധിച്ചില്ല. പ്രതിരോധത്തിൽ ഇരുടീമുകളും ശ്രദ്ധ ചെലുത്തിയതിനാൽ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. 35-ാം മിനിറ്റിൽ നെതർലൻഡ്സ് പ്രതിരോധപ്പൂട്ട് പൊളിച്ചുകൊണ്ട് അർജന്റീന ഗോൾവലകുലുക്കി. നഹ്വെൽ മൊളീനയാണ് ഗോളടിച്ചത്. ലയണൽ മെസ്സിയുടെ ലോകോത്തരമായ പാസിൽ നിന്നാണ് ഗോൾ പിറന്നത്. നെതർലൻഡ്സ് പ്രതിരോധത്തിനിടയിലൂടെ മെസ്സി നൽകിയ പാസ് സ്വീകരിച്ച മൊളീന വലകുലുക്കി. ഇതോടെ അർജന്റീന മുന്നിലെത്തി.

അർജന്റീനയും നെതർലൻഡ്സും ഏറ്റുമുട്ടിയപ്പോഴൊക്കെ കണ്ടത് ഉജ്വലമായ പോരാട്ടങ്ങളായിരുന്നു. അർജന്റീന ആദ്യമായി ലോകകിരീടത്തിലേക്ക് മാർച്ച് ചെയ്തത് നെതർലൻഡ്സിനെ കണ്ണീരണിയിച്ചാണ്. 1978ൽ. നെതർലൻഡ്സിന്റെ മറുപടി ഇരുപത് വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ക്വാർട്ടറിൽ. 1998 ഫ്രാൻസ് ലോകകപ്പിൽ ഡെനിസ് ബെർക്കാംപിന്റെ വിസ്മയഗോളായിരുന്നു കരുത്ത്. ഈ മത്സരത്തിന് മുമ്പ് 2014 ലോകകപ്പ് സെമിയിലാണ് നെതർലൻഡ്സിനോട് അർജന്റീന ഏറ്റുമുട്ടിയത്. യൂറോപ്യൻ കരുത്തരെ അന്ന് അർജന്റീന മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു. ഇതിന് മുമ്പ് ലോകകപ്പിലെ ആഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. നാല് കളികളിൽ ജയിച്ച നെതർലൻഡ്സിനാണ് മേൽക്കൈ. അർജന്റീനയ്ക്ക് രണ്ട് ജയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇതൊന്നും ദോഹയിൽ മെസ്സി പടയ്ക്ക് ഓറഞ്ച് പടയെ നേരിടുമ്പോൾ പ്രശ്‌നമായില്ല.

രണ്ടുതവണയാണ് അർജന്റീന ലോകകപ്പ് കിരീടമുയർത്തിയത്. ആദ്യമായി ആ സുവർണകിരീടം അർജന്റീനയിലേക്കെത്തുന്നത് 1978-ലാണ്. അന്ന് ഡാനിയേൽ പസാറെല്ല നയിച്ച അർജന്റീന ഫൈനലിൽ നെതർലൻഡ്‌സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് കിരീടത്തിൽ മുത്തമിട്ടു. മരിയോ കെംപെസ് എന്ന ഗോളടിയന്ത്രത്തിന്റെ മികവിലാണ് അർജന്റീന അന്ന് കിരീടം നേടിയത്. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് തന്നെ നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും അർജന്റീന വിശ്വജേതാക്കളായി. 1990 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും മാറഡോണയും സംഘവും പരാജയപ്പെട്ട് കണ്ണീരോടെ മടങ്ങി. 1930 ലോകകപ്പിലും അർജന്റീന ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

മാറഡോണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ലോകം ലയണൽ മെസ്സിയെ വാഴ്‌ത്തി. ഫുട്‌ബോളിലെ മിക്ക റെക്കോഡുകളും മെസ്സിക്ക് വഴങ്ങിയപ്പോൾ അദ്ദേഹം നേടാത്ത ക്ലബ്ബ് കിരീടങ്ങളില്ല. എന്നാൽ അർജന്റീനയുടെ കുപ്പായത്തിൽ ലോകകപ്പ് സ്വന്തമാക്കാൻ മെസ്സിക്ക് ഇനിയും സാധിച്ചിട്ടില്ല. അർജന്റീനയ്ക്ക് വേണ്ടി ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന വിമർശകരുടെ സ്ഥിരം വായ്‌പ്പാട്ടിന് കഴിഞ്ഞ കോപ്പ അമേരിക്കയിലൂടെ മെസ്സി മറുപടി നൽകി. ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ കീഴടക്കി മെസ്സി അർജന്റീനയുടെ ജഴ്‌സിയിൽ ആദ്യമായി കിരീടം ഉയർത്തി. പിന്നാലെ വന്ന ഫൈനലിസീമ കിരീടം നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു.

യൂറോപ്യൻ ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്ന ചാമ്പ്യന്മാരുടെ പോരാണ് ഫൈനലിസീമ. ചുരുക്കത്തിൽ ഒരു മിനി ലോകകപ്പ് ഫൈനൽ തന്നെ. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയായിരുന്നു അർജന്റീനയുടെ എതിരാളി. വമ്പുകുലുക്കി വന്ന അസൂറിപ്പടയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന കപ്പുയർത്തിയപ്പോൾ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയായിരുന്നു. സ്‌കലോണിയുടെ കോച്ചിങ് തന്ത്രങ്ങൾ ഫലം കണ്ടു. ടീമിനെ അടിമുടി ഉടച്ചുവാർത്തു. യുവതാരങ്ങളെ കണ്ടെത്തി ടീമിന് കരുത്തു കൂട്ടി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ താരങ്ങളിലൊരാളായ ലിസാൻഡ്രോ മാർട്ടിനെസ് അടക്കമുള്ള പ്രതിഭകൾ സ്‌കലോണിയുടെ കണ്ടെത്തലാണ്.