ദോഹ: ബ്രസീലുകാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ഫുട്ബോളിനോളം അലിഞ്ഞുചേർന്ന മറ്റൊന്നുണ്ടാകില്ല. അവരുടെ തെരുവുകളിൽ, റെസ്റ്റോറന്റുകളിൽ, ബാറുകളിൽ എന്തിനേറെ വീടുകളിലെ തീന്മേശകളിൽ പോലും ഫുട്ബോളിനെ കുറിച്ചുള്ള സംസാരങ്ങളില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല. ലോകകപ്പ് ഫുട്ബോൾ കാലത്ത് അത് ഇരട്ടിയാകും. ഓരോ ലോകകപ്പും അവർക്ക് പ്രതീക്ഷയായിരുന്നു. ദോഹയിൽ അവർ സ്വപ്‌നങ്ങൾ ഒരുപാട് നെയ്തു. അതാണ് തകർന്ന് വീഴുന്നത്. ക്രൊയേഷ്യൻ നിശ്ചയദാർഡ്യം ബ്രസീലിനെ ക്വാർട്ടറിൽ തോൽപ്പിച്ചു.

വലതുപക്ഷക്കാരനായ ജൈർ ബൊൽസൊനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ നേതാവ് ലുല ഡസിൽവ ബ്രസീലിന്റെ അധികാരം പിടിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൊൽസൊനാരോ അനുകൂലികൾ ചില അസ്വരാസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ അസ്വരാസ്യങ്ങളെല്ലാം ഖത്തർ ലോകകപ്പോടെ ഇല്ലാതാകുമെന്നായിരുന്നു ബ്രസീൽ ജനതയുടെ പ്രതീക്ഷ. അതെല്ലാം വെറുതെയായി. വീണ്ടുമൊരു ക്വാർട്ടർ ദുരന്തം. ക്രൊയേഷ്യൻ കോട്ടയ്ക്ക് മുമ്പിൽ പെനാൽട്ടി പോരിൽ കരിഞ്ഞ് തളരുകയായിരുന്നു നെയ്മറുടെ പട. കനാറി പടയുടെ ആരാധകർ തീർത്തും നിരാശരും.

കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്നിലും ബ്രസീൽ ക്വാർട്ടറിൽ പുറത്തായിട്ടുണ്ട്. 2002ൽ ജേതാക്കളായിരുന്നു. 2006ൽ ഫ്രാൻസിനോട് ക്വാർട്ടറിൽ തോറ്റു. 2010ൽ നെതർലൻഡ്സിനോട് കീഴടങ്ങി. 2014ൽ സെമിയിൽ തോറ്റു. കഴിഞ്ഞതവണ 2018ൽ ബൽജിയം ക്വാർട്ടറിൽ തോൽപ്പിച്ചു. ഇത്തവണ ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനോടു തോറ്റു. ക്വാർട്ടറിൽ ക്രൊയേഷ്യയും വില്ലന്മാരായി. നെയ്മർ എന്ന സൂപ്പർ ഹീറോയുടെ മാജിക് ഗോളും ബ്രസീലിനെ തുണച്ചില്ല. ഗോളടിച്ച ശേഷം പ്രതിരോധം ശക്തമാക്കണമെന്ന ഫുട്‌ബോളിലെ പ്രാഥമിക തന്ത്രം അവർ മറന്നു. എക്‌സ്ട്രാ ടൈമിൽ മുന്നിലെത്തിയ ബ്രസീൽ വീണ്ടും വീണ്ടും ഇരച്ചു കയറി. അവസരം മുതലാക്കി ക്രൊയേഷ്യ ഗോൾ മടക്കി. അങ്ങനെ വീണ്ടുമൊരു ബ്രസീലിയൻ ദുരന്തം ദോഹയിലും കണ്ടു.

പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്‌ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ എത്തുകയായിരുന്നു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്. മഞ്ഞപ്പടയുടെ ആരാധകർ കണ്ണീർ പൊഴിച്ചു.

നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്‌സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യമാണ്. 2002ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ 2-0ന് തോൽപ്പിച്ചതിനു ശേഷം കളിക്കുന്ന ആറാം നോക്കൗട്ട് മത്സരത്തിലാണ് ബ്രസീൽ യൂറോപ്യൻ ടീമിനോടു തോറ്റ് പുറത്താകുന്നത്. ഇതിൽ നാലു തവണയും ക്വാർട്ടറിലാണ് ബ്രസീൽ തോറ്റത്. 2006ൽ ഫ്രാൻസിനോടും 2010ൽ നെതർലൻഡ്‌സിനോടും 2018ൽ ബെൽജിയത്തോടും തോറ്റു. പ്രീക്വാർട്ടറിൽ ജപ്പാന്റെ പോരാട്ടവീര്യത്തെയും പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നതിനു പിന്നാലെയാണ്, ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെയും പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വീഴ്‌ത്തിയത്.

'മികച്ചൊരു ഗോൾ കീപ്പർ ടീമിലുണ്ടായാൽ ബാക്കി കാര്യങ്ങളൊക്കെ താരതമ്യേന എളുപ്പമായിരിക്കും. ഭാഗ്യവശാൽ ഞങ്ങളോടൊപ്പം ഡൊമിനിക് ലിവാകോവിച്ചുണ്ട്, ആ സാന്നിധ്യം ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും'- ക്രൊയേഷ്യൻ സൂപ്പർതാരം ഇവാൻ പെരിസിച്ചിന്റെ ഈ വാക്കുകൾമാത്രംമതി ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോൾ കീപ്പറിൽ ടീം എത്രമാത്രം പ്രതീക്ഷവയ്ക്കുന്നു എന്നറിയാൻ. ഈ ഗോളിയാണ് നെയ്മറിന്റെ ആക്രമണങ്ങളെ 104-ാം മിനിറ്റു വരെ പ്രതിരോധിച്ചത്. ഷോട്ടുകളിലൂടെ ലിവാകോവിച്ചിനെ മറികടക്കാനാകില്ലെന്ന് നെയ്മർ തിരിച്ചറിഞ്ഞു. ഇതോടെ തന്ത്രം മാറ്റി പിടിച്ചു. ട്രിബിൾ ചെയ്ത് ലിവാകോവിച്ചിനെ നെയ്മറിലെ പ്രതിഭ മറികടന്നു. പിന്നെ ഗോളിയില്ലാ പോസ്റ്റിലേക്ക് നിറയൊഴിച്ചു. അങ്ങനെ നെയ്മർ ബ്രസീലിനെ മുമ്പോട്ട് കൊണ്ടു പോയി.

പെനാൽട്ടിയിലേക്ക് കളിയെത്തിയാൽ ലിവാകോവിച്ചിനെ മറികടക്കുക എളുപ്പമാകില്ലെന്ന് ബ്രസീലിനും അറിയാമായിരുന്നു. അതുകൊണ്ടാണ് നെയ്മറുടെ ആ ഗോളിന് പ്രസക്തി ഏറിയത്. ക്രൊയേഷ്യൻ ആക്രമണങ്ങളെ തകർക്കാനുള്ള പ്രതിരോധം ബ്രസീലിനുണ്ടായിരുന്നു. എന്നാൽ അതിന് വേണ്ടത് മാത്രം ചെയ്തില്ല. ഒരു ഗോൾ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് വീണ്ടും ആക്രമിക്കാൻ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്‌കോവിച്ചിന്റെ സമനില ഗോൾ. ബ്രസീൽ താരങ്ങളുടെ നീക്കത്തിന്റെ മുനയൊടിച്ച് ബ്രസീൽ ബോക്‌സിലേക്ക് മിസ്ലാവ് ഓർസിച്ചിന്റെ കുതിപ്പ്. മുന്നോട്ടുകയറി നിൽക്കുകയായിരുന്ന ബ്രസീൽ താരങ്ങൾ പ്രതിരോധിക്കാനായി ബോക്‌സിലേക്ക് പാഞ്ഞെടുത്തുമ്പോഴേയ്ക്കും ഇടതുവിങ്ങിൽനിന്ന് ഓർസിച്ച് പന്തു നേരെ ബോക്‌സിനുള്ളിൽ പെട്‌കോവിച്ചിന് മറിച്ചു. പെട്‌കോവിച്ചിന്റെ ഇടംകാൽ ഷോട്ട് നേരെ വലയിലേക്ക്. പിന്നെ പെനാൽട്ടി ഷൂട്ടൗട്ടും ബ്രസീലിന്റെ പുറത്താകലും.

മറ്റൊരു ടീമിനും ലഭിക്കാത്ത ,അഞ്ചുതവണ ലോക കിരീട നേട്ടമെന്ന ഖ്യാതിയുള്ള ബ്രസീൽ, നിലവിൽ ഫിഫ ലോക റാങ്കിങിൽ ഒന്നാം സ്ഥാനാക്കാരായിട്ടാണ് ഖത്തറിലെത്തിയത്. ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന്റെ പ്രതീക്ഷ മുഴുവൻ യുവ തലമുറയിലായിരുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ മാറ്റിപ്പണിയാൻ വിദഗ്ധനായ ടിറ്റേയെന്ന കോച്ചും അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളികളുടെ ഗോൾ വല നിറയ്ക്കാൻ കഴിയുന്ന നെയ്മറും തന്നെയായിരുന്നു കരുത്ത്. ആക്രമണ ഫുട്‌ബോളാകും ഇത്തവണ തങ്ങളുടെ മുഖമുദ്രയെന്ന് വ്യക്തമാക്കികൊണ്ടാണ് ടിറ്റേ ടീം പ്രഖ്യാപിച്ചത്. അതു തന്നെയാണ് ക്വാർട്ടറിലും കണ്ടത്. പക്ഷേ പ്രതിരോധത്തെ മറന്നപ്പോൾ വീണ്ടുമൊരു ക്വാർട്ടർ തോൽവി.

2002ലാണ് കാനറികൾ അവസാനമായി ലോകകിരീടം ഉയർത്തിയത്. രണ്ടു പതിറ്റാണ്ടിന് ശേഷം ഏഷ്യൻ മണ്ണ് മറ്റൊരു ലോകപ്പിന് വേദിയാകുമ്പോൾ ചരിത്രം ആവർത്തിക്കുമെന്ന് തന്നെയായിരുന്നു മഞ്ഞപ്പടയുടെ ആരാധകർ പ്രതീക്ഷിച്ചത്. 1958, 1962, 1970, 1994, 2002 പതിപ്പിലായിരുന്നു മുൻ നേട്ടങ്ങൾ. പെലെ, റൊണാൾഡോ, റൊമാരിയോ, റൊണാൾഡീന്യോ, കഫു, ഗരിഞ്ച, റോബേർട്ടോ കാർലോസ്, ദുംഗ തുടങ്ങി രാജ്യത്തിനായി ലോക കിരീടമുയർത്തിയ ഇതിഹാസങ്ങൾക്കൊപ്പം പേര് കൂട്ടിച്ചേർക്കാൻ നെയ്മർക്ക് കഴിയുമെന്ന് ഏവരും പ്രതീക്ഷിച്ചു. പക്ഷേ ക്രൊയേഷ്യൻ പ്രതിരോധം ബ്രസീലിനെ തകർത്തു.