ദോഹ: അവിശ്വസനീയമായത് ലോകത്തിന് മുമ്പിൽ കാട്ടിയവരാണ് ക്രൊയേഷ്യ. തൊണ്ണൂറുകളിൽ എതിരാളിയുടെ യുദ്ധ തന്ത്രങ്ങളെ കൈയിലുള്ളത് വച്ച് പ്രതിരോധിച്ച് തോൽപ്പിച്ച ക്രോയേഷ്യ ഏവരേയും അമ്പരപ്പിക്കുകയാണ്. മനധൈര്യം കൊണ്ട് അവർ വികസനത്തിൽ ലോകത്തിന് മാതൃകയായി. ലോകകപ്പ് ഫുട്‌ബോളിന്റെ ദോഹൻ പതിപ്പിലും ക്രൊയേഷ്യ പോരാളികളാണ്. കാനറിപടയെ അവർ മെരുക്കി. ആക്രമണത്തിന് അപ്പുറം പ്രതിരോധക്കോട്ടയിൽ ബ്രസീലെന്ന വമ്പന്മാരുടെ കിരീട പ്രതീക്ഷകളെയാണ് ക്രൊയേഷ്യ തകർത്തത്. ഓടിക്കള്ളിച്ച ടീം ക്വാർട്ടറിൽ ജയിക്കുകയാണ്.

സെമിയിലേക്ക് നടന്നുകയറിയ ബ്രസീലിനെ ക്രൊയേഷ്യ മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കി നിൽക്കെ ക്രൊയേഷ്യ സമിനില ഗോൾ നേടുകയായിരുന്നു. അധികസമയത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈം വരെ കാത്തിരുന്നു ബ്രസീൽ, ഒടുവിൽ അവരുടെ സൂപ്പർതാരം തന്നെ രക്ഷയ്ക്കെത്തി. ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവിൽ ഗോൾകീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളിൽ നിന്ന് പന്ത് വല തൊട്ടപ്പോൾ ബ്രസീൽ ആരാധകർ ആവേശംകൊണ്ട് തുള്ളിച്ചാടി. പക്ഷേ അത് അധിക നേരം നീണ്ടു നിന്നില്ല. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്‌ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ എത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം.

ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നെയ്മാർ നേടിയ ഗോളിൽ ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്ക്കായി ഗോൾ മടക്കിയത്. ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. തുടർന്ന് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട്. അവിടെ ജയിച്ചത് ക്രൊയേഷ്യയും.

ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ അഴകും കരുത്തുമായി ബ്രസീൽ എത്തിയപ്പോൾ യുറോപ്യൻ ഫുട്ബോളിന്റെ ശൈലിയും വേഗവുമായാണ് ക്രൊയേഷ്യ ഈ ലോകകപ്പിൽ നിറഞ്ഞത്. അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാൻ യൂറോപ്പും ലാറ്റിൻ അമേരിക്കയും നേർക്കുനേർ എത്തിയപ്പോൾ വിരസമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലും ബ്രസീലിനെ അവർ തളച്ചു. നിരന്തര ആക്രമണങ്ങൾ നെയ്മറും കൂട്ടരും നടത്തി. ഗോൾ അടിച്ചുകൂട്ടുന്ന അപകടകാരികളായ മുന്നേറ്റനിരയായിരുന്നു ബ്രസീലിന്റേത്. ഒന്നിനുപിറകെ ഒന്നായി അവസരങ്ങൾ സൃഷിടിച്ച മധ്യനിര. പരീക്ഷിക്കപ്പെടാൻ ഇടം നൽകാത്ത പ്രതിരോധപ്പട. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറും ഫോമിലായിരുന്നു. ബ്രസീലിനെ പോലെ പ്രതിഭാസമ്പന്നമായ സംഘമായിരുന്നില്ല ക്രൊയേഷ്യ. സൂപ്പർ താരം ലൂക്കാമോഡ്രിച്ചിനെ ചുറ്റിപ്പറ്റിയായിരുന്നു പരിശീലകൻ ഡാലിച്ചിന്റെ തന്ത്രങ്ങൾ. ഒപ്പം ഗോൾകീപ്പറിലുള്ള ആത്മവിശ്വാസവും. അതൊന്നും വെറുതെയായില്ല.

എക്‌സ്ട്രാ ടൈമിൽ വല പൊളിച്ചു നെയ്മർ. പക്ഷേ തിരിച്ചടിച്ച് ക്രൊയേഷ്യ തിരിച്ചു വന്നു. അതിന് ശേഷം പെനാൽട്ടിയിൽ ക്രൊയേഷ്യ മുമ്പോട്ട് കുതിച്ചു. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ കണക്കുകളിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. ഇതിന് മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ക്രൊയേഷ്യക്ക് വിജയം സാധ്യമായിട്ടില്ല. നാല് കളിയിൽ മൂന്നും ബ്രസീൽ ജയിച്ചു. ഒന്ന് സമനിലയായി. ലോകകപ്പിൽ രണ്ടുതവണ മുഖാമുഖം ഉണ്ടായിരുന്നു. 2006ൽ ഒരു ഗോളിനും 2014ൽ 3-1നും ബ്രസീൽ ജയിച്ചു. ഈ ചരിത്രമാണ് ദോഹയിൽ വഴിമാറിയതും. കോച്ച് ഡാലിച്ച് ലോകത്തെ ഏറ്റവും മികച്ച സെൻട്രൽ ഡിഫൻഡർ എന്ന് വിശേഷിപ്പിക്കുന്ന ജോസ്‌കോ ഗ്വാർഡിയോളിന്റെ നേതൃത്വത്തിൽ മികച്ച കളിയാണ് ഇതുവരെ ക്രൊയേഷ്യ കാഴ്ചവെച്ചത്. അറ്റാക്കിങ് ടീമായ ബ്രസീലിനെതിരേയും ഈ പ്രതിരോധം നിർണ്ണായകമായി.

ജനസംഖ്യ നോക്കിയാൽ ഐസ് ലൻഡും പനാമയും യുറഗ്വേയും കഴിഞ്ഞാൽ ഈ ലോകകപ്പിലെ ചെറുരാജ്യമാണ് ക്രൊയേഷ്യ. പക്ഷേ 1500 അംഗീകൃത ക്ലബുകളിലായി 13,000 ഫുട്‌ബോൾ താരങ്ങളുണ്ടിവിടെ. മറ്റ് രാജ്യങ്ങളുടെ ക്ലബുകളിലും ആയിരക്കണക്കിന് ക്രൊയേഷ്യൻ താരങ്ങൾ കളിക്കുന്നുണ്ട്. റൊമേനിയൻ ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമായിരുന്നു ക്രൊയേഷ്യയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കോട്ടയും കൊട്ടാരവുമൊക്കെ പണിതുയർത്തിയത് അവരാണ്. ജർമനിയിൽ നിന്നുള്ള ഫ്രാങ്കൻ രാജവംശത്തിന്റെയും ഡാന്യൂബ് ചക്രവർത്തിമാരുടെയുമൊക്കെ കൈകളിൽ ഒട്ടും ഭദ്രമല്ലാതിരുന്ന ഭൂതകാലം.

ഒന്നാംലോക മഹായുദ്ധത്തിനുശേഷം ക്രൊയേഷ്യ യുഗോസ്ലാവിയിൻ റിപ്പബ്ലിക്കിന്റെ ഭാഗമായി. സംഘർഷഭരിതമായ പതിറ്റാണ്ടുകൾക്കൊടുവിൽ 1991ൽ സ്വാതന്ത്യത്തിലേക്ക്. തൊട്ടുപിന്നാലെ സെർബിയയുമായി പോരാട്ടം. ബാൽക്കൻ യുദ്ധഭീതി നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച് ലൂക്കോ മാഡ്രിച്ച് പറയും. മൈനുകളിൽ ചവിട്ടാതിരിക്കാൻ സൂക്ഷിച്ചു ചുവടുവയ്‌ക്കേണ്ടിയിരുന്ന ബാല്യത്തെക്കുറിച്ചും. നിലതെറ്റി നിന്ന ആ കാലത്തിൽ നിന്ന് ക്രൊയേഷ്യ ഒരു കുതിച്ചുചാട്ടമായിരുന്നു. രാജ്യത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഫുട്‌ബോളും വളർന്നു. സ്വതന്ത്രമായി ഏഴുവർഷത്തിനുശേഷം 1998 ൽ ലോകകപ്പ് സെമിഫൈനലിലെത്തി. 2018ൽ ഫൈനലിലും.

സ്ലോവേനിയ, ഹംഗറി, ബോസ്‌നിയ, സെർബിയ തുടങ്ങിയ എണ്ണമറ്റ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ക്രൊയേഷ്യയിലേക്ക് എത്തിപ്പെടുക പ്രയാസമല്ല. ആരെയും മോഹിപ്പിക്കുന്ന ആ മനോഹാരിത. സ്വാതന്ത്യത്തിന്റെയും സമാധാനത്തിന്റെയും വിലയെന്തെന്ന് നന്നായി മനസിലാക്കിയ ജനതമാണ് അവിടുത്തേത്. സർവമേഖലകളിലും നേടിയ പുരോഗതിയിൽ ആ രാജ്യം ഇന്ന് നിവർന്നു നിൽക്കുന്നു. അവർക്ക് കരുത്ത് പകരുന്നതാണ് ക്രൊയേഷ്യൻ ഫുട്‌ബോളിന്റെ 2022ലെ സെമി ബെർത്തും.

ഇവിടെ നിന്ന് അവർ പുറത്തായാലും ലോക ഫുട്‌ബോളിലെ അതികായകരെയാണ് അവർ തകർത്തത്. സെർബിയയ്‌ക്കെതിരെ യുദ്ധത്തിൽ തീർത്ത പ്രതിരോധം തന്നെയാണ് ദോഹയിൽ കാൽപ്പന്തുകളിയിലെ കറുത്ത കുതിരകളാകാനും ക്രൊയേഷ്യ പുറത്തെടുത്ത തന്ത്രം. അവസാന ശ്വാസം വരെ പ്രതിരോധം. കിട്ടുന്ന അവസരത്തിൽ ആക്രമണവും.