- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിന് കളിക്കാരനെ അയച്ചില്ല; ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ഫിഫ; ജർമൻ ടീമിന് എട്ടര ലക്ഷം പിഴയിട്ടു
ദോഹ: ജർമൻ ടീമിന് 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) പിഴയിട്ട് ഫിഫ. സ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിന് കളിക്കാരനെ അയക്കാതിരുന്നതാണ് ഫിഫയുടെ അനിഷ്ടത്തിന് ഇടയാക്കിയത്. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ നടപടി സ്വീകരിച്ചത്.
പരിശീലകനൊപ്പം ഒരു കളിക്കാരനും വാർത്ത സമ്മേളനത്തിൽ എത്തണമെന്നാണ് ചട്ടം. എന്നാൽ, പരിശീലകൻ ഹാൻസി ഫ്ളിക്ക് തനിച്ചാണ് എത്തിയത്. സ്പെയിനിനെതിരായ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് കളിക്കാരനെ കൊണ്ടുവരാത്തതെന്നായിരുന്നു വിശദീകരണം.
നേരത്തെ ജപ്പാനെതിരായ മത്സരത്തിനിറങ്ങും മുമ്പുള്ള ഫോട്ടോ സെഷനിൽ വായ് മൂടി ജർമൻ താരങ്ങൾ പ്രതിഷേധിച്ചിരുന്നു. എൽ.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് 'വൺ ലവ്' എന്ന് രേഖപ്പെടുത്തിയ ആംബാൻഡ് ധരിച്ച് ലോകകപ്പിൽ കളിക്കാനിറങ്ങുന്നത് വിലക്കിയ ഫിഫ നടപടിയിലുള്ള പ്രതിഷേധമായിരുന്നു ഇത്. മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ജർമൻ മന്ത്രി നാൻസി ഫേയ്സർ മഴവിൽ ആംബാൻഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്.
അതേസമയം, ഗ്രൂപ്പ് ഇയിലെ കോസ്റ്റാറിക്കക്കെതിരായ അവസാന റൗണ്ട് പോരാട്ടത്തിന് ഒരുങ്ങുകയാണ് ജർമനി. നാല് പോയന്റുമായി സ്പെയിനാണ് ഗ്രൂപ്പിൽ മുന്നിൽ. ജപ്പാനും കോസ്റ്റാറിക്കക്കും മൂന്ന് പോയന്റ് വീതമാണുള്ളത്. ഒരു പോയന്റുമായി ജർമനി അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ജപ്പാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ജർമനിക്ക് നോക്കൗണ്ട് ഉറപ്പിക്കാൻ കോസ്റ്റാറിക്കക്കെതിരെ ജയം മാത്രം പോര, ജപ്പാൻ അടുത്ത മത്സരത്തിൽ സ്പെയിനിനോട് തോൽക്കുകയും വേണം.
സ്പോർട്സ് ഡെസ്ക്