ദോഹ: ഫുട്‌ബോൾ ലോകത്തിന് പുതുമകൾ സമ്മാനിക്കുന്ന മഹോത്സവങ്ങളാണ് ഓരോ ലോകകപ്പും. മാറുന്ന ലോകത്തിന് ഒപ്പം മാറ്റങ്ങൾ ഉൾക്കൊണ്ടാണ് കാൽപന്തുകളിയുടെ മുന്നേറ്റം. റഷ്യൻ ലോകകപ്പിൽ വാർത്തകളിൽ ഇടംപിടിച്ചത് 'വാർ' ആയിരുന്നെങ്കിൽ ഖത്തർ ആരാധകർക്കായി കാത്തുവച്ചിരിക്കുന്നത് ബോണിക്കിൾ മുതൽ ഓഫ് സൈഡ് ടെക്‌നോളജി വരെ സാങ്കേതിക മികവുകളാണ്.

കഴിഞ്ഞ ലോകകപ്പിൽ വീഡിയോ അസിസ്റ്റഡ് റഫറിയിങ് കാര്യങ്ങൾ മെച്ചപ്പെടുത്തി എന്നാണ് ഫിഫയുടെ വിലയിരുത്തൽ. ഇക്കുറി മത്സരത്തെ കൂടുതൽ നന്നാക്കാൻ ഒരു സംഗതിയാണ് ഫിഫ അവതരിപ്പിക്കുന്നത്. SAOT അഥവാ സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്‌നോളജി/ ട്രാക്കിങ് സിസ്റ്റം ആണ് അത്. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ഓഫ്‌സൈഡ് എന്ന തലവേദന പരിഹരിക്കാനുള്ള ലഭ്യമായതിൽവച്ച് ഏറ്റവും മികച്ച മാർഗമായാണ് SAOT എന്ന് ഫിഫ അവകാശപ്പെടുന്നു.

ഓഫ്‌സൈഡിനെ ചൊല്ലിയുള്ള തർക്കം, പരാതി, നിരാശ ഇതൊന്നും ഇനിയുണ്ടാവില്ലന്നാണ് ഫിഫ പറയുന്നത്. SAOT ക്ക് വേണ്ടി മൈതാനത്തിന് ഇരുവശത്തുമായി 12 ക്യാമറയാണ് വെക്കുന്നത്. അവ ട്രാക്ക് ചെയ്യുക കളിക്കാരന്റെ ശരീരത്തിലെ 29 പോയിന്റ്. വിശകലം ആദ്യം അറിയിക്കുക 'വാർ'ൽ. അവിടെ നിന്ന് മൈതാനത്തെ സാക്ഷാൽ റഫറികളിലേക്ക്. തീരുമാനത്തിന് വേണ്ടത് പരമാവധി 25 സെക്കന്റ്. അറബ് കപ്പിലും ക്ലബ് ലോകകപ്പിലും പരീക്ഷണം കഴിഞ്ഞിട്ടാണ് SAOT ഖത്തറിലെ ലോകകപ്പ് വേദിയിൽ എത്തുന്നത്.


2018-ൽ വാർ പരീക്ഷിച്ചതിന് ശേഷം ഫുട്ബോളിൽ ഫിഫ നടത്തുന്ന ഏറ്റവും വലിയ സാങ്കേതിക വിദ്യ പരീക്ഷണമാണ് സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്‌നോളജി. വാർ സാങ്കേതിക വിദ്യയും ഓഫ് സൈഡ് കണ്ടെത്തുന്നതിനായിട്ടായിരുന്നു. എന്നാൽ ഇത് കളിയുടെ ഒഴുക്കിനെ ബാധിക്കുന്നതും സമയം നഷ്ടപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ഫിഫയുടെ പുതിയ പരീക്ഷണം.

പുതിയ സാങ്കേതിക വിദ്യ അനുസരിച്ച് കളിക്കാരുടെ ചലനങ്ങൾ ക്യാമറകളിലൂടെ ട്രാക്ക് ചെയ്യും. ഒപ്പം പന്തിൽ സെൻസറും ഘടിപ്പിക്കും. ഇതിലൂടെ വാറിനേക്കാൾ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. 2019-ലെ അറേബ്യൻ കപ്പിൽ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചിരുന്നു.

വാർ അനുസരിച്ച് ഓഫ് സൈഡിൽ തീരുമാനം എടുക്കാൻ 70 സെക്കന്റ് എങ്കിലും വേണമായിരുന്നു. പുതിയ സാങ്കേതിക വിദ്യയിൽ 25 സെക്കന്റിനുള്ളിൽ തീരുമാനമെടുക്കാനാകും.ലോകകപ്പിൽ അവതരിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യ ഫിഫ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ 12 ക്യാമറകൾ സ്ഥാപിക്കും. ഈ ക്യാമറകൾ കളിക്കാരുടെ ശരീരത്തിലെ 29 ഡാറ്റാ പോയിന്റുകൾ സെക്കന്റിൽ 50 തവണ ട്രാക്ക് ചെയ്യും.

കളിക്കാരൻ പന്ത് തട്ടിയ സമയം കൃത്യമായി അറിയാനാണ് ബോളിനകത്ത് സെൻസർ ഘടിപ്പിച്ചിരിക്കുന്നത്. സെൻസറിൽ നിന്ന് സെക്കന്റിൽ 500 തവണ ഡാറ്റകൾ വീഡിയോ റൂമിലേക്ക് അയക്കും. ഇതിലൂടെ പന്ത് തട്ടിയ സമയം കൃത്യമായി അറിയാനാകും. ഓഫ് സൈഡ് തീരുമാനങ്ങൾ വിവാദമാകുന്ന സാഹചര്യത്തിലാണ് ഫിഫ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുന്നത്. റഫറിയുടെ ഗോൾ പരിശോധനയും ഓഫ് സൈഡ് പരിശോധനയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

ഇതിന് പുറമെ കാഴ്ചാ പരിമിതി ഉള്ളവർക്ക് തുണയായി ബോണിക്കിൾ എത്തുന്നുണ്ട് ഖത്തറിൽ. കളിയുടെ വിവരങ്ങൾ ആവേശം ചോരാതെ കൃത്യമായി ബ്രെയിൽ ലിപിയിലേക്ക് രൂപമാറ്റം ചെയ്‌തെത്തുന്ന സംവിധാനമാണ് അത്.

കാലാവസ്ഥാപ്രകാരം ഖത്തറിലേത് ശീതകാല ലോകകപ്പ് ആണ്. പക്ഷേ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെ തണുപ്പും ചൂടായി തോന്നാം. പക്ഷേ യൂ ഡോണ്ട് വറി, വി ആർ റെഡി എന്നാണ് ഖത്തർ പറയുന്നത്. ഒരെണ്ണം ഒഴികെ മറ്റെല്ലാ സ്റ്റേഡിയങ്ങളിലും അഡ്വാൻസ്ഡ് കൂളിങ് ടെക് തയ്യാറായിക്കഴിഞ്ഞു.

തീരത്തോട് ചേർന്നുള്ള 974 സ്റ്റേഡിയത്തിൽ മാത്രമാണ് സ്‌പെഷ്യൽ ശീതീകരണസംവിധാനം ഇല്ലാത്തത്. കാരണം നിർമ്മാണരീതി കൊണ്ട് തന്നെ 974 വെരി വെരി കൂൾ ആണ്. പഴയ ഷിപ്പിങ് കണ്ടെയ്‌നറുകൾ പുനരുപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. ഉപയോഗം കഴിഞ്ഞാൽ പൊളിച്ചു മാറ്റാം, പുനരുപയോഗിക്കാം. മത്സരങ്ങൾ കഴിഞ്ഞാൽ ആ പ്രദേശം റെസ്റ്റോറന്റുകളും പാർക്കുകളും ഒക്കെ ആയി മാറ്റാനാണ് ആലോചന. ഇവിടെ നടക്കുന്നത് ഏഴ് മത്സരങ്ങളാണ്. നാൽപതിനായിരം കാണികൾക്ക് ഇരിക്കാം.

ഇതാദ്യമായാണ് പുനരുപയോഗിക്കാവുന്ന, എടുത്തുമാറ്റാവുന്ന ഒരു സ്റ്റേഡിയം ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറവ് മതി, കാർബർ വികിരണം കുറവാണ് ഇത്യാദി പ്രത്യേകതകൾ വേറെയും. 974 കണ്ടെയ്‌നറുകൾ ഉപയോഗിച്ച് നിർമ്മിച്ചതു കൊണ്ടാണ് സ്റ്റേഡിയത്തിന് ആ പേര്. മാത്രമല്ല ഖത്തറിന്റെ അന്താരാഷ്ട്ര ടെലിഫോൺ കോഡും അതാണ്.

ചരിത്രത്തിൽ ആദ്യമായി പുരുഷന്മാരുടെ ലോകകപ്പിൽ റഫറിയിങ്ങിന് സ്ത്രീകളും എത്തുന്നുണ്ട്. മൂന്ന് പ്രധാന റഫറിമാർ ആയി എത്തുന്നത് സ്റ്റെഫാനി ഫ്രപ്പാർട്ട് (ഫ്രാൻസ്), സലിമ മുകൻസംഗ (റുവാണ്ട), യോഷിമി യമഷിത (ജപ്പാൻ). പിന്നെ മൂന്ന് അസിസ്റ്റന്റുമാരും. വിസ്മയങ്ങൾ ഒളിപ്പിച്ച് ഖത്തർ ഒരുങ്ങിക്കഴിഞ്ഞു, വിസ്മയത്തോടെ വരവേൽക്കാൻ തയ്യാറായിക്കൊള്ളു ആരാധകരെ.