ദോഹ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമർത്തുകയാണ് ഇറാൻ ഭരണകൂടം. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ പ്രതിഷേധം അലയിക്കുന്നുണ്ട്. ഇതിനിടെ ദോഹയിലെ ലോകകപ്പ് വേദിയിൽ ഭരണകൂടത്തെ മൗനം കൊണ്ട് ഞെട്ടിച്ചിരിക്കയാണ് ഇറാൻ ഫുട്‌ബോളർമാർ.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇറാൻ താരങ്ങൾ ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ദേശീയ ഗാനം ആലപിച്ചില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെ മൗനമായി നിന്നത്. തങ്ങൾ കൂട്ടായി എടുത്ത തീരുമാനമാണിതെന്ന് ഇറാൻ ടീം ക്യാപ്റ്റൻ അലിറീസാ ജഹാൻ ബാഖ്ഷ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് ഇറാൻ ടീം ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നത്. ഖത്തറിലെ മത്സരവേദിയിലും ഭരണകൂട ഭീകരതയ്‌ക്കെതിരായ സന്ദേശം ഉയരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ചിരിക്കയാണ് ഇറാൻ ഫുട്‌ബോൾ ടീം താരങ്ങൾ.

നേരത്തെ ഭരണകൂടത്തിന്റെ അടച്ചമർത്തലുകൾക്കെതിരെ ഇറാനിയൻ മെസി എന്ന് വിളിക്കുന്ന സർദാർ അസ്മൂൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സമ്മർദ്ദങ്ങളെ തുടർന്ന് അസ്മൂൺ തന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കൂടാതെ അസ്മൂണിന് ഇറാനിയൻ ടീമിൽ ഉൾപ്പെടുത്തരുതെന്ന് കോച്ച് കാർലോസ് ക്വിറോസിന് ഭരണകൂടം സമ്മർദ്ദം നൽകിയിരുന്നു. അത് വകവയ്ക്കാതെ പോർച്ചുഗീസ് കോച്ച് അസ്മൂണിനെ തന്റെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും ചെയ്തു.

രണ്ട് മാസത്തിലധികമായി തുടരുന്ന അരക്ഷിതാവസ്ഥയ്ക്കിടെയാണ് രാജ്യത്തെ ഫുട്‌ബോൾ താരങ്ങൾ ലോകവേദിയിൽ ഏറ്റുമുട്ടത്. ഫുട്‌ബോൾ ഹരമായ 8 കോടി വരുന്ന ജനതയ്ക്ക് ഇപ്പോൾ കളിയാവേശത്തിനപ്പുറമാണ് പ്രതിഷേധ സന്ദേശം. കഴിഞ്ഞ ചില മത്സരങ്ങളിൽ ഗോൾ ആഘോഷമാക്കാതെയും ജെഴ്സി മറച്ചും ദേശീയഗാനം ഏറ്റുപാടാതെയുമൊക്കെ താരങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഫുട്‌ബോൾ മത്സരവേദികളിൽ സ്ഥിരം സാന്നിധ്യമാകാറുള്ള ഇറാൻ വനിതകളുടെ ഇത്തവണത്തെ പ്രാതിനിധ്യം എങ്ങനെയാകും? സ്ത്രീ ജീവിതം, സ്വാതന്ത്ര്യം തുടങ്ങിയ വിഷങ്ങളിൽ ഇറാന്റെ ശബ്ദം ഖത്തറിൽ ഉയർന്നുകേൾക്കുമോ? തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി ഇറാനിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് അണിനിരയ്ക്കുന്നത്. 22-കാരിയായ മഹ്‌സ അമിനിയെ ഇസ്ലാം നിയമം പാലിച്ചില്ലയെന്ന് പേരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇറാൻ ഭരണകൂടം കായികപരമായിട്ടാണ് ഈ പ്രതിഷേധങ്ങളെ എതിർക്കുന്നത്. പ്രതിഷേധക്കാരായ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 14നാണ് ഇസ്ലാം നിയമപരമായി രീതിയിൽ വസ്ത്രം ധരിച്ചില്ല എന്ന പേരിൽ അമിനി എന്ന 22കാരിയെ ടെഹ്‌റാനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസത്തെ കൊടീയ പീഡനത്തിനൊടുവിൽ 22കാരി പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ടു. ഇറാന്റെ ഫുട്‌ബോൾ താരങ്ങൾക്ക് പുറമെ ചില മറ്റ് കായികതാരങ്ങളും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് സമാനമായ രീതിയിൽ ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധത്തിൽ പങ്ക് ചേർന്നിരുന്നു.