ദോഹ: മെസ്സിക്കായി ഒരു ലോകകപ്പ്... അർജന്റീനിയൻ താരങ്ങളും ആരാധകരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും അതാണ്. ഇത്തവണ ഖത്തറിൽ ലോകകരീടത്തിൽ കുറച്ചൊന്നും അർജന്റീന സ്വപ്നം കാണുന്നുമില്ല. കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് ലയണൽ മെസ്സി മുമ്പ് തന്നെ സൂചന നൽകിയിരുന്നു. എന്നാൽ ഇനിയും കളിക്കണമെന്നാണ് അർജന്റീനയുടെ കോച്ച് ലയണൽ സ്‌കളോണി പറയുന്നത്. മെസിക്ക് 35 വയസ്സേ ആയുള്ളൂ. അതുകൊണ്ട് തന്നെ ഇനിയും കളിക്കാം. അതിനുള്ള കാമ്പ് ആ കാലുകളിലുണ്ട്. അത് തെളിയിക്കുന്നതാണ് ദോഹയിലെ ക്രൊയേഷ്യയ്‌ക്കെതിരായ സെമിയും. സെമിയിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിലും അവസരങ്ങൾ ഉണ്ടാക്കി മറ്റുള്ളവർക്ക് നൽകുന്നതിലും മെസി മികച്ചു നിന്നു. അതാണ് മിശിഹയെന്ന വിളിപ്പേര് മെസിക്ക് നൽകുന്നതും.

കടുത്ത മാർക്കിംഗിന് മെസിയെ ക്രൊയേഷ്യ വിധേയമാക്കിയിരുന്നു. എന്നിട്ടും മാജിക്കിന് കുറവില്ലായിരുന്നു. ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യക്കെതിരേ കളിക്കാനിറങ്ങി മെസ്സിയെ അപൂർവനേട്ടങ്ങളും സ്വന്തമാക്കി എന്നതാണ് വസ്തുത. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന ജർമനിയുടെ ലോതർ മത്തേയൂസിന്റെ റെക്കോഡിനൊപ്പമെത്തി. ഇരുവർക്കും 25 മത്സരങ്ങളാണ് പേരിലുള്ളത്. ഇരുതാരങ്ങളും അഞ്ചു ലോകകപ്പുകളിലാണ് കളിച്ചത്. പെനാൽട്ടിയിൽ നിന്ന് ആദ്യ ഗോൾ നേടിയതോടെ ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ സ്‌കോർ ചെയ്ത താരമായി മെസ്സി. 11 ലോകകപ്പ് ഗോളാണ് മെസി നേടിയത്. 10 ഗോളെന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനെ തകർത്തു. ബാറ്റി 12 കളിയിൽനിന്നാണ് ഇത്രയും ഗോൾ നേടിയത്. മെസ്സി 25 കളിയിൽനിന്നും. ഈ ലോകകപ്പിലെ സുവർണ്ണ പാദുക മത്സരത്തിലും മെസിയുണ്ട്.

മുപ്പതാം മിനിട്ടിന്റെ തുടക്കത്തിൽ ഗോളെന്നുറപ്പിച്ച അൽവാരസിന്റെ മുന്നേറ്റം ബോക്സിനുള്ളിൽ വെച്ച് ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതോടെ റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു. പെനാൽട്ടി കിക്കെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു. ലോകകപ്പിലെ മെസിയുടെ അഞ്ചാം ഗോളാണിത്, പെനാൽട്ടിയിൽ നേടുന്ന മൂന്നാം ഗോളും. ഇതോടെ ഈ ലോകകപ്പിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഫ്രഞ്ച് താരം എംബാപ്പെക്കൊപ്പമെത്തി മെസി. ക്വാർട്ടർ വരെയുള്ള മത്സരങ്ങൾ കഴിയുമ്പോൾ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്. പൂർണമായും അൽവാരസിന് മാത്രം അവകാശപ്പെടാവുന്നതായിരുന്നു സെമിയിൽ അർജന്റീനയുടെ രണ്ടാം ഗോൾ. ബോക്സിന് പുറത്തുനിന്ന് തനിക്ക് ലഭിച്ച പന്ത് രണ്ട് ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോളി ലിവാകോവിച്ചിനെയും മറികടന്ന് അൽവാരസ് ബോക്സിലെത്തിക്കുകയായിരുന്നു. സ്വന്തം ഹാഫിൽ വച്ച് അൽവാരസിന് പാസ് കൊടുത്ത് മിശിഹയായ മെസിയും.

മൂന്നാമത്തെ ഗോൾ അടിച്ചത് അൽവാരസ് ആണെങ്കിലും അവകാശി മെസിയാണ്. ഡിഫന്റർമാർക്ക് പിടി കൊടുക്കാതെ മുന്നേറി മെസി പന്ത് അൽവാരസിന് മറിച്ചു. പതിയെ തട്ടിയിട്ട് ഗോൾ നേടി. അങ്ങനെ ലയണൽ മെസി- ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് താനെന്ന് തെളിയിക്കുകയാണ്. എക്കാലത്തെയും മികച്ച കാൽപ്പന്തുകളിക്കാരനാണോ മെസി എന്നത് സംബന്ധിച്ച ചർച്ചകൾ ഈ ലോകകപ്പ് വേളയിലും സജീവമായി തുടരുകയാണ്. ഇനി ഒരു മത്സരം കൂടി കഴിഞ്ഞാൽ അതിന് അവസാനമാകും. കോപ്പ അമേരിക്ക അർജന്റീനയ്ക്ക് സമ്മാനിച്ച ക്യാപ്ടൻ ലോകകപ്പിലും കിരീടം ഉയർത്താനുള്ള പടപ്പുറപ്പാടിലാണ്. ഗോളടിച്ചും ഗോളവസരമുണ്ടാക്കിയും മെസ്സി മുന്നേറുന്നു. അതുല്യ പ്രതിഭയെയാണ് ദോഹയിൽ മെസിയിൽ നിറഞ്ഞു നിൽക്കുന്നതും.

വെറും 25 വയസിനിടെ ലയണൽ മെസി കൈവരിച്ച 6 അതുല്യ നേട്ടങ്ങൾ ആരേയും അമ്പരപ്പിക്കുന്നതാണ് . എന്നാൽ അതിൽ ഒരു ലോകകിരീടമില്ലെന്നത് മെസിയുടെ നേട്ടങ്ങൾക്ക് തിളക്കം കുറയ്ക്കുന്നുണ്ട്. ആ തിളക്കം ഇത്തവണ കിട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഒരു സീസണിലെ ഏറ്റവും മികച്ച കളിക്കാരന് സമ്മാനിക്കുന്ന ബാലൺ ഡി ഓർ പുരസ്‌ക്കാരം 25 വയസിനിടെ നാല് തവണയാണ് മെസി സ്വന്തമാക്കിയത്. 2 സുവർണപാദുകം- 25 വയസിനിടെ മെസി കൈവരിച്ച മറ്റൊരു അതുല്യ നേട്ടമാണിത്. സ്പാനിഷ് ലാലിഗയിൽ കളിക്കുമ്പോഴാണ് രണ്ടു സീസണുകളിൽ ഏറ്റവുമധികം ഗോളടിച്ചതിനുള്ള സുവർണപാദുകം മെസി സ്വന്തമാക്കിയത്. ഇതെല്ലാം കൗമാരക്കാരനായ മെസിയുടെ നേട്ടമായിരുന്നു.

സ്പാനിഷ് ലാലിഗയിൽ കറ്റാലൻ ക്ലബായ ബാഴ്‌സലോണയുടെ സുവർണകാലഘട്ടമാണ് മെസി കളിച്ചിരുന്ന സമയം. മെസിയുടെ ചിറകിലേറി ബാഴ്‌സലോണ നടത്തിയത് സ്വപ്നസമാനമായ കുതിപ്പായിരുന്നു. വെറും 25 വയസിനിടെ മൂന്ന് ചാംപ്യൻസ് ലീഗ് കിരീടങ്ങളാണ് മെസി ബാഴ്‌സയ്ക്ക് സമ്മാനിച്ചത്. 4 തവണ ചാമ്പ്യൻസ് ലീഗ് ടോപ്‌സ്‌കോററായി. സ്പാനിഷ് ലീഗിൽ മാത്രമല്ല, യൂറോപ്പിലെ വമ്പന്മാർ അണിനിരക്കുന്ന യുവേഫ ചാംപ്യൻസ് ലീഗിലും മെസി ഗോളുകളടിച്ച് കൂട്ടി. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവുമധികം ഗോളുകൾ എന്ന നേട്ടവും മെസി സ്വന്തമാക്കിയത് ബാഴ്‌സയ്‌ക്കൊപ്പമായിരുന്നു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന നേട്ടവും മെസി സ്വന്തം പേരിൽ കുറിച്ചു. ഗോളടിക്കുക മാത്രമല്ല, ഗോളടിക്കാൻ അവസരമൊരുക്കുന്നതിലും മിടുക്കനായിരുന്നു മെസി. പക്ഷേ അർജന്റീനയ്ക്ക് വേണ്ടി കൗമാര പ്രായത്തിൽ മിന്നും പ്രകടനങ്ങളുണ്ടായില്ല. അതിന് പ്രായശ്ചിത്തമാണ് മുപ്പത്തിയഞ്ചാം വയസ്സിൽ ദോഹയിലെ പോരാട്ടം. ഈ ഫോമിൽ മെസി കളിച്ചാൽ താരത്തെ ചവിട്ടി ഇട്ടാൽ പോലും ഗോളടിക്കും. അതാണ് മെസിയുടെ നിലവിലെ ഫോം.

ലോകകപ്പിൽ ചുംബിക്കാതെ ആ കുറിയ മനുഷ്യൻ മടങ്ങിയാൽ കാലം അയാളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാകുമത്. നമുക്ക് കാത്തിരിക്കാം മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറക്കുന്ന ഓരോ വിജയഗോളുകൾക്കുമായി... കാത്തിരിക്കാം അർജന്റീന മൂന്നാം കിരീടത്തിൽ മുത്തമിടുന്നതിനായി... വാമോസ് അർജന്റീന..-ഖത്തറിൽ കാൽപ്പന്തുകളിയുടെ ലോക മാമാങ്കത്തിന് തുടക്കമാകും മുമ്പ് കളിയെഴുത്തിലെ അർജന്റീനിയൻ പക്ഷക്കാർ ആഗ്രഹിച്ചത് ഇതാണ്. ക്വാർട്ടർ പോര് കടന്നാൽ അർജന്റീനയുടെ കരുത്ത് വെളിവാകുമെന്നും വിലയിരുത്തി. അതാണ് ദോഹയിൽ മെസ്സിപ്പട സാധ്യാക്കുന്നത്.

കഴിഞ്ഞ നാല് തവണയും കണ്ണീരോടെ മൈതാനം വിട്ട മെസ്സിക്ക് ഇത്തവണ കിരീടം നേടിയേ മതിയാകൂ. മെസ്സിയുടെ കിരീടസ്വപ്നം യാഥാർത്ഥ്യമാക്കാൻ ആ കുറിയ മനുഷ്യനോടൊപ്പം പത്ത് പോരാളികളാണ് അർജന്റീനയ്ക്കായി ബൂട്ടുകെട്ടുന്നത്. ആ പത്തുപേരുടെയും ലക്ഷ്യം ഒന്നുമാത്രം. മെസ്സിക്ക് വേണ്ടി കിരീടം നേടണം. അതിലേക്ക് അടുക്കുകയാണ് അർജന്റീന. ഇനി മുന്നിൽ ഒറ്റ മത്സരം മാത്രം. ക്രൊയേഷ്യയ്‌ക്കെതിരായ ഗോളിലൂടെ ലോക ഫുട്‌ബോളിൽ താരത്തിന്റെ ഗോൾനേട്ടം 791 ആയി. ലോകകപ്പിൽ താരത്തിന്റെ പത്താം ഗോളാണിത്. ബാഴ്സയിൽ 672 ഗോളും പിഎസ്ജിയിൽ 23 ഗോളുകളും നേടിയപ്പോൾ ദേശിയ ടീമിനൊപ്പം നിന്ന് 96 വട്ടമാണ് മെസി വല കുലുക്കിയത്.

അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനെത്തിയത്. കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അർജന്റീന 1930 ലും 1990 ലും 2014 ലും ഫൈനലിലെത്തിയിട്ടുണ്ട്. തന്ത്രശാലിയായ പരിശീലകൻ ലയണൽ സ്‌കലോണിയുടെ കീഴിൽ തുടർച്ചായി 35 മത്സരങ്ങൾ തോൽക്കാതെയാണ് അർജന്റീന ഖത്തറിൽ എത്തിയത്. ആദ്യ കളിയിൽ സൗദിയോട് തോറ്റു. അന്ന് ആരാധകർ നിരാശരായി. പക്ഷേ ടീം തളർന്നില്ല. മെസിയും കൂട്ടരും ഉയർത്തെഴുന്നേറ്റു. ഈ ലോകകപ്പിനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ കോച്ചാണ് അർജന്റീനയുടെ ലയണൽ സ്‌കലോനി (44 വയസ്സ്). മെസിയും കോച്ചും ചേർന്ന് അർജന്റീനയെ ടീമാക്കി മാറ്റി.

രണ്ടുതവണയാണ് അർജന്റീന ലോകകപ്പ് കിരീടമുയർത്തിയത്. ആദ്യമായി ആ സുവർണകിരീടം അർജന്റീനയിലേക്കെത്തുന്നത് 1978-ലാണ്. അന്ന് ഡാനിയേൽ പസാറെല്ല നയിച്ച അർജന്റീന ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് കിരീടത്തിൽ മുത്തമിട്ടു. മരിയോ കെംപെസ് എന്ന ഗോളടിയന്ത്രത്തിന്റെ മികവിലാണ് അർജന്റീന അന്ന് കിരീടം നേടിയത്. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് തന്നെ നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും അർജന്റീന വിശ്വജേതാക്കളായി. 1990 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും മാറഡോണയും സംഘവും പരാജയപ്പെട്ട് കണ്ണീരോടെ മടങ്ങി. 1930 ലോകകപ്പിലും അർജന്റീന ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

മാറഡോണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ലോകം ലയണൽ മെസ്സിയെ വാഴ്‌ത്തി. ഫുട്ബോളിലെ മിക്ക റെക്കോഡുകളും മെസ്സിക്ക് വഴങ്ങിയപ്പോൾ അദ്ദേഹം നേടാത്ത ക്ലബ്ബ് കിരീടങ്ങളില്ല. എന്നാൽ അർജന്റീനയുടെ കുപ്പായത്തിൽ ലോകകപ്പ് സ്വന്തമാക്കാൻ മെസ്സിക്ക് ഇനിയും സാധിച്ചിട്ടില്ല. അർജന്റീനയ്ക്ക് വേണ്ടി ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന വിമർശകരുടെ സ്ഥിരം വായ്‌പ്പാട്ടിന് കഴിഞ്ഞ കോപ്പ അമേരിക്കയിലൂടെ മെസ്സി മറുപടി നൽകി. ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ കീഴടക്കി മെസ്സി അർജന്റീനയുടെ ജഴ്സിയിൽ ആദ്യമായി കിരീടം ഉയർത്തി. പിന്നാലെ വന്ന ഫൈനലിസീമ കിരീടം നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു.

യൂറോപ്യൻ ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്ന ചാമ്പ്യന്മാരുടെ പോരാണ് ഫൈനലിസീമ. ചുരുക്കത്തിൽ ഒരു മിനി ലോകകപ്പ് ഫൈനൽ തന്നെ. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയായിരുന്നു അർജന്റീനയുടെ എതിരാളി. വമ്പുകുലുക്കി വന്ന അസൂറിപ്പടയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന കപ്പുയർത്തിയപ്പോൾ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയായിരുന്നു. സ്‌കലോണിയുടെ കോച്ചിങ് തന്ത്രങ്ങൾ ഫലം കണ്ടു. ടീമിനെ അടിമുടി ഉടച്ചുവാർത്തു. യുവതാരങ്ങളെ കണ്ടെത്തി ടീമിന് കരുത്തു കൂട്ടി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ താരങ്ങളിലൊരാളായ ലിസാൻഡ്രോ മാർട്ടിനെസ് അടക്കമുള്ള പ്രതിഭകൾ സ്‌കലോണിയുടെ കണ്ടെത്തലാണ്. ഇതാണ് ലോകകപ്പ് മുന്നേറ്റത്തിലും നിർണ്ണായകമാകുന്നത്.