യണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോക ഫുട്‌ബോളിൽ നിറഞ്ഞ കാലത്തുതന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്ക്കൊപ്പം ചർച്ചകളിലെ താരമായത്. ഗോളടിപ്പിച്ചും ഗോളടിച്ചും വിസ്മയിപ്പിച്ച മിഡ് ഫീൽഡ് ജനറൽ. ആരാധക മനസ്സിൽ മിഡ്ഫീൽഡിൽ തന്ത്രങ്ങൾ മെനഞ്ഞ് നിശ്ശബ്ദവിപ്ലവം സൃഷ്ടിച്ച ഫുട്‌ബോൾ മാന്ത്രികൻ. സൗമ്യനായ ഈ മനുഷ്യൻ ഇനി ലോകകപ്പ് വേദിയിലുണ്ടാകില്ല. മൂന്നാംസ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടം കഴിഞ്ഞ് 37-കാരനായ മോഡ്രിച്ച്, താൻ വിഹരിച്ച ലോകകപ്പിനോട് അഭിമാനത്തോടെ വിടചൊല്ലുകയാണ്.

മൃദുഭാഷിയും വിനയാന്വിതനും. ബഹളങ്ങളില്ലാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം. എല്ലാവരെയുംകൊണ്ട് നല്ലത് പറയിപ്പിച്ച് മോഡ്രിച്ച് ലോകകപ്പ് വേദി വിടുകയാണ്. സമൃദ്ധമായ ക്രൊയേഷ്യൻ ഗാലറികൾക്ക് മുന്നിലേക്കാണ് ഗ്രൗണ്ടിലിറങ്ങിയാൽ മോഡ്രിച്ച് ആദ്യം വരുക. അവരെ നമസ്‌കരിക്കും. 'ക്രൊ ആസിയ...ക്രൊ ആസിയ...' വിളികൾ സ്റ്റേഡിയത്തിൽ ഇരമ്പും. ക്രൊയേഷ്യൻ സ്വാതന്ത്ര്യസമരത്തിൽ മുറിവേറ്റതാണ് മോഡ്രിച്ചിന്റെ കുട്ടിക്കാലം. മുത്തച്ഛനെ സെർബ് റിബലുകൾ വധിച്ചു. വീട് ചുട്ടെരിക്കപ്പെട്ടു. ജന്മനാട് വിട്ടോടേണ്ടിവന്നു. അഭയാർഥിയായി. ആ സ്ഥിതിയിൽനിന്നാണ് ലോക ഫുട്‌ബോളിലെ ഇതിഹാസ താരത്തിലേക്കുള്ള മോഡ്രിച്ചിന്റെ പന്തു തട്ടൽ. ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും കടന്നു മുന്നേറുന്നവർക്ക് മികവുറ്റ അവസരങ്ങൾ കാത്തിരിക്കുന്നുണ്ടെന്ന സന്ദേശമാണ് മോഡ്രിച്ചിന്റെ ജീവിതം ലോകത്തിനു നൽകുന്നത്.

1998ൽ സൂക്കറും സ്റ്റിമാച്ചുമെല്ലാം തുടങ്ങിവച്ച ക്രൊയേഷ്യയുടെ ഫുട്‌ബോൾ പാരമ്പര്യത്തെ അതിന്റെ പാരമത്യത്തിൽ എത്തിച്ചാണ് ലൂക്ക മോഡ്രിച്ച് പടിയിറങ്ങുന്നത്. ഇക്കാലയളവിൽ ക്രൊയേഷ്യയ്ക്കായി അഞ്ച് ലോകകപ്പുകളിലിറങ്ങി. കഴിഞ്ഞ തവണത്തെ നേടിയ രണ്ടാം സ്ഥാനമാണ് ലോകവേദിയിലെ മികച്ച പ്രകടനം. മെസ്സി അർജന്റീനയുടെ അത്മാവെങ്കിൽ ക്രോയേഷ്യയുടെ ജീവനാഡിയാണു മോഡ്രിച്ച്. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യത്തിലെ ഫുട്‌ബോൾ ആരാധകർക്ക് മെസ്സിയോളംതന്നെ വലിയവൻ. ഒരേ കാലഘട്ടത്തിൽ പന്തുതട്ടി, എൽ ക്ലാസിക്കോ എന്ന താരപ്പോരിൽ ബാർസിലോനയ്ക്കും റയൽ മഡ്രിഡിനുമായി പരസ്പരം കളിച്ചു വളർന്നവർ. ടീമിന് വേണ്ടി കളിക്കുന്നവരായിരുന്നു രണ്ടു പേരും. സെമിയിൽ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോളിന്റെ മാസ്മരികത മൊത്തം പുറത്തെടുത്ത അർജന്റീനിയൻ ആക്രമണവീര്യത്തിനു മുന്നിൽ ക്യാപ്റ്റൻ മോഡ്രിച്ചിന്റെ ക്രൊയേഷ്യൻ പട പരാജയപ്പെട്ടു.

മോഡ്രിച്ച് മികച്ച ഒരു പ്ലേമേക്കറാണ്. കൃത്യമായ പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമൊക്കെ ഉതിർക്കാനറിയാവുന്ന മോഡ്രിച്ചിന്റെ പന്തടക്കവും കേളീശൈലിയുമൊക്കെ ഫുട്‌ബോൾ മാന്ത്രികന് വേണ്ടതു തന്നെ. മിഡ്ഫീൽഡ് മാസ്‌ട്രോ എന്നും വിളിക്കപ്പെടുന്ന മോഡ്രിച്ചിനെ കാൽപന്തുകളിയിലെ പാവക്കൂത്തുകാരൻ, ഓർക്കസ്ട്ര മാസ്റ്റർ, മിഡ്ഫീൽഡ് മാന്ത്രികൻ തുടങ്ങി ഒട്ടേറെ പേരുകളിലാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

1985 സെപ്റ്റംബർ 9നാണു മോഡ്രിച്ച് ജനിച്ചത്. അന്നത്തെ കാലത്തെ യൂഗോസ്ലാവിയ രാഷ്ട്രത്തിലെ സാറ്റോൺ ഒബ്രോവാക്കി എന്ന മേഖലയിലെ മോഡ്രിച്ചി എന്ന ചെറുഗ്രാമത്തിൽ. തുന്നൽത്തൊഴിലാളികളായ സ്‌റ്റൈപ്പ് മോഡ്രിച്ചിന്റെയും റാഡോജ്കയുടെയും മകനായാണ് ലൂക്ക ജനിച്ചത്. കല്ലുകെട്ടിയുയർത്തി നിർമ്മിച്ച മുത്തശ്ശന്റെ വീട്ടിലാണു ലൂക്ക ജീവിച്ചിരുന്നത്. അഞ്ച് വയസ്സുമുതൽ തന്നെ ആടുകളെ മെയ്‌ക്കാനായി മോഡ്രിച്ച് പോയിരുന്നു. എന്നാൽ അക്കാലത്താണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ക്രൊയേഷ്യയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ളവരും സെർബ് നിയന്ത്രണത്തിലുള്ള സേനയും തമ്മിൽ യുദ്ധം. മോഡ്രിച്ചിന്റെ മുത്തശ്ശനെ സെർബിയൻ ദേശീയവാദികൾ വധിച്ചു. അവരുടെ വീട് ഷെല്ലിങ്ങിൽ തകർന്നു.

പിന്നീട് ദീർഘകാലം അഭയാർഥിയായായിരുന്നു മോഡ്രിച്ചിന്റെയും കുടുംബത്തിന്റെയും ജീവിതം. സദർ നഗരത്തിലാണ് ഇവർ താമസിച്ചത്. ദുരിതാശ്വാസ ക്യാംപിൽ ഒട്ടേറെ കുട്ടികളോടൊപ്പം ചങ്ങാത്തത്തിലായി മോഡ്രിച്ച്. അവരുമായി ഫുട്‌ബോളും കളിക്കാൻ തുടങ്ങി. യുദ്ധം മോഡ്രിച്ചെന്ന താരത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും പരുവപ്പെടുത്തിയെടുത്തു. പിന്നീട് യുദ്ധം മാറി. ക്രൊയേഷ്യ സ്വതന്ത്രരാഷ്ട്രമായി. ഫുട്‌ബോൾ അപ്പോഴത്തേക്കും മോഡ്രിച്ചിനൊരു ജീവശ്വാസമായി. മോഡ്രിച്ചിന്റെ ശരീര പ്രകൃതം ചെറുതായിരുന്നതിനാൽ ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്ബായ ഹാജുക് സ്പ്ലിറ്റ് അദ്ദേഹത്തെ എടുക്കാൻ തയാറായില്ല.

2001ൽ തന്റെ പതിനാറാം വയസ്സിൽ ഡിനമോ സാഗ്രെബ് എന്ന ക്ലബ്ബിൽ സ്ഥാനം ലഭിച്ചു. പിന്നീട് ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിൽ, ഒടുവിൽ റയൽ മഡ്രിഡിൽ. ഇന്നു ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായി കണക്കാക്കപ്പെടുന്നയാളാണ് ലൂക്ക മോഡ്രിച്ച്. ക്രൊയേഷ്യയിൽ നിന്നുള്ള ഏറ്റവും മികച്ച താരമായും അദ്ദേഹം കണക്കാക്കപ്പെടുന്നു. 2018ലെ ബലോൻ ദ് ഓർ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. ക്രൊയേഷ്യ എന്ന രാജ്യത്തെ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയാണ് മോഡ്രിച്ച് കളമൊഴിയുന്നത്.

2006ലെ അർജന്റീന ക്രൊയേഷ്യ സൗഹൃദ മൽസരം പിന്നീട് അറിയപ്പെട്ടത് ലയണൽ മെസിയുടെ ആദ്യ രാജ്യാന്തര ഗോളിന്റെ പേരിൽ. അതിൽ മുങ്ങിപ്പോയി ലൂക്ക മോഡ്രിച്ചിന്റെ അരങ്ങേറ്റം. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ മോഡ്രിച്ച് ബൂട്ടുകെട്ടിയപ്പോൾ താരത്തിന്റെ അവസാന ലോകകപ്പെന്ന് ലോകം വിധിയെഴുതിയിരുന്നു. എന്നാൽ എല്ലാ മൂൻവിധികളെയും മറികടന്ന് മോഡ്രിച്ച് ഖത്തറിൽ ബൂട്ടുകെട്ടി. ടീമിനെ സെമിയിലെത്തിച്ചു. മൂന്നാം സ്ഥാനവും സമ്മാനിച്ചു.

പ്രതാപകാലത്തെ ഫോമും പന്തടക്കവും അതേപോലെ ആവർത്തിച്ചില്ലായിരിക്കാം. പക്ഷെ തന്റെ അവസാനതുള്ളി വിയർപ്പു വരെ അയാൾ തന്റെ ടീമിനായി പൊരുതിനിന്നു. മോഡ്രിച്ച് ലോകവേദിയിൽ നിന്ന് കളമൊഴിയുന്നത് ക്രൊയേഷ്യയുടെ മധ്യനിരയിൽ മാത്രമല്ല ഫുട്‌ബോൾ ആരാധകരുടെ മനസ്സിലും വലിയൊരു ശൂന്യത ബാക്കിവച്ചാണ്.