- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഉലയാത്ത പ്രതിരോധം അവസരങ്ങൾ ഉണ്ടാക്കിയെടുത്തു; പ്രത്യാക്രമണത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മുന്നേറ്റം ഗോളടിച്ചു; കായിക ക്ഷമതയും ആസൂത്രണവും ജയമൊരുക്കി; പന്തടക്കത്തിൽ പോർച്ചുഗീസ് പട മികച്ചു നിന്നിട്ടും നേട്ടം ആഫ്രിക്കൻ വന്യതയ്ക്ക്; ലോകകപ്പ് സെമിയിൽ ഇടം നേടുന്ന ആദ്യ ആഫ്രിക്കൻ ടീമായി മാറി'അറ്റ്‌ലസ് സിംഹങ്ങൾ'; ആറാം വരവിൽ കളിച്ചത് ടോട്ടൽ ഫുട്ബോൾ; മൊറോക്കോ രചിച്ചത് പുതു ചരിത്രം
ലോകകപ്പിൽ ചരിത്രമെഴുതി മൊറോക്കോ. ഈ ലോകകപ്പിൽ സെമിയിൽ എത്തിയ ഒരേയൊരു ആഫ്രിക്കൻ രാജ്യമായി മാറി മൊറോക്കോ. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ പോലും പ്രവേശിച്ചത്. ഇതിനുമുമ്പ് 1986ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മൊറോക്കോയുടെ പ്രധാന നേട്ടം. ലോകകപ്പ് ചരിത്രത്തിൽ അവസാന എട്ടിൽ ഇടംപിടിച്ച നാലാമത്തെ ആഫ്രിക്കൻ ടീമായിരുന്നു മൊറോക്കോ. കാമറൂൺ(1990), സെനഗൽ(2002), ഘാന(2010) എന്നിവരാണ് മുൻഗാമികൾ. എന്നാൽ അവർക്കാർക്കും നേടിയെടുക്കാനാകാത്ത സെമി ബെർത്താണ് പോർച്ചുഗലിനെ തളച്ച് മൊറോക്കോ നേടുന്നത്. യൂറോപ്യൻ കരുത്തിനെ ആഫ്രിക്കൻ ഫുട്‌ബോളിന്റെ വന്യ സൗന്ദര്യം വീഴ്‌ത്തിയ കാഴ്ച.
ആറുതവണയാണ് മൊറോക്കോ ലോകകപ്പ് ഫുട്‌ബോളിനെത്തിയത്. 1970-ൽ പ്രാഥമികഘട്ടത്തിൽ പുറത്തായപ്പോൾ അവർ 14-ാമതായിരുന്നു. 1986-ലാണ് പിന്നീടെത്തിയത്. പ്രീക്വാർട്ടറിൽ അന്ന് അവസാനിച്ചു. 1994, 1998 വർഷങ്ങളിൽ ആദ്യറൗണ്ടിൽ പുറത്തായി. നീണ്ടവർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ശക്തമായ സംഘമായി 2018-ൽ റഷ്യ ലോകകപ്പിനെത്തിയ സംഘം സ്‌പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്കെത്തിയില്ല. 2022-ൽ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്കെത്തുമ്പോൾ കളിയിലുമുണ്ട് പ്രകടമായ മാറ്റം. രണ്ടുതവണ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ്, ഒരോതവണ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, ഫിഫ അറബ് കപ്പ് എന്നിവ നേടി. അദ്ഭുതങ്ങൾ ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ചുകാരനായ വലീദ് അൽറക്‌റാകിയെന്ന പരിശീലകൻ.
മൊറോക്കോയുടെ ശക്തി ഉലയാത്ത പ്രതിരോധമാണ്. അവസരം കിട്ടുമ്പോൾ പ്രത്യാക്രമണം നടത്തി എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. പോർച്ചുഗലിനെ കുഴക്കിയതും ഈ തന്ത്രം തന്നെയാണ്. പന്തടക്കത്തിൽ മുന്നിൽ നിന്നത് പോർച്ചുഗല്ലായിരുന്നു. എന്നാൽ കൂടുതൽ അവസരം സൃഷ്ടിച്ചത് മൊറോക്കോയും. കൗണ്ടർ ആക്രമണങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്. മുന്നേറ്റം പോർച്ചുഗലിന് പിഴച്ചപ്പോഴെല്ലാം അതിനെ അവസരമാക്കി കണ്ട് മൊറോക്കോ ഓടി എതിർ പോസ്റ്റിലേക്ക് പാഞ്ഞു കയറി. യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളുടെ പിൻബലത്തിലാണ് കുതിപ്പ്. 17 കളിക്കാർ ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ ലീഗുകളിൽ കളിക്കുന്നു. മുന്നേറ്റത്തിലെ ഹക്കീം സിയെച്ചും പ്രതിരോധത്തിലെ അച്റഫ് ഹക്കീമിയുമാണ് സൂപ്പർ താരങ്ങൾ.
ഖത്തറിൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിതോൽവി അറിയാതെയാണ് മൊറോക്കോയുടെ ഇതുവരെയുള്ള കുതിപ്പ്. ഖത്തറിൽ സമനിലയോടെ തുടങ്ങിയ യാത്ര തുടർ വിജയങ്ങളിലാണ് എത്തിനിൽക്കുന്നത്. തോൽപ്പിച്ചവരുടെ കൂട്ടത്തിൽ ലോക രണ്ടാം റാങ്കുകാരും ലോകചാമ്പ്യന്മാരുമുണ്ട്. കായികക്ഷമതയും, ആസൂത്രണവുമാണ് ടീമിന്റെ കരുത്ത്. യൂറോപ്യൻ ലീഗുകളിലെ ഒരുപിടി താരങ്ങളും മൊറോക്കോയുടെ പ്രതീക്ഷയാണ്. ചടുലമായ കൗണ്ടർ നീക്കങ്ങളിലൂടെ ഗോൾ നേടുന്നതാണ് കളിശൈലി. മുന്നേറ്റനിര അവസരങ്ങൾ മുതലാക്കാൻ കെൽപ്പുള്ളവരാണ്. അതുകൊണ്ട് തന്നെ സെമിയിലും അട്ടിമറിയിലൂടെ കറുത്ത കുതിരകളാകാൻ മൊറോക്കയ്ക്ക് കഴിയും.
ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം അറബ് വംശജരും ആഹ്‌ളാദത്തിലാണ് ഇപ്പോൾ. വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച 'അറ്റ്‌ലസ് സിംഹങ്ങൾ' ലോകകപ്പ് കയ്യടക്കിയായിരിക്കും ഖത്തർ വിടുക എന്നതിലവർക്ക് ഇപ്പോൾ ശങ്കയില്ല. അറബി ഭാഷ സംസാരിക്കുന്ന ഒരു രാജ്യം മുന്നേറുന്നതിന്റെ ത്രില്ല് യുഎ ഇ യിലെ അറബ് ദേശക്കാരും അനുഭവിക്കുന്നു. താരതമ്യേന ആരാധകർ ശുഷ്‌കിച്ചിരുന്ന മൊറോക്കൻ ടീമിന് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ആവേശത്തള്ളിച്ചയുണ്ട്. ലോകക്പ്പ് എട്ട് ടീമുകളിൽ ഒതുങ്ങിയപ്പോഴാണ് ആഫ്രിക്കൻ കാൽപ്പന്തിന്റെ കരുത്ത് പന്തടക്കമുള്ള മൊറോക്കോ ടീമിലൂടെ ലോകമറിയുന്നത്. മുന്നിലെത്തിയ കരുത്തരെയെല്ലാം മൈതാനാത്ത് മലർത്തിയടിച്ചായിരുന്നു അവരുടെ കുതിരക്കുതിപ്പ്.
സെനഗലും ഘാനയും കാമറൂണുമൊക്കെയായിരുന്നു ഇത്രയും കാലം ആഫ്രിക്കൻ ഫുട്‌ബോളിന്റെ പാടിപ്പതിഞ്ഞ മുദ്രകൾ. ഖത്തറിലെ സെമി പ്രവേശനത്തിലൂടെ മൊറോക്ക എല്ലാം തങ്ങളുടെ വഴിയിലേക്കാക്കുന്നു. പരിശീലകൻ വലീദ് അൽറക്‌റാകി മൊറോക്കൻ ടീമിന്റെ കാമ്പും കരുത്തുമായി മാറി. സ്പാനിഷ്. പെനാൽറ്റിയിലൂടെ അസ്ത്രം പോലെ വന്ന പന്ത് പിടിച്ചും തട്ടിത്തെറിപ്പിച്ചും കാണികളുടെ ഹൃദയ ശ്രീ കോവിലിൽ ഇടം പിടിച്ച ഗോൾകീപ്പർ യാസീൻ ബോനോ, മധ്യനിരയിലെ കൗണ്ടർ അറ്റാക്കർ അഷ്‌റഫ് ഹകീമി എന്നിവർ മെറോക്കക്കാരുടെ കണ്ണിലുണ്ണികളാണ്.
നാല് വർഷം മുൻപ് നിങ്ങൾ കണ്ട മൊറോക്കൻ ടീമല്ല ഖത്തറിലുള്ളതെന്ന കോച്ച് വലീദിന്റെ വാക്കുകൾ താരങ്ങളുടെ ബലവും ബലഹീനതയും വ്യക്തമായി അറിഞ്ഞു കൊണ്ടുള്ളതാണ്. 'ഞാനൊരു രാഷ്ടീയക്കാരനായല്ല ഇവിടെ നില്ക്കുന്നത്, സെനഗൽ, ഗാന, കാമറൂൺ തുടങ്ങിയ രാജ്യങ്ങളെപ്പോലെ ഞങ്ങൾക്ക് ആഫ്രിക്കൻ പതാക ഉയരത്തിൽ പാറിക്കണം , ആഫ്രിക്കയെ പ്രതിനിധീകരിച്ചാണ് ഞങ്ങൾ കളിക്കളത്തിലിറങ്ങുന്നത് , യൂറോപ്യർക്ക് ആഫ്രിക്കൻ ഫുട്‌ബോളിനെ കുറിച്ചുള്ള ധാരണ തിരുത്തുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്-ഇതായിരുന്നു പ്രീ ക്വാർട്ടർ വിജയത്തിന് ശേഷമുള്ള കോച്ചിന്റെ പ്രഖ്യാപനം. ക്വാർട്ടർ വിജയത്തിലൂടെ അത് യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ്.
ശക്തമായ പ്രതിരോധനിരയും ഗോൾ കണ്ടെത്തുന്ന മുന്നേറ്റനിരയുമുള്ള ടീം ക്രൊയേഷ്യയെ സമനിലയിൽ തളച്ചായിരുന്നു ലോകകപ്പിന് തുടക്കമിട്ടത്. ക്രൊയേഷ്യയും സെമിയിൽ എത്തിക്കഴിഞ്ഞു. അതും ലാറ്റിൻ അമരിക്കൻ കരുത്തായ ബ്രസീലിനെ തകർത്ത്. പിന്നാലെ മൊറോക്കോയും കുതിച്ച് അവസാന നാലിൽ എത്തുന്നു. പ്രതിരോധക്കാരൻ അഷ്‌റഫ് ഹക്കീമിയുടെയും ഗോൾകീപ്പർ യാസിൻ ബുനോയുടെയും മധ്യനിരക്കാരൻ ഹകിം സിയെച്ചിന്റെയും മിന്നുന്ന പ്രകടനത്തിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്തു. കാനഡയെയും തോൽപ്പിച്ച് ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാമതായാണ് പ്രീക്വാർട്ടറിലേക്ക് മൊറോക്കോ പ്രവേശിച്ചത്.
ജിബ്രാൾട്ടർ കടലിടുക്കിനപ്പുറം അയൽക്കാരായ സ്പാനിഷ് സംഘത്തെ വിറപ്പിച്ച് വിജയം കൊയ്തെടുത്തതോടെ ലോകഫുട്‌ബോളിനുമുന്നിൽ പുതിയൊരു ശക്തർ പിറവികൊണ്ടു. ക്വാർട്ടർ അതിന് അടിവരയിട്ടു. സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയെ വരിഞ്ഞു കെട്ടിയാണ് സെമിയിലേക്കുള്ള ആഫ്രിക്കൻ കരുത്തരുടെ മുന്നേറ്റം. ഈ ലോകകപ്പിൽ, നിശ്ചിതസമയത്ത് മൊറോക്കോ വഴങ്ങിയത് ഒരു ഗോൾ മാത്രമാണ്, കാനഡക്കെതിരേ. അഞ്ചു ഗോളുകൾ എതിർപോസ്റ്റിലേക്ക് തൊടുത്തുവിട്ടു. സ്‌പെയിനിനെതിരായ പെനാൽട്ടി ഷൂട്ടൗട്ടിൽ പ്പോലും ആത്മവിശ്വാസം വർധിക്കുകയായിരുന്നു മൊറോക്കോക്ക്. പോർച്ചുഗലിനെതിരായ ക്വാർട്ടറിലും ആത്മവിശ്വാസം തന്നെയായിരുന്നു വിജയത്തിലെ കരുത്ത്.
മറുനാടന് ഡെസ്ക്