- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മാറഡോണക്കു ശേഷമൊരു പൊൻകിരീടം അർജന്റീനയ്ക്ക് സമ്മാനിക്കാൻ മെസിയുടെ ബൂട്ടുകൾക്കാകുമോ? റൊണാൾഡോയും നെയ്മറും പന്തു തട്ടുന്നത് പുതിയ ചരിത്രം രചിക്കാൻ; ഇനി കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്ന കാലം; ഫുട്ബോളിന്റെ മഹായുദ്ധം കണ്ണുചിമ്മാതെ കാണാൻ ആരാധകരും; ലോകകപ്പിന് ഇന്ന് കിക്കോഫ്
ദോഹ: ഇനി കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്ന കാലം. 22-ാമത് ഫുട്‌ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ എക്വഡോറിനെ നേരിടും. ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30-ന് തുടങ്ങും. 'ഒത്തൊരുമിച്ച് വരൂ' എന്ന് അർഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ അലയൊലികൾ ഖത്തറിൽ അലയടിക്കുന്നു. ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂർണമെന്റിന്റെ തീം സോങ്. ശൈത്യകാലത്തു നടക്കുന്ന ആദ്യ ലോകകപ്പെന്ന വിശേഷണവുമായാണ് ഖത്തർ ലോകകപ്പ് അരങ്ങേറുന്നത്.
മരുഭൂമിയിൽ പൊന്നുവിളയിച്ച ഖത്തറിന്റെ മണ്ണിലാണ് ഇരുപത്തിരണ്ടാമത്തെ ലോകകപ്പ്. ഏഷ്യ രണ്ടാംതവണയാണ് ആതിഥേയരാകുന്നത്. ഫുട്ബോളിന്റെ ഈ മഹായുദ്ധം ലോകം കണ്ണുചിമ്മാതെ കണ്ടിരിക്കുമെന്നാണ് പ്രതീക്ഷ. ഫുട്ബോളിന്റെ തലവര മാറിയകാലത്താണ് ഖത്തർ ആതിഥേയരാകുന്നത്. സുന്ദര കളിക്കൊപ്പം വിപണിയും പിടിമുറുക്കിയ കാലം. വേദി അനുവദിച്ച് 12 വർഷത്തിനുള്ളിലാണ് കൊച്ച് അറബ്രാജ്യം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് സജ്ജമായത്.
എട്ടു സ്റ്റേഡിയങ്ങളിലായി 32 ടീമുകൾ പങ്കെടുക്കുന്ന 64 മത്സരങ്ങൾക്കൊടുവിൽ ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോര്. ശൈത്യകാലത്തു നടക്കുന്ന ആദ്യ ലോകകപ്പിൽ പ്രവചനം അസാധ്യമാണ്. ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ബ്രസീലും അർജന്റീനയും ലാറ്റിനമേരിക്കയുടെ പ്രതിനിധികളായി ഖത്തറിലെത്തുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ഹോളണ്ട്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ വമ്പന്മാരും അണിനിരക്കുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി, കഴിഞ്ഞതവണത്തെ ആതിഥേയരായ റഷ്യ, ലാറ്റിനമേരിക്കൻ ശക്തികളായ ചിലി, കൊളംബിയ തുടങ്ങിയ ടീമുകൾ ഇത്തവണയില്ല.
ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ, വനിതാ റഫറിമാർ തുടങ്ങിയ പുതുമകൾ ഈ ലോകകപ്പിനുണ്ട്. ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ അർജന്റീനയുടെ ലയണൽ മെസ്സി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്റെ നെയ്മർ, പോളണ്ടിന്റെ ലെവൻഡോവ്സ്‌കി തുടങ്ങിയവർക്ക് ഇത് അവസാന ലോകകപ്പായിരിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കപ്പുയർത്താൻ താരങ്ങൾ തമ്മിൽ പോര് കടക്കും. യൂറോപ്യൻ രാജ്യങ്ങളും പാശ്ചാത്യ മാധ്യമങ്ങളും ഉയർത്തിയ ആക്ഷേപങ്ങളിൽ പതറാതെ അടിസ്ഥാനസൗകര്യങ്ങളൊരുക്കിയാണ് ഖത്തർ മുമ്പോട്ട് കുതിക്കുന്നത്.
കിരീടപ്പോര് ഇക്കുറിയും യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലായിരിക്കും. ഇവിടെയും കാഴ്ചക്കാരന്റെ റോളാകും ആഫ്രിക്കയ്ക്കും ഏഷ്യക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ അസാധ്യമായത് സാധ്യമാക്കുന്ന കറുത്ത കുതിരകളാകാൻ എല്ലാം ടീമുകൾക്കും കഴിയും. ഇതാണ് ഫുട്‌ബോളിന്റെ സൗന്ദര്യവും. ബ്രസീലും അർജന്റീനയും എക്കാലത്തേയും ഫേവറിറ്റുകളാണ്. ബ്രസീൽ കാത്തിരിക്കുന്നത് രണ്ട് പതിറ്റാണ്ടിനുശേഷമുള്ള കിരീടമാണ്. ആകെ എണ്ണത്തിൽ ആറാമത്തേത്. അർജന്റീനയാകട്ടെ ലയണൽ മെസിയെന്ന വികാരത്തിലാണ് പതീക്ഷവയ്ക്കുന്നത്. 1986ൽ മാറഡോണക്കു ശേഷമൊരു പൊൻകിരീടം സമ്മാനിക്കാൻ മെസിയുടെ ബൂട്ടുകൾക്കാകുമോ? പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന മികച്ച ടീമാണ് ഉറുഗ്വേയുടേത്. തെക്കേ അമേരിക്കയിൽനിന്ന് പിന്നെയുള്ള ടീം ഇക്വഡോറാണ്.
യൂറോപ്പിലെ വമ്പന്മാരെല്ലാം ഒന്നിനൊന്ന് മികച്ചവരാണ്. നാല് കിരീടവുമായി ജർമനിയുണ്ട്. ഫ്രാൻസ് നേട്ടം ആവർത്തിക്കാനൊരുങ്ങുന്നു. ബ്രസീലിനും ഇറ്റലിക്കും മാത്രമാണ് കിരീടത്തുടർച്ച ഉണ്ടായത്. ഇതിൽ ഇറ്റലി ഇക്കുറിയില്ല. സ്‌പെയ്‌നും ഇംഗ്ലണ്ടും ഓരോതവണ ജേതാക്കളായി. സ്‌പെയ്ൻ 2010ൽ ചാമ്പ്യന്മാരായി. ഇംഗ്ലണ്ട് 1966ലും. അഞ്ച് ടീമുകളെ ആഫ്രിക്ക അവതരിപ്പിക്കുന്നു. ഘാനയും സെനെഗലും കാമറൂണും അവരുടെ ദിവസം ആരേയും വീഴ്‌ത്തും. മൊറോക്കോയും ടുണീഷ്യയുമാണ് മറ്റ് രണ്ട് പ്രതിനിധികൾ. ആതിഥേയരായ ഖത്തറിനൊപ്പം അഞ്ച് ടീമുകൾകൂടി ഏഷ്യയിൽനിന്നുണ്ട്.
വടക്ക്-മധ്യ അമേരിക്കയിൽനിന്ന് മെക്‌സിക്കോയും അമേരിക്കയും കോസ്റ്ററിക്കയും ക്യാനഡയും ഒപ്പംചേരും. കിക്കോഫ് ഞായർ രാത്രി ഒമ്പതരയ്ക്കാണ്. അൽഖോറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. അതിനുമുമ്പ് ഒന്നരമണിക്കൂർ കലാവിരുന്നൊരുക്കും. അറബ് പാരമ്പര്യവും കലാരൂപങ്ങളും നിറയുന്ന ഉദ്ഘാടനച്ചടങ്ങ് സസ്‌പെൻസാണ്. കൊറിയൻ ബാൻഡ് ബിടിഎസിലെ ഗായകൻ ജുങ് കൂങ് 'ഡ്രീമേഴ്‌സ്' ഗാനമൊരുക്കും. ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനവേദിയിലുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ