ദോഹ: കാൽപ്പന്തുകളിയുടെ മഹോത്സവത്തിന് ഖത്തറിൽ തുടക്കമായിക്കഴിഞ്ഞു. ഇനിയുള്ള 29 ദിവസം ആഗോള കായിക കലണ്ടറിലെ ഏറ്റവും വലിയ ഉത്സവത്തിനാണ് ലോകം സാക്ഷ്യം വഹിക്കുക. ലൈവായി കാണുന്ന ആളുകളുടെ എണ്ണവും മറ്റും നോക്കിയാൽ ലോക കായിക മേളയായ ഒളിമ്പിക്‌സിനേക്കാൾ വലുതായിരിക്കും ഫുട്‌ബോൾ ലോകകപ്പ്. ലോകകപ്പ് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലൈവായി അഞ്ച് ബില്യണിലധികം ആളുകൾ എങ്കിലും കാണുമെന്നാണ് കണക്കുകൾ പറയുന്നത്. ഒപ്പം ഖത്തറിൽ ഈ ലോകകപ്പ് നേരിട്ട് എത്തി കാണാൻ പോകുന്നത് ദശലക്ഷക്കണക്കിന് പേരായിരിക്കും.

ഫുട്‌ബോൾ ലോകകപ്പ് പണം ഏറെ കൊണ്ടുവരുന്ന ഒരു ആഗോള കായിക മേളയാണ്. ടിക്കറ്റ് വിൽപ്പന, മെർച്ചന്റെസ് വിൽപന മുതൽ കോർപ്പറേറ്റ് സ്‌പോൺസർഷിപ്പ്, സമ്മാനത്തുക, ടൂറിസം എന്നിങ്ങനെ ഫുട്‌ബോൾ ലോകകപ്പ് നൽകുന്ന സാമ്പത്തിക സാധ്യത ഏറെയാണ്.

മുപ്പത്തിരണ്ട് ടീമുകൾ ആ സ്വർണ കിരീടത്തിനായി കളത്തിലിറങ്ങുകയാണ്. ഡിസംബർ 18-ന് യുസെയ്ൽ സ്റ്റേഡിയത്തിലെ കലാശപ്പോരിലേക്കാണ് ടീമുകളെല്ലാം കണ്ണെറിയുന്നത്. എന്നാൽ കിരീട വിജയത്തിനൊപ്പം വമ്പൻ സമ്മാനത്തുകയാണ് ഓരോ ടീമിനെയും കാത്തിരിക്കുന്നത്. ചാമ്പ്യന്മാരെയും റണ്ണറപ്പുകളെയും കൂടാതെ സെമി ഫൈനലിസ്റ്റുകൾക്കും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കുമടക്കം ഞെട്ടിക്കുന്ന തുകയാണ് സമ്മാനമായി ലഭിക്കാൻ പോകുന്നത്.

ഈയിടെ സമാപിച്ച ട്വന്റി ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചതിനേക്കാൾ 25 ഇരട്ടിയിലേറെയാണ് ഖത്തർ ലോകകപ്പിൽ ജേതാക്കളാകുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക. ആകെ 2500 കോടിയിലേറെ രൂപയാണ് ഖത്തർ ലോകകപ്പിൽ ടീമുകൾക്കും താരങ്ങൾക്കുമായി ലഭിക്കുക.

ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയ ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക 1.6 ദശലക്ഷം ഡോളർ (ഏകദേശം 13 കോടിയോളം ഇന്ത്യൻ രൂപ) ആയിരുന്നു. റണ്ണറപ്പുകളായ പാക്കിസ്ഥാന് 0.8 ദശലക്ഷം ഡോളറും (ഏകദേശം ആറര കോടിയോളം ഇന്ത്യൻ രൂപ), സെമി ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യയ്ക്കും ന്യൂസീലൻഡിനും 4,00000 ഡോളർ (മൂന്നേകാൽ കോടി ഇന്ത്യൻ രൂപ) വീതവുമാണ് ലഭിച്ചത്.

എന്നാൽ ഇത്തവണ ഖത്തറിൽ കിരീടമുയർത്തുന്ന ടീമിന് ലഭിക്കാൻ പോകുന്നത് 42 ദശലക്ഷം ഡോളർ അഥവാ 344 കോടി ഇന്ത്യൻ രൂപയാണ്. റണ്ണറപ്പുകളെ കാത്തിരിക്കുന്നതോ 30 ദശലക്ഷം ഡോളർ അഥവാ 245 കോടി ഇന്ത്യൻ രൂപയും. വമ്പൻ തുകകളുടെ കണക്കുകൾ ഇവിടംകൊണ്ടും തീരുന്നില്ല. മൂന്നാം സ്ഥാനക്കാർക്ക് 27 ദശലക്ഷം ഡോളർ (220 കോടി ഇന്ത്യൻ രൂപ), നാലാം സ്ഥാനക്കാർക്ക് 25 ദശലക്ഷം ഡോളർ (204 കോടി ഇന്ത്യൻ രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക.

അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് (ക്വാർട്ടർ) 17 ദശലക്ഷം ഡോളർ (138 കോടി ഇന്ത്യൻ രൂപ) ആണ് ലഭിക്കുക. പ്രീക്വാർട്ടറിൽ മടങ്ങുന്ന ടീമുകൾക്ക് അഥവാ ഒമ്പത് മുതൽ 16 വരെയുള്ള സ്ഥാനക്കാർക്ക് 13 ദശലക്ഷം ഡോളർ (106 കോടി ഇന്ത്യൻ രൂപ) വീതം ലഭിക്കും.

ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്കു പോലും ഒമ്പത് ദശലക്ഷം ഡോളർ (74 കോടി ഇന്ത്യൻ രൂപ) ആണ് സമ്മാനമായി ലഭിക്കുക. അതായത് ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ടീമിന് പോലും ഒരു ഐസിസി ടൂർണമെന്റിൽ കിരീടം നേടുന്ന ടീമിനേക്കാൾ ഉയർന്ന സമ്മാനത്തുകയാണ് ലഭിക്കുന്നത്.

ചെലവ് ഏറെയാണ് ഒരോ ലോകകപ്പ് സംഘടിപ്പിക്കുന്ന രാജ്യത്തിനും. സ്റ്റേഡിയങ്ങളുടെ നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, ഹോട്ടലുകൾ താമസ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കായി പതിനായിരക്കണക്കിന് കോടികളാണ് ഒരോ അതിഥേയ രാജ്യവും ചിലവഴിക്കേണ്ടത്. അതിൽ ഭൂരിഭാഗവും പലപ്പോഴും തിരിച്ചുകിട്ടുന്നില്ല എന്നതാണ് സത്യം.

ഫുട്‌ബോൾ ലോകകപ്പ് എന്നാൽ പണം ഉണ്ടാക്കുന്ന ഒരു മേളയാണ് എന്ന സത്യം മറ്റൊരു ഭാഗത്തുണ്ട്. റഷ്യയിൽ നടന്ന 2018 ലോകകപ്പിന്റെ ലോകമെമ്പാടുമുള്ള ടെലിവിഷൻ സംപ്രേഷണ അവകാശം 4.6 ബില്യൺ ഡോളറിനാണ് വിറ്റുപോയത്. എന്നാൽ ഈ തുകയിൽ സിംഹഭാഗം ലോക ഫുട്‌ബോൾ ഭരണ സമിതിയായ ഫിഫയ്ക്കാണ് ലഭിക്കുന്നത്.

100 ശതമാനം ഫിഫയുടെ ഉടമസ്ഥതയിലുള്ളതാണ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന. 2018ൽ ബില്യൺ ഡോളറിലധികം നേടിയ മാർക്കറ്റിങ് അവകാശങ്ങളും ഫിഫയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാൽ ലോകകപ്പ് നടത്തുന്നതിനുള്ള ചെലവിന്റെ ഒരു ഭാഗം ഫിഫയും വഹിക്കുന്നുണ്ട്. 2022 ലോകകപ്പ് സംഘാടനത്തിന് ഖത്തറിന് 1.7 ബില്യൺ ഡോളർ ഫിഫ നൽകും. ടീമുകൾക്കുള്ള 440 മില്യൺ ഡോളർ പ്രൈസ് മണി അടക്കമാണ് ഇത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

2022 ലോകകപ്പിന്റെ സ്റ്റേഡിയങ്ങളും അടിസ്ഥാന സൗക്യങ്ങൾക്കുമായി ഖത്തർ ഇതുവരെ 200 ബില്യൺ ഡോളറിലധികം ചെലവഴിച്ചതായാണ് റിപ്പോർട്ട്. അതായത് ഫിഫയുടെ സഹായം ഈ ചെലവ് വച്ച് നോക്കുമ്പോൾ കടലിൽ കായം കലക്കിയ പോലെയാണെന്ന് വ്യക്തം. ഖത്തർ പുതിയ ഹോട്ടലുകൾക്കും സ്റ്റേഡിയങ്ങൾക്കും പണം ചിലവഴിച്ചു. ഒപ്പം പുതിയ റോഡ് ശൃംഖലയും മെട്രോ സംവിധാനവും വരെ ഖത്തർ നിർമ്മിച്ചു.

ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ഒരു ദശലക്ഷത്തിലധികം വിദേശ സന്ദർശകരെ പ്രതീക്ഷിക്കുന്നതിനാൽ, ഖത്തർ ഒരു ടൂറിസം കുതിച്ചുചാട്ടം മുന്നിൽ കാണുന്നു. ഹോട്ടലുടമകൾക്കും വ്യാപാരികൾക്കും മറ്റും വിൽപ്പന വർദ്ധിപ്പിക്കും എന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. എന്നാൽ അത്തരമൊരു ടൂറിസം കുതിച്ചുചാട്ടം നേരിടാൻ ഖത്തർ ഒരുക്കിയ അടിസ്ഥാന സൗകര്യത്തിന്റെ ചെലവ് ഈ ചെറിയ കാലത്ത് രാജ്യത്തിന് ഫുട്‌ബോൾ പ്രേമികളുടെ കുത്തൊഴുക്കിലൂടെ ലഭിക്കുന്ന ലാഭത്തെക്കാൾ എത്രയോ കൂടുതലാണ് എന്നതാണ് സത്യം.

അപ്പോൾ ഫുട്‌ബോൾ പ്രേമികൾ ഖത്തർ മണ്ണിൽ എത്തുമ്പോൾ ആർക്കാണ് യഥാർത്ഥ നേട്ടം എന്ന ചോദ്യം പ്രസക്തമാണ്. ലോകകപ്പിന്റെ ആതിഥേയ രാജ്യമായ ഖത്തറിലെ അൽജസീറ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ടു ഉദ്ധരിച്ച് പറയുന്നത് ഇതാണ്. ''ഹോട്ടൽ, സേവനങ്ങൾ എന്നിവയുടെ വില ഇത്തരം ചെറിയ കാല മേളകൾ മൂലം കുത്തനെ ഉയരും. എന്നാൽ സേവന തൊഴിലാളികളുടെ വേതനം ഇതേ കാലത്ത് കൂടണമെന്നില്ല,അതിനാൽ മൂലധനത്തിലേക്ക് തന്നെ കൂടുതൽ തുക എത്തുന്നു. അതായത് ഈ ചെറിയ കാലത്തെ മേളയിൽ പണമുള്ളവർ കൂടുതൽ പണം ഇട്ട് പണമുണ്ടാക്കുന്നു. അതില്ലാത്തവർക്ക് അത് സാധിക്കില്ല. '

ടൂറിസത്തിന് ഗുണം ചെയ്യും എന്ന വീക്ഷണം ലോകകപ്പിന്റെ പാശ്ചത്തലത്തിൽ പരിശോധിച്ചാൽ മറ്റൊരു തരത്തിൽ തിരിച്ചടിയുമാണ്. കാരണം ലോകകപ്പിൽ താൽപ്പര്യമില്ലാത്ത ടൂറിസ്റ്റുകളെ ലോകകപ്പ് ആതിഥേയ രാജ്യത്ത് നിന്നും അകറ്റും. ഉദാഹരണം ഖത്തറിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഒരാൾ അയാൾക്ക് ലോകകപ്പിൽ ഒരു താൽപ്പര്യവും ഇല്ലെങ്കിൽ നവംബർ 1 മുതൽ ലോകകപ്പ് അവസാനിക്കുന്നത് വരെ ആ രാജ്യത്ത് പ്രവേശിക്കാൻ സാധ്യതയില്ല. ജനക്കൂട്ടം, ട്രാഫിക്, ആ സമയത്തെ ഉയർന്ന ചെലവ് എന്നിവ ഒഴിവാക്കാൻ അവർ തീർച്ചയായും ശ്രമിക്കും.

അടുത്തതായി ലോകകപ്പ് സംബന്ധിയായ മർച്ചന്റെസ് വിറ്റും, പാനീയങ്ങളും വിറ്റ് ആതിഥേയ രാജ്യത്തിന്റെ നികുതി വരുമാനത്തിൽ വലിയ സംഭാവന ഫുട്‌ബോൾ മേള മൂലം നടക്കും എന്ന ധാരണ പൊതുവിലുണ്ട്. എന്നാൽ അതും സത്യമല്ല. കാരണം ഫിഫയ്ക്കും അതിന്റെ സ്‌പോൺസർ ബ്രാൻഡുകൾക്കും ഒരു ലോകകപ്പ് ഏറ്റെടുക്കുന്ന വേളയിൽ തന്നെ അതിഥേയ രാജ്യം വലിയ നികുതി ഇളവുകൾ നൽകുന്നുണ്ട്.

2006 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ജർമ്മനി നൽകിയത് 272 മില്യൺ ഡോളറിന്റെ നികുതിയിളവാണ്. ഇത്തരം ഒരു നികുതിയിളവ് നൽകിയതിന്റെ പേരിൽ അന്ന് ജർമ്മനിയിൽ വലിയ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായിരുന്നു.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്ന് തന്നെ ഒരു ഫുട്‌ബോൾ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് സാമ്പത്തികമായി നേരിട്ട് ഒരു രാജ്യത്തിന് വലിയ ഗുണം ചെയ്യില്ല എന്ന കാണാം. എന്നാൽ സാമ്പത്തിക നേട്ടത്തിന് അപ്പുറം ചില കാര്യങ്ങൾ പണത്തേക്കാൾ വലുതാണ് എന്ന് ഇതിനൊപ്പം കൂട്ടിച്ചേർക്കണം.

ഇത്തരം വലിയ കായിക മേളകൾ ആതിഥേയ രാജ്യത്തെ കുട്ടികളുടെ കായികതാൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇടയാക്കുന്നു. ഇത് ഒരു ആതിഥേയ രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിനും ദീർഘകാല അടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു.

ഒരു ആതിഥേയ രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഒരു ലോകകപ്പ് പണമുണ്ടാക്കുന്നതിനെക്കാൾ അഭിമാനവും ബഹുമാനവും അവരുടെ രാജ്യത്തിനുള്ള പരസ്യവുമാണെന്ന് പറയാം. ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം അതിന്റെ രാഷ്ട്രീയ, വർണ്ണ, വർഗ്ഗ വ്യത്യാസങ്ങൾ മാറ്റിവച്ച് ലോകത്തോട് സ്വാഗതം പറയുകയാണ്.

ലോകകപ്പിന്റെ ആതിഥേയത്വം ആതിഥേയ രാജ്യത്തിനെക്കുറിച്ചുള്ള അന്താരാഷ്ട്ര വിലയിരുത്തൽ തിരുത്തുന്നു എന്നതാണ് ഇതിലെ പ്രധാന ഘടകം. ഞങ്ങൾ ഇത്തരം ഒരു ആഗോള മേള നടത്താൻ പ്രാപ്തമാണ് എന്നത് ശരിക്കും ലോകത്തിന് തങ്ങളുടെ ശക്തി കാണിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ലോകകപ്പിന് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ആതിഥേയ രാജ്യത്തെ നിക്ഷേപത്തിനുള്ള ഇടമായോ, പുതിയ ബിസിനസ് സാധ്യത പ്രദേശമായോ മാറ്റിയേക്കും എന്നതാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ലോകകപ്പ് നടത്താൻ ചെലവഴിക്കുന്ന പണം ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കും എന്നതാണ് സത്യം. പുതിയ റോഡുകളും ഗതാഗത പദ്ധതികളും ഒരു ലോകകപ്പിൽ അവസാന വിസിൽ മുഴങ്ങിയതിന് ശേഷം വർഷങ്ങളോളം സാമ്പത്തിക നേട്ടങ്ങളായി മാറും.

വലിയ അന്താരാഷ്ട്ര കായിക മേളകൾ സാമൂഹിക വിഭജനങ്ങളെ മറികടക്കുകയും രാജ്യ അതിർത്തികൾക്കപ്പുറത്ത് നിന്നുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യും. 2018 ലെ വിന്റർ ഒളിമ്പിക്സിൽ ഉത്തര, ദക്ഷിണ കൊറിയകൾ ഒരു പൊതു പതാകയ്ക്ക് കീഴിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ചത് ഒരു ഉദാഹരണമാണ്.