ദോഹ: പരീക്ഷകളിൽ തോറ്റാലും, പ്രണയപരാജയം സംഭവിച്ചാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന യുവത്വം മനസ്സിരുത്തി വായിക്കേണ്ട കഥയാണിത്. ഖത്തർ ലോകകപ്പ് ഉദ്ഘാടന വേദിയിൽ മോർഗൻ ഫ്രീമാനോടൊപ്പമെത്തി ലോക താരമായി മാറിയ ഗനിം അൽ മുഫ്ത എന്ന ഖത്തർ പൗരന്റെ കഥ. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, ഗനിമിന്റെ മാതാപിതാക്കൾ മനുഷ്യത്വത്തിന്റെ ഔന്നത്യം എന്ന് തന്നെ പറയാവുന്ന ഒരു തീരുമാനം എടുക്കുന്നതിലൂടെ ആരംഭിച്ച കഥ.

വളരെ വിരളമായ, ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വന്നേക്കാവുന്ന കോഡ, റിഗ്രഷൻ സിൻഡ്രോമ്മ് (സി ആർ എസ്) എന്ന അപൂർവ്വ ജനിതക വൈകല്യത്തിന് ഇരയാണ് തങ്ങളുടെ മകൻ എന്നറിഞ്ഞ ആ മാതാപിതാക്കൾ അന്ന് ഒരുപാട് കരഞ്ഞുകാണും. ഗർഭസ്ഥ ശിശുവിന്റെ അവസ്ഥയെ കുറിച്ചുള്ള വിവരം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നിട്ടും അവർ തകർന്നില്ല. ഗർഭം വേണ്ടെന്നു വയ്ക്കാതെ മുൻപോട്ട് പോകാനായിരുന്നു അവരുടെ തീരുമാനം.

സി ആർ എസ് എന്ന ജനിതക വൈകല്യത്തിന് ഇരയായവർ ജനിക്കുക അരയ്ക്ക് താഴോട്ട് ഒന്നുമില്ലാതെയായിരിക്കും. ഇതറിഞ്ഞിട്ടും, വിധിയെ നേരിടാനായിരുന്നു അവർ തീരുമാനിച്ചത്. ആ ധീരമായ തീരുമാനമായിരുന്നു 2002 മെയ്‌ 5 ന് ഗനിം അൽ മുഫ്ത എന്ന പ്രതിഭയുടെ ജനനത്തിന് കാരണമായത്. അരയ്ക്ക് താഴോട്ട് നിശ്ശേഷം ഇല്ലാത്ത കുഞ്ഞിനെ വളർത്താൻ വിധിക്കപ്പെട്ട മാതാപിതാക്കളോട് എല്ലാവർക്കും സഹതാപമായിരുന്നു.

എന്നാൽ, അധികം വൈകാതെ തന്നെ ഗനിം ലോകത്തോട് വിളിച്ചു പറഞ്ഞു, തന്റെ മാതാപിതാക്കളോട് ആരും സഹതപിക്കേണ്ട എന്ന്, വാക്കിലൂടെയല്ല, പ്രവർത്തിയിലൂടെ ഗൾഫിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം തന്റെ കൈകൾ കൊണ്ട് ഉയരങ്ങളിലെത്തി കീഴടക്കിയാണ് ഗനിം അത് ചെയ്തത്. ഭിന്നശേഷിയുള്ളവർക്ക് സഹായമെത്തിക്കുന്നതിനുള്ള നിരവധി പ്രചാരണങ്ങളും ഗനിം നടത്തി. എന്തിനധികം, ഇന്ന് സമൂഹമാധ്യമങ്ങളിൽ 30 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സൂപ്പർതാരമാണ് ഗനിം.

തന്റെ അവശതകളെ ആഘോഷമാക്കി വിധിയോട് പൊരുതുകയായിരുന്നു ഗനിം അൽ മുഫ്ത എന്ന ചെറുപ്പക്കാരൻ. പൂർണ്ണ ആരോഗ്യവാന്മാരായവർക്ക് പോലും നേടാനാകാത്ത നേട്ടങ്ങളാണ് തന്റെ വൈകല്യത്തെ മറന്നുള്ള പോരാട്ടത്തിലൂടെ അദ്ദേഹം നേടിയെടുത്തത്. അതിനൊടുവിൽ, ലോകത്തിന്റെ അംഗീകാരമായി ലോകകപ്പ് ഉദ്ഘാടനവേദിയിൽ മോർഗൻ ഫ്രീമാനോടൊപ്പം എത്തുകയും ചെയ്തു. ഇത്തവണ ലോകകപ്പിന്റെ അംബാസിഡർമാരിൽ ഒരാൾ കൂടിയാണ് ഗനിം.

നമ്മൾ, മനുഷ്യർ, രാജ്യങ്ങളായും, വംശങ്ങളായും ഭൂമിയിൽ ചിതറിക്കിടക്കുകയാണ്. ആ വ്യത്യസ്തതയിലാണ് മനുഷ്യകുലത്തിന്റെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്, ആ ഇരുപതുകാരന്റെ വാക്കുകൾ ഹർഷാരവത്തോടെയായിരുന്നു ലോകകപ്പ് വേദി സ്വീകരിച്ചത്. ഖത്തറിന്റെ അദ്ഭുത ബാലൻ എന്നറിയപ്പെടുന്ന ഗനിമിന്റെ അവസ്ഥ വളരെ വിരളമായി മാത്രം ഉണ്ടാകുന്ന ഒന്നാണ്. ഗനിം ജനിച്ചപ്പോൾ 15 വയസ്സുവരെ മാത്രമായിരുന്നു ഡോക്ടർമാർ ആയുസ്സ് വിധിച്ചിരുന്നത്.

ജന്മനാ ലഭിച്ച വൈകല്യം നിമിത്തം, പഠനത്തിനായി നല്ലൊരു സ്‌കൂൾ കണ്ടെത്താൻ പോലും ഗനിം ബുദ്ധിമുട്ടി. എന്നാൽ, വിധിയോട് തോൽക്കുവാൻ ആ മനസ്സ് തയ്യാറായില്ല. ജീവിതത്തോടുള്ള അഭിനിവേശം ആ ബാലനെ ജീവിതം ആഘോഷമാക്കുവാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നു തന്നെ പറയാം. സ്‌കുബ ഡൈവിങ്, റോക്ക് ക്ലൈംബിങ്, ഫുട്ബോൾ, ഐസ് ഹോക്കി നീന്തൽ തുടങ്ങിയ നിരവധി കായിക ഇനങ്ങൾ, തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അയാൾ പരിശീലിച്ചു. ദിവസേന ജിമ്മുകളിൽ വർക്ക് ഔട്ട് നടത്താനും അമ്പെയ്ത്തിൽ പരിശീലനം നടത്താനും ഗനിം താത്പര്യമെടുത്തു.

2017-ൽ തന്റെ കൈകളിൽ ഇഴഞ്ഞ് മെക്കയിൽ എത്തി ഹജ്ജും നടത്തി. രണ്ടു വർഷത്തിനു ശേഷം 2019 ൽ ആയിരുന്നു ലോകത്തെ തന്നെ അതിശയിപ്പിച്ച ആ സാഹസിക സംരംഭം അരങ്ങേറിയത്. 9,827 അടി ഉയരമുള്ള ജെബെൽ ഷാംസ് പർവ്വതം കയറിയായിരുന്നു ഇത്തവണ ഗനിം ലോകത്തെ അദ്ഭുതപ്പെടുത്തിയത്. തന്റെ സാഹസികത ആസ്വദിച്ച് മുൻപോട്ട് പോകുമ്പോഴും, അവശതയനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഒരു വലിയ മനസ്സാണ് ഗനിമിനുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നിരവധി സേവനങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്.

മറ്റുള്ളവരെ കുറിച്ച് ചിന്തിക്കണം, അവശരേ സഹായിക്കണം, അതാണ് മനുഷ്യത്വം, അതാണ് ധാർമ്മിക ഉത്തരവാദിത്തം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നായിരുന്നു 2015-ലെ പാരാലിംബിക് വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ദോഹയിലെ വേദിയിൽ ഗനിം പറഞ്ഞത്. അന്ന് കേവലം 13 വയസ്സ് മാത്രമുള്ള ഒരു ബാലനായിരുന്നു ഗനിം. അതേവർഷം തന്നെ ഫലസ്തീൻ അഭയാർത്ഥി കുട്ടികളുടെ ഉന്നമനത്തിനായുൾല റീച്ച് ഔട്ട് ടു ഏഷ്യയുടെ ഗുഡ്-വിൽ അംബാസിഡറായി ഗനിമിനെ നിയമിച്ചു.

തുടർന്ന് ലെബനനിലെ നാഹർ എൽ ബരീദ് ക്യാമ്പ് സന്ദർശിച്ച ഗനിം അവിടെ 5000 കുട്ടികൾക്കായി ഒരു പുതിയ സ്പോർട്സ് സെന്റർ തുറന്നു. കായിക-സഹസിക പ്രവർത്തനങ്ങൾക്കൊപ്പം ബൗദ്ധികമായ പ്രവർത്തനങ്ങളിലും അദ്ദേഹം പുറകിലല്ല. യു കെയിലെ ലാഫ്ബറോ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്സ് പഠിക്കുവാൻ എത്തിയ ഗനിം അവിടെയും ശ്രദ്ധാകേന്ദ്രമായി മാറി.

ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്, പാതിവഴിയിൽ ഉപേക്ഷിക്കാനുള്ളതല്ല. വന്നു ചേരുന്ന പ്രതിസന്ധികളെ നേരിട്ട് മുൻപോട്ട് പോകുമ്പോഴാണ് ജീവിതം പൂർണ്ണമായും ആസ്വദിക്കാൻ കഴിയുക. ഈ സന്ദേശമാണ് ഗനിം തന്റെ ജീവിതത്തിലൂടെ ലോകത്തിനു നൽകുന്നത്.