- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
എനിക്കറിയാമായിരുന്നു ഈ നിമിഷം ദൈവം എനിക്ക് നൽകാതിരിക്കില്ലെന്ന്; ഭ്രാന്തോടെ കാത്തിരിക്കുന്ന അർജന്റീനക്കാരെ കാണാൻ എനിക്ക് ധൃതിയാവുന്നു; അപൂർവ്വ നേട്ടത്തിന് ശേഷം സ്റ്റേഡിയത്തിലേക്ക് ഓടിക്കയറിയ ഭാര്യയേയും മൂന്ന് മക്കളെയും കെട്ടിപ്പിടിച്ച് ലോകത്തിന് മുൻപിൽ പൊട്ടിക്കരഞ്ഞ് മിശിഹ; മകനെ അഭിമാനത്തോടെ വാരിപ്പുണർന്ന് അമ്മയും; മെസ്സി... മെസ്സി... മെസ്സി....
പരാജയത്തോടേയുള്ള തുടക്കം, വിജയപീഠത്തിൽ എത്തി നിന്നപ്പോൾ, അർജന്റീനിയൻ ആരാധകരുടെ ആഹ്ലാദം അതിരുകളില്ലാതെ ഒഴുകിപ്പരന്നു. കാൽപ്പന്ത് ലോകത്തിന്റെ നെറുകയിലെത്തിയ ഫുട്ബോൾ മിശിഹ മൈതാനത്ത് മുട്ടുകുത്തിയിരുന്നു നന്ദി പറഞ്ഞു. ഗൊൺസാലോ മോണ്ടിയൽ തന്റെ പെനാൽറ്റി ഗോളിലൂടെ അർജന്റീനയുടെ വിജയം ഉറപ്പാക്കിയതോടെ, ടീം അംഗങ്ങൾ എല്ലാവരും മെസ്സിക്ക് ചുറ്റും കൂറ്റുകയായിരുന്നു.
സഹപ്രവർത്തകരുമൊത്തുള്ള ആഹ്ലാദം നീണ്ടു നിന്നത് കേവലം ഒരു നിമിഷം മത്രം. ഒരുപക്ഷെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സന്തോഷം പങ്കുവയ്ക്കാൻ മെസ്സി ആഗ്രഹിച്ചത് തന്റെ പ്രിയപ്പെട്ടവളോടും കുട്ടികളോടും ഒപ്പമായിരുന്നു. കൂട്ടുകാരെ മൈതാനത്തിൽ ആഹ്ലാദിക്കാൻ വിട്ട് പിന്നെ മെസ്സി പായുകയായിരുന്നു,
ഗ്യാലറിയെ ലക്ഷ്യമാക്കി. തന്റെ ബാല്യകാല സഖിയും ഭാര്യയുമായ അന്റോണെല്ല റോക്കസോ തുടിക്കുന്ന ഹൃദയവുമായി അവിടെ കാത്തിരിക്കുകയായിരുന്നു. കൂടെ മക്കളായ തിയാഗോ, മേറ്റോ, സിറോ എന്നിവരും, കൂടെ മെസ്സിയുടെ പ്രിയപ്പെട്ട അമ്മയും.
കരുത്തിന് മേൽ കവിതയുടെ ജയം
യൂറോപ്യൻ ഫുട്ബോളിന്റെ സൗന്ദര്യം അതിന്റെ കരുത്താണെങ്കിൽ, ചടുല നീക്കങ്ങളാൽ മൈതാനത്തെഴുതുന്ന കവിതകളാണ് ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ മാസ്മരികത. ഏറെക്കാലമായി കരുത്ത് അടക്കി വാണിരുന്ന ലോക ഫുട്ബോളിൽ, മനോഹരമായ കവിത രചിച്ചുകൊണ്ട് യൂറോപ്യൻ കരുത്തിനെ അർജന്റീന കശക്കിയെറിഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള ആരാധകർ ആഹ്ലാദത്തിമിർപ്പിലായി.
തന്റെ ടീമംഗങ്ങൾ ഓരോരുത്തരായി ലോകകപ്പ് ജേതാക്കൾക്കുള്ള സ്വർണ്ണമെഡൽ വാങ്ങുന്നത് നോക്കി ആനന്ദനിർവൃതി അണയുകയായിരുന്നു ക്യാപ്റ്റൻ. പിന്നെ ലുസാലി സ്റ്റേഡിയത്തിലൊരുക്കിയ വിജയപീഠത്തിലെത്തി ആറ് കിലോ സ്വർണ്ണത്തിന്റെ കപ്പ് മെസ്സി ഏറ്റുവാങ്ങി തലയ്ക്ക് മുകളിൽ ഉയർത്തിയതോടെ സ്റ്റേഡിയം ഒരു ആനന്ദക്കടലായി മാറുകയായിരുന്നു. അതിനു മുൻപായി ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ, ഖത്തർ എമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി, മറ്റ് ഔദ്യോഗിക പ്രതിനിധികൾ എന്നിവർക്കൊപ്പം മെസ്സി അല്പനേരം ചെലവഴിച്ചു.
അമ്മയ്ക്കൊരുമ്മ
ലോകഫുട്ബോളിന്റെ നെറുകയിലേറിയ മകനെ അഭിമാനപൂർവ്വം വാരിപ്പുണർന്ന ആ അമ്മ മനസ്സിൽ ഒരുപക്ഷെ പറഞ്ഞത് തന്റെ ജീവിതം സഫലമായി എന്നായിരിക്കും. അർജന്റീനിയൻ ഷർട്ടും ധരിച്ച് സീലിയ മരിയ ക്യൂസിട്ടിനി, വിജയപീഠം കയറിയ തന്റെ മകന്റെ അടുത്തേക്ക് ഓടിയണയുന്ന ദൃശ്യങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
എതിർദിശയിലേക്ക് നോക്കി നിൽക്കുകയായിരുന്ന മെസ്സി പക്ഷെ അമ്മ വരുന്നത് കണ്ടില്ല, പുറകിലൂടെ എത്തി തന്റെ മകനെ അവർ വാരിപ്പുണർന്നപ്പോഴായിരുന്നു മെസ്സി ആ അമ്മയെ കാണുന്നത്. ആ മാതൃ ഹൃദയത്തിന്റെ മിടിപ്പ് തൊട്ടറിഞ്ഞ മിശിഹ പിന്നെ അമ്മയെ വാരി പുണർന്ന് സ്നേഹ ചുംബനങ്ങൾ അർപ്പിച്ചു.
മകന്റെ ഫുട്ബോൾ മാസ്മരികതയിൽ ലോകം മുഴുവൻ ആരാധനകൾ കൊണ്ടു പൊതിയുമ്പോഴും, മകന്റെ കരിയറിൽ നിന്നും എന്നും ഒഴിഞ്ഞുപോയിക്കൊണ്ടിരുന്ന ഒന്നായിരുന്നു ലോകകപ്പ്. അതുകൂടി കൈയെത്തിപ്പിടിക്കാൻ ആയതോടെ ഇനി ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ ആരെന്ന കാര്യത്തിൽ തർക്കം വേണ്ടെന്നാണ് മെസ്സിയുടെ ആരാധകർ പറയുന്നത്.
കണ്ണൻ ചിരട്ട മുതൽ ലോകകപ്പ് വരെ
അർജന്റീനയുടെ വിജയം ഉറപ്പായതോടെ തന്റെ ടീമംഗങ്ങൾക്കൊപ്പം ആഹ്ലാദം പങ്കുവയ്ക്കാൻ കേവലം ഒരു നിമിഷംചെലവഴിച്ച മെസ്സി, പാഞ്ഞെത്തിയത് ഗ്യാലറിയിൽ ഇരിക്കുന്ന തന്റെ പ്രിയപ്പെട്ടവൾക്ക് അരികിലേക്കായിരുന്നു. ഒരു അനശ്വര പ്രണയഗാഥ കൂടിയാണ് ഈ ഫുട്ബോൾ മാന്ത്രികന്റെ ജീവിതം. കണ്ണൻ ചിരട്ടയിൽ മണ്ണുവാരി, അച്ഛനും അമ്മയും കളിക്കുന്ന ബാല്യകാലത്ത് പരിചയപ്പെട്ടതാണ് അന്റൊനെല്ലയെ.
നിഷ്‌കളങ്കമായ ബാല്യത്തിലെ കുട്ടികളിൽ പക്ഷെ ആ ബന്ധം ഒതുങ്ങിയില്ല. ജീവിതം, ഓരോ ദിശകളിലൂടെ കടന്നു പോകുമ്പോഴും ആ ബന്ധം സുദൃഢമായിക്കൊണ്ടിരുന്നു. തന്റെ 13-ാം വയസ്സിൽ ലാ മസിയയിൽ ചേരാൻ മെസ്സി ബാഴ്സിലോണയിലേക്ക് പോയപ്പോഴും ആ ബന്ധം തുടർന്നു കൊണ്ടേയിരുന്നു. കളിക്കൂട്ടുകാരിയിൽ നിന്നും കാമുകിയായും, പിന്നെ ഭാര്യയായും ഒക്കെ വളർന്ന ആബന്ധത്തിൽ മൂന്ന് കുട്ടികളും ഇന്നുണ്ട്.
പ്രശസ്തിയുടെയും ഗ്ലാമറിന്റെയും ലോകത്ത് ഔന്നത്യത്തിൽ നിൽക്കുമ്പോഴും, മെസ്സി എന്നും ഒരു ഉത്തമ ഗൃഹനായകൻ തന്നെയായിരുന്നു. ഒഴിവു സമയങ്ങളിൽ വീടിന്റെ പുറകിലെ ഉദ്യാനത്തിൽ മക്കൾക്കൊപ്പം ഫുട്ബോൾ തട്ടിയും ബാർബെക്യു ആസ്വദിച്ചും ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. അതുകൊണ്ടു തന്നെയാണ് ഈ വിജയം എല്ലാത്തിനുമുപരി തന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മെസ്സി തീരുമാനിച്ചത്.
അന്റൊനെല്ലക്കും തന്റെ ആഹ്ലാദം അടക്കാനായില്ല. മൈതാനത്തിലെത്തി തന്റെ പ്രിയനെ വാരിപ്പുണര്ന്നു. പിന്നീട് മക്കൾക്കൊപ്പം അവർ ഇരുവരു സെൽഫികൾ എടുത്തു. പരസ്പരം വാരിപ്പുണർന്നു. തങ്ങളെ ലോകം മുഴുവൻ വീക്ഷിക്കുന്നു എന്നതോർക്കാതെ അവർ ഒരു നിമിഷം കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് പോയതുപോലെ.
പരാജയം വിജയത്തിന്റെ മുന്നോടിയാണ്
പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള, അർജന്റീനയുടെ ആരാധിക കൂടിയായ ബ്ലോഗർ മാർട്ടിന ബെൻസ , തന്റെ യൂട്യുബ് വീഡിയോയിലൂടെ പറഞ്ഞത് ഇതു തന്നെയായിരുന്നു,. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. അർജ്ന്റീന എന്ന ലാറ്റിൻ അമേരിക്കൻ രാജ്യം മുഴുവൻ ഇന്ന് അത് ഏറ്റു പറയുന്നു. സൗദിയോട് തോറ്റുകൊണ്ടുള്ള തുടക്കം എത്തിനിൽക്കുന്നത് ഫിഫ കപ്പിന്റെ കിരീടത്തിലാണ്.
ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നായിരുന്നു മാർട്ടിന ബെൻസ പറഞ്ഞത്. സാമ്പത്തികമായി വൻ പ്രതിസന്ധി നേരിടുന്ന ഒരു സമയമാണ് അർജന്റീനക്ക് ഇപ്പോൾ എന്ന് ബ്യുണസ് അയേഴ്സിൽ താമസിക്കുന്ന അവർ പറയുന്നു. പക്ഷെ ഫുട്ബോൾ എന്നാൽ അത് അർജന്റീനയുടെ മാന്ത്രിക ശക്തിയാണ്. ഏതൊരു ദുഃഖത്തേയും ഇല്ലാതെയാക്കാൻ അർജന്റീനിയക്കാർക്ക് ഉത്തമ ഔഷധം കൂടിയാണ് ഫുട്ബോൾ. ഇന്ന് ദുഃഖം മാറ്റുക മാത്രമല്ല, ആഹ്ലാദത്തിന്റെ ഉച്ചകോടിയിൽ ഒരു ജനതയെ എത്തിച്ചിരിക്കുകയാണ് ഫുട്ബോൾ എന്നും അവർ പറയുന്നു.
ബ്യുണസ് അയേഴ്സിൽ നിന്നു തന്നെയുള്ള മറ്റൊരു ബ്ലോഗർ അലക്സ് മാർട്ടിൻ കുറിച്ചത് മെസ്സി അർഹിക്കുന്ന കിരീടം എന്നായിരുന്നു. അർജന്റീനക്കായി മെസ്സി കഷ്ടപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി എന്ന് അയാൾ ചൂണ്ടിക്കാണിക്കുന്നു. ഇത് മെസ്സി നൂറു ശതമാനം അർഹിക്കുന്ന ഒരു കപ്പാണെന്നും അയാൾ കൂട്ടിച്ചേർക്കുന്നു. 1986- ന് ശേഷമുള്ള ർജന്റീനിയൻ കാത്തിരിപ്പാണ് ഖത്തറിന്റെ മണ്ണിൽ അവസാനിച്ചിരിക്കുന്നതെന്നും അയാൾ എഴുതുന്നു.
സ്പോർട്സ് ഡെസ്ക്