ദോഹ: ഖത്തർ ലോകക്കപ്പിലെ മത്സരങ്ങൾ തുടങ്ങിയതോടെ ലോകം കാൽപന്ത ആരവത്തിലേക്ക് കന്നിട്ടുണ്ട്. എന്നാൽ, ഖത്തറിനെ നിയമങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് അവസാനമാകുന്നില്ല. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവിൽ നിറങ്ങളുള്ള ടി ഷർട്ട് ധരിച്ചെത്തിയ മാധ്യമ പ്രവർത്തകനെ തടഞ്ഞു വച്ചതാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്.

ലോകകപ്പിൽ യുഎസ്എയുടെ ഉദ്ഘാടന മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയ സിബിഎസ് സ്പോർട്‌സിൽ ജോലി ചെയ്യുന്ന ഗ്രാന്റ് വാലിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കുറച്ചുനേരം തടഞ്ഞുവച്ചത്. യുഎസ് മാധ്യമപ്രവർത്തകനെ തടഞ്ഞുവച്ചത് ഏറെ വിവാദമായിരിക്കുകയാണ്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞത്.

സ്വവർഗ ബന്ധം നിയമവിരുദ്ധമായ രാജ്യമാണ് ഖത്തർ. ഇതിനാലാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന അടയാളങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം കാണാനായി യു എസ് മാധ്യമപ്രവർത്തകൻ എത്തിയത്. ഷർട്ട് അഴിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും ഇദ്ദേഹം പറയുന്നു. തുടർന്ന് സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തന്റെ ഫോൺ പിടിച്ചെടുത്തു.

25 മിനിട്ടോളം തടഞ്ഞുനിർത്തി. എന്നാൽ പിന്നീട് സെക്യൂരിറ്റി ഓഫീസർ എത്തി മാപ്പ് പറയുകയും വേദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഫിഫയുടെ പ്രതിനിധിയിൽ നിന്നും മാധ്യമപ്രവർത്തകന് ക്ഷമാപണം ചോദിച്ചുകൊണ്ട് സന്ദേശം ലഭിച്ചു. മഴവില്ലഴകിലുള്ള മൾട്ടികളർ ആംബാൻഡ് ധരിക്കുന്നതിൽ നിന്നും താരങ്ങളെ വിലക്കിക്കൊണ്ടുള്ള ഫിഫ തീരുമാനവും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

നേരത്തെ വൺ ലവ് ആം ബാൻഡ് ധരിച്ച് ലോകകപ്പ് റിപ്പോർട്ട് ചെയ്ത് ബിബിസി അവതാരക അലക്‌സ് സ്‌കോട്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനുകൾ എൽജിബിറ്റിക്യുപ്ലസ് അവകാശത്തെ പിന്തുണയ്ക്കുന്ന ആം ബാൻഡുകൾ കെട്ടുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക പ്രതിഷേധവുമായി രംഗത്തുവന്നത്. ഫിഫ നടപടി ഭയന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ 'നോ ഡിസ്‌ക്രിമിനേഷൻ' (വിവേചനം അരുത്) എന്ന ആം ബാൻഡ് അണിഞ്ഞാണ് ഇറാനെതിരെ കളിക്കാനിറങ്ങിയത്.

മുൻ ഇംഗ്ലീഷ് താരങ്ങളായ ഗാരി ലിനേക്കർ, അലൻ ഷിയറർ, റിയോ ഫെർഡിനാൻഡ്, മിക്ക റിച്ചാർഡ്‌സ് എന്നിവരാണ് ബിബിസിയുടെ സ്റ്റുഡിയോയിലുണ്ടായിരുന്നത്. ഇറാനെതിരെയുള്ള മത്സരം റിപ്പോർട്ട് ചെയ്യാൻ ഖലീഫ സ്റ്റേഡിയത്തിൽ മാധ്യമപ്രവർത്തകരായ കെല്ലി സോമേഴ്‌സും അലക്‌സ് സ്‌കോട്ടും. ഇംഗ്ലണ്ടിന്റെ ലൈനപ്പിനേക്കുറിച്ചും ഇറാൻ ടീമിനേക്കുറിച്ചും സ്‌കോട്ട് സംസാരിച്ചത് കൈയിൽ 'വൺ ലവ്' മഴവിൽ ബാൻഡ് അണിഞ്ഞുകൊണ്ടാണ്. അലക്‌സ് സ്‌കോട്ട് ബാൻഡ് അണിഞ്ഞിരിക്കുന്ന വിവരം മറ്റൊരു അവതാരകയായ കെല്ലി സോമേഴ്‌സ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് താരങ്ങൾ വൺ ലവ് ബാൻഡ് അണിയില്ലെന്ന് പരിശീലകൻ ഗരെത് സൗത്‌ഗേറ്റ് തന്നോട് നേരിട്ട് സ്ഥിരീകരിച്ചെന്നും മാധ്യമ പ്രവർത്തക പ്രതികരിച്ചു.

ഫിഫയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികളും വിലക്കുകളും നേരിടേണ്ടി വരുമെന്നതിനാൽ മഴവിൽ ബാൻഡ് ധരിച്ച് കളത്തിലിറക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി ഇംഗ്ലണ്ടും ജർമനിയും മറ്റ് അഞ്ച് യൂറോപ്യൻ ടീമുകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കളിക്കാർ ഫിഫയുടെ അംഗീകാരമില്ലാത്ത വസ്ത്രം ധരിച്ചാൽ മഞ്ഞക്കാർഡ് വരെ കാണേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറൽ തീരുമാനം.

സ്വവർഗാനുരാഗവും വ്യത്യസ്ത ലൈംഗിക ആഭിമുഖ്യവും നിയമവിരുദ്ധമായ ഖത്തറിൽ പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് താരങ്ങൾ മഴവിൽ നിറമുള്ള ബാൻഡ് അണിയുകയെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. 'ഞങ്ങളുടെ ക്യാപ്റ്റന്മാർ മൈതാനത്ത് ആം ബാൻഡുകൾ അണിഞ്ഞാൽ കടുത്ത നടപടികളുണ്ടാകുമെന്ന് ഫിഫ വ്യക്തമായ മുന്നറിയിപ്പ് നൽകി.