- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'അവളുടെ പേര് പറയൂ'; ഇംഗ്ലണ്ട് - ഇറാൻ പോരാട്ടത്തിനിടെ മഹ്‌സ അമിനിക്കായി പ്രതിഷേധത്തിന്റെ കടലിരമ്പം; 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യമെഴുതിയ ടീ ഷർട്ടുകളുമായി ഇറാൻ ജനത ഖത്തറിലും
ദോഹ: രാജ്യത്ത് സ്ത്രീകൾക്ക് നിർദേശിച്ചിട്ടുള്ള വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് ടെഹ്റാനിൽ അറസ്റ്റിലാവുകയും മതപൊലീസിന്റെ കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത ഇറാനിയൻ കുർദിഷ് വംശജയായ മഹ്‌സ അമിനിക്കായി ലോകകപ്പ് വേദിയിലും ശബ്ദുമയർത്തി ഇറാൻ ജനത. നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
ലോകകപ്പ് ഫുട്‌ബോളിൽ ഇറാൻ-ഇംഗ്ലണ്ട് പോരാട്ടത്തിന് അരങ്ങുണരവെ, അവളുടെ പേര് പറയൂ, മഹ്‌സ അമിനി എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇറാൻ ആരാധകർ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിച്ചത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് ഇറാനിലെങ്ങും അലയടിച്ച സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമെഴുതിയ ടീ ഷർട്ടുകൾ ധരിച്ച് പ്രതിഷേധിച്ചത്. അറസ്റ്റിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു അമിനി മരണപ്പെട്ടത്. കഴിഞ്ഞ വാരങ്ങളിൽ ഇറാന്റെ ഫുട്‌ബോൾ താരങ്ങളും ആരാധകരും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്.
ഇംണ്ടിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇറാൻ തോറ്റത്. ഒന്നാം പകുതി അവസാനിച്ചപ്പോൾ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, സ്റ്റെർലിങ്, റാഷ്‌ഫോർഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത്. ഇറാന്റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു. മത്സരം പുരോഗമിക്കുമ്പോഴും ഇറാൻ ജനതയുടെ പ്രതിഷേധത്തിന് അയവുവന്നില്ല.
22കാരിയായ അമിനി കൊല്ലപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ മുതൽ ഇറാനിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും പ്രധാന നഗരമായ മാഷാദിലും വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്‌സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് വിഭാഗമായ ഗഷ്‌തെ ഇർഷാദ് അറസ്റ്റ് ചെയ്തത്. ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുന്നതിനിടെ അമിനി ക്രൂര മർദ്ദനത്തിനിരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അമിനിയുടെ കൊലപാതകത്തിൽ ഇറാനിൽ നടന്ന പ്രതിഷേധങ്ങളിൽ 300ൽ അധിക പേർ കൊല്ലപ്പെട്ടിരുന്നു. ഇറാൻ ജനതയുടെ പ്രതിഷേധം. പ്രതിഷേധത്തെ അടിച്ചമർത്താൻ ഭരണകൂടം സൈന്യത്തെ നിയോഗിച്ചതോടെ, തെരുവുകൾ പോരാട്ടക്കളങ്ങളായി. ഇതിന് പിന്നാലെയാണ് ലോകകപ്പ് വേദിയിലേക്കും ആരാധകർ പ്രതിഷേധത്തീ പടർത്തിയത്. ഇന്ന് നടന്ന ഇറാൻ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഇറാൻ ടീം അംഗങ്ങൾ ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ചിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിന് അകത്തും ആരാധകർ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ സെനഗളിനെതിരായ മത്സരത്തിൽ കറുത്ത ജാക്കറ്റ് ധരിച്ചായിരുന്നു താരങ്ങൾ മത്സരത്തിനെത്തിയത്. രാജ്യത്തെ സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നീക്കം. പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സെനഗളിനെതിരായ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.
പ്രതിഷേധക്കാർക്കൊപ്പമാണ് താനെന്ന് പ്രതിരോധ താരം എഹ്സാൻ ഹജ്സഫി വ്യക്തമാക്കിയിരുന്നു. ഞങ്ങൾ അവർക്കൊപ്പമാണെന്ന് അവർ അറിയണം. ഞങ്ങൾ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടി മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
എഹ്‌സാനെ പോലെ എല്ലാ ഇറാനിയൻ താരങ്ങളും തുറന്ന പ്രതികരണത്തിന് തയാറായിട്ടില്ല. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കരിം അൻസാരിഫാദും മൊർട്ടെസ പൗരലിഗഞ്ചിയും വിസമ്മതിച്ചിരുന്നു. ഡച്ച് ക്ലബ് ഫെയ്നൂർഡിനായി കളിക്കുന്ന ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് ഇംഗ്ലണ്ടിലെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ പ്രതികരണമായിരുന്നു നടത്തിയത്.
ടീം മാനേജർ കാർലോസ് ക്യുയേരോസ് കളിക്കാർക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും അവകാശം ഉണ്ടെന്ന് പറയുകയും ചെയ്തു.
ഇംഗ്ലണ്ടിലെ ബ്രെന്റ്ഫോർഡ് ക്ലബിനായി കളിക്കുന്ന ഇറാന്റെ മിഡ്ഫീൽഡർ സമൻ ഗോഡോസ് തന്റെ രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ച് എല്ലാ ദിവസവും തന്റെ ടീമംഗങ്ങളോട് സംസാരിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇറാൻ ദേശീയ ടീമിന്റെ ബാനർ ടെഹ്റാനിൽ കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്പോർട്സ് ഡെസ്ക്