ദോഹ: ദോഹയിലെ ലുസൈൽ സ്റ്റേഡിയം ഇന്ന് സാക്ഷിയായത് ഇതുവരെയുള്ള ഫുട്‌ബോൾ ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ്. കിരീട പ്രതീക്ഷയുമായെത്തിയ ലയണൽ മെസിക്കും സംഘത്തിനും കനത്ത ആഘാതമാകുന്ന തോൽവി. ആരും കാര്യമായ പരിഗണന നൽകാതിരുന്ന സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളിന് അർജന്റീനയെ അട്ടിമറികളുടെ ചരിത്രത്തിലേക്ക് നിഷ്‌കരുണം തള്ളിവിടുകയായിരുന്നു.

സൗദി ഒരുക്കിയ ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങിയില്ലായിരുന്നുവെങ്കിൽ ആദ്യപകുതിയിൽത്തന്നെ അർജന്റീന നാല് ഗോളിനെങ്കിലും മുന്നിട്ടു നിന്നെനേ. ആരാധകർ പ്രതീക്ഷിച്ചത് പോലെ അനായാസം ജയം ഉറപ്പിക്കേണ്ടിയിരുന്ന മത്സരമാണ് ഇപ്പോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി മാറിയത്.

ഫുട്‌ബോൾ ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച അട്ടിമറിയാണ് ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് നടന്നത്. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായി സൗദിയുടേത്. സൗദി ഗോളി അൽ ഒവൈസിക്ക് മുന്നിലാണ് അർജന്റീന അടിയറവുപറഞ്ഞത്. മത്സരത്തിന് കിക്കോഫായി പത്താം മിനുറ്റിൽ മുന്നിലെത്തിയ അർജന്റീന 2-1ന്റെ തോൽവി സൗദി അറേബ്യയോട് വഴങ്ങുകയായിരുന്നു.

അർജന്റീനക്കായി ലയണൽ മെസിയും സൗദിക്കായി സലേ അൽഷെഹ്രിയും സലീം അൽദാവസാരിയും വലകുലുക്കി. 48, 53 മിനുറ്റുകളിലായിരുന്നു സൗദിയുടെ മടക്ക ഗോളുകൾ. ഇതിലെ സലീമിന്റെ രണ്ടാം ഗോൾ ഏറെ ശ്രദ്ധേയമായി. സൗദി അറേബ്യയുടെ കാവൽക്കാരൻ മുഹമ്മദ് അൽ ഒവയ്‌സിന്റെ കിടിലൻ പ്രകടനവും എടുത്തുപറയണം. ലയണൽ മെസ്സി ഏറിയ പങ്കും കാഴ്ചക്കാരനായിപ്പോയ മത്സരത്തിൽ, ആരാധകരുടെ ശ്രദ്ധ കവർന്ന താരം ഒവയ്‌സാണ്.

10ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു പിന്നാലെ, അടുത്ത 25 മിനിറ്റിനിടെ മൂന്നു തവണയാണ് അർജന്റീന താരങ്ങൾ ഗോൾവല ചലിപ്പിച്ചത്. മെസ്സി തന്നെ ഒരിക്കൽക്കൂടി ഗോൾ നേടി അർജന്റീന ആരാധകരെ ആവേശത്തിലാഴ്‌ത്തിയതാണ്. 10ാം മിനിറ്റിൽ നേടിയ ഗോളിനു ശേഷം 22ാം മിനിറ്റിൽ തകർപ്പൻ ഒറ്റയാൻ മുന്നേറ്റത്തിലൂടെ മെസ്സി വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

പിന്നാലെ 28ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്‌സൈഡ് വില്ലനായി. 34ാം മിനിറ്റിൽ ഒരിക്കൽക്കൂടി മാർട്ടിനസ് പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി. ആദ്യപകുതിയിൽ തന്നെ ഏഴ് ഓഫ്സൈഡുകൾ അർജന്റീനയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിൽ മൂന്നെണ്ണം ഗോളവസരങ്ങളായിരുന്നു എന്നതും മത്സരഫലത്തിൽ നിർണായകമായി. കഴിഞ്ഞ നാല് ലോകകപ്പുകളിൽ ഒരു മത്സരത്തിന്റെ ഹാഫ്ടൈമിനിടെ ഏറ്റവും കൂടുതൽ ഓഫ്സൈഡുകൾ വഴങ്ങിയ ടീമെന്ന നാണക്കേട് സൗദിക്കെതിരായ മത്സരത്തോടെ അർജന്റീനയുടെ പേരിലായി.

മെസ്സിയുടെ ആദ്യ ഗോളിനു ശേഷം നിരവധി അവസരങ്ങൾ അർജന്റീനക്ക് കിട്ടി. താരതമ്യേന ദുർബലരായ സൗദിക്കെതിരേ പരിശീലകൻ സ്‌കലോണിയുടെ തന്ത്രങ്ങൾ പാളി. മധ്യനിരയിൽ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്‌കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയിൽ ടീമിനെ ഇറക്കിയ സ്‌കലോണി മിഡ്ഫീൽഡർമാരെ വിദഗ്ദമായ ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങൾക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല.

മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്‌കലോണി തന്ത്രങ്ങൾ ഒരുക്കിയത്. മധ്യനിരയിൽ കളിമെനയാൻ ആരും മുതിർന്നില്ല. മൂന്ന തവണ അർജന്റീന അടിച്ച ഗോളുകൾ ഓഫ്സൈഡായിരുന്നു. കാരണം സൗദി ഒരുക്കിയ ഡിഫെൻസീഫ് ലൈൻ ഭേദിച്ചുമാത്രം മുന്നേറാനാണ് അർജന്റീന ശ്രമിച്ചത്. മറ്റൊരു തന്ത്രവും അയാൾ നടപ്പാക്കിയില്ല.

തന്ത്രം പാളുമ്പോൾ മറുതന്ത്രമൊരുക്കുന്ന പ്രായോഗികതയെ വെള്ളവരയ്ക്ക് പുറത്തുതന്നെ പ്രതിഷ്ഠിച്ചു. സൗദിയുടെ കൗണ്ടർ അറ്റാക്കുകൾ തടയാൻ മറുമരുന്ന് കണ്ടുപിടിക്കാനാവാതെ അയാൾ ഉഴറി. കളിക്കാരുടെ തിരഞ്ഞെടുപ്പും മികച്ചതായിരുന്നില്ല. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസ്, ബ്രൈറ്റന്റെ മക് അലിസ്റ്റർ എന്നിവരെ ഒഴിവാക്കി. ഇടത് വിങ്ങിൽ കളിച്ച പപ്പു ഗോമസ് മികച്ച മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. വലതു വിങ്ങിൽ മെസ്സക്ക് പകരം ഡി മരിയ മികച്ചു നിന്നു. പക്ഷേ മെസ്സിയുടെ പൊസിഷനിങ് പാളി. എല്ലാം കൊണ്ടും സ്‌കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി.

മത്സരത്തിൽ 70 ശതമാനം പന്ത് കാൽക്കൽ വച്ചിട്ടും ടാർഗറ്റിലേക്ക് ആറ് ഷോട്ടുകൾ ഉതിർത്തിട്ടും ഒരെണ്ണം മാത്രമാണ് അർജന്റീനയ്ക്ക് വലയിലെത്തിക്കാനായത്. മറുവശത്ത് ടാർഗറ്റിലേക്കുള്ള രണ്ട് ഷോട്ടുകളും സൗദി താരങ്ങൾ ഗോളുകളാക്കി മാറ്റി. സൗദിയുടെ പാസുകളുടെ എണ്ണം 264ൽ ഒതുങ്ങിയപ്പോൾ അർജന്റീനയുടേത് 596 ആയിരുന്നു. മത്സരത്തിലാകെ അർജന്റീന 10 ഓഫ്‌സൈഡുകൾ വഴങ്ങിയപ്പോൾ സൗദിയുടെ പേരിൽ ഒന്ന് മാത്രമേയുള്ളൂ. ഏറ്റവും കൂടുതൽ ഫൗളും(21), മഞ്ഞക്കാർഡുകളും(6) സൗദി താരങ്ങൾക്കായി. അർജന്റീനൻ താരങ്ങളാരും കാർഡ് കണ്ടില്ല.