- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'അവരെപ്പോലെ ഞങ്ങൾക്കും മികച്ച തിരിച്ചുവരവ് നടത്താൻ കഴിഞ്ഞു!; സൗദിയുടെ ഐതിഹാസിക വിജയം പ്രചോദിപ്പിച്ചു; അർജന്റീനയ്ക്കെതിരെ വിലപ്പെട്ട കളിയാണ് കാണിച്ചുതന്നത്'; ജർമ്മനിയെ ഞെട്ടിച്ച വിജയത്തിന് ജപ്പാൻ താരങ്ങൾ നന്ദി പറയുന്നത് സൗദിയോട്; അടുത്ത ലക്ഷ്യം കോസ്റ്റാറിക്കയ്ക്കെതിരായ ജയം
ദോഹ: ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ കുതിപ്പിന് മുന്നിൽ ആദ്യം വീണത് അർജന്റീന, പിന്നാലെ ജർമ്മനിയും. ഏഷ്യൻ കരുത്തരായ ജപ്പാന്റെ മിന്നാലാക്രമണത്തിന് മുന്നിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാരായ ജർമനി അടിയറവുപറഞ്ഞത്. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ 75 മിനുറ്റുകൾ വരെ ഒറ്റ ഗോളിന്റെ ലീഡിൽ ആശ്വാസം കണ്ടെത്തിയ ജർമനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാൻ. ജർമനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്സുവും അസാനോയും ഗോൾ നേടി.
കഴിഞ്ഞ ദിവസം മുൻചാമ്പ്യന്മാരായ അർജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചതിന് സമാനമായ പോരാട്ടമാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ജപ്പാന്റെ ഐതിഹാസിക വിജയത്തിൽ ജപ്പാൻ താരങ്ങളായ ഹിരോക്കി സകായിയും ടകെഫുസ കുബോയും തങ്ങളുടെ ടീമിനെ പ്രചോദിപ്പിച്ചതിന് സൗദി അറേബ്യയെ പ്രശംസിച്ച് രംഗത്ത് വന്നു. 'ഇന്നലെ സൗദി അറേബ്യ അർജന്റീനയ്ക്കെതിരെ വളരെ വിലപ്പെട്ട കളിയാണ് ഞങ്ങൾക്ക് കാണിച്ചുതന്നത്. ഞങ്ങൾ എല്ലാവരും വിചാരിച്ചു, ഒരുതവണ പിന്നിലാക്കാൻ കഴിഞ്ഞാൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല'. താരങ്ങൾ പറയുന്നു. കോസ്റ്റാറിക്കയ്ക്കെതിരായ ജയം നേടി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും താരങ്ങൾ പറയുന്നു.
പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി. പന്തടക്കത്തിലും പാസിങ്ങിലും ജപ്പാനെ അപേക്ഷിച്ച് ബഹുദൂരം മുന്നിൽനിന്ന ജർമനിക്ക്, എതിരാളികളെ നിസാരരായി കണ്ടതാണ് തിരിച്ചടിച്ചതെന്ന് വ്യക്തം. ആദ്യപകുതിയിൽ ജപ്പാൻ തീർത്തും നിറം മങ്ങുക കൂടി ചെയ്തതോടെ, അനായാസ വിജയം അവർ സ്വപ്നം കണ്ടു.
ആദ്യ മത്സരത്തിൽ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ആതിഥേയർ പരാജയപ്പെട്ടെന്ന നാണക്കേട് ഖത്തർ ഏറ്റുവാങ്ങിയപ്പോൾ, തൊട്ടടുത്ത ദിവസം ഇംഗ്ലണ്ട് ഇറാനെ ഗോൾമഴയിൽ മുക്കി. ഇതോടെ ഏഷ്യൻ ടീമുകളെ എഴുതിത്ത്തള്ളിയവരുടെ വായടപ്പിച്ചാണ്, ഒരു ദിവസത്തിന്റെ ഇടവേളയിൽ രണ്ട് ഏഷ്യൻ ടീമുകൾ വമ്പൻ അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത്.
എതിരാളികളുടെ കടലാസിലെ കരുത്തിൽ തെല്ലും വിശ്വസിക്കാതെ കളിച്ചാണ് സൗദിയും ജപ്പാനും അട്ടിമറികൾ സൃഷ്ടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇരു ടീമുകളുടെയും വിജയത്തിലെ സമാനതകൾ ഏറെയാണ്. ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ ഗോൾ നേടി ലീഡെടുത്ത ടീമുകളാണ് അർജന്റീനയും ജർമനിയും. എന്നിട്ട് രണ്ടാം പകുതിയിൽ 2 ഗോൾ വഴങ്ങി വമ്പൻ തോൽവി വഴങ്ങി!
അർജന്റീനയ്ക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനത്തോടെ ഒരു ഗോളിനു പിന്നിലായിപ്പോയതാണ് സൗദി അറേബ്യ. കുറഞ്ഞത് നാലു ഗോളുകളെങ്കിലും വഴങ്ങേണ്ടിയിരുന്ന ആദ്യ പകുതി. രണ്ടാം പകുതിയിൽ പക്ഷേ ചിത്രം അമ്പേ മാറി. തീർത്തും വ്യത്യസ്തരായി കളത്തിലേക്ക് തിരിച്ചെത്തിയ സൗദി താരങ്ങൾ, രണ്ടാം പകുതിയിൽ വെറും അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടിയാണ് അട്ടിമറി സൃഷ്ടിച്ചത്.
ഖലീഫ സ്റ്റേഡിയത്തിൽ ജപ്പാന്റെ വിജയവും ഏറെക്കുറെ സമാനം. ആദ്യ പകുതിയിൽ ജർമനി തുടർച്ചയായി ആക്രമിച്ചു കയറുമ്പോൾ, ജപ്പാൻ താരങ്ങൾ ചിത്രത്തിൽപ്പോലും ഉണ്ടായിരുന്നില്ല. ഏതാണ്ട് മൂന്നോ നാലോ ഗോളുകൾ വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് ജപ്പാൻ ആദ്യ പകുതിയിൽ ഒരു ഗോളിൽ ഒതുങ്ങിയത്.
എന്നാൽ അർജന്റീന സൗദി മത്സരത്തിലെന്ന പോലെ ഇത്തവണയും രണ്ടാം പകുതിയിൽ കളി മാറി. ആദ്യ പകുതിയിൽ കണ്ട ജപ്പാനേ ആയിരുന്നില്ല, മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിൽ. ജർമനിയെ വിറപ്പിക്കുന്ന പ്രകടനത്തോടെ കളം പിടിച്ച അവർ പലകുറി ഗോളിന് അടുത്തെത്തി. ഒടുവിൽ അവർ ആദ്യ ഗോൾ നേടിയത് 75ാം മിനിറ്റിൽ. അടിക്ക് തിരിച്ചടി എന്ന മട്ടിൽ പുരോഗമിച്ച രണ്ടാം പകുതിയിൽ, എട്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ അട്ടിമറി സൃഷ്ടിച്ചത്.
സ്പോർട്സ് ഡെസ്ക്