- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സെർബിയയുടെ പ്രതിരോധപ്പൂട്ട് പൊളിച്ചത് നെയ്മറുടെ മുന്നേറ്റം; റീബൗണ്ട് വന്ന പന്ത് വലയിലെത്തിച്ച് റിച്ചാർലിസൻ; ബൈസിക്കിൾ കിക്കിലൂടെ ഇരട്ട ഗോളും; അവസരങ്ങളുടെ പെരുമഴ തീർത്ത ബ്രസീലിന്റെ ജയം മറുപടിയില്ലാത്ത രണ്ട് ഗോളിന്; ലുസൈൽ സ്റ്റേഡിയത്തിൽ ആഹ്ലാദത്തിന്റെ മഞ്ഞക്കടലിരമ്പം
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ തുടക്കം മുതൽ ആക്രമണത്തിന്റെ വേലിയേറ്റം ഉയർത്തിയ ബ്രസീലിയൻ നിരയെ അറുപതു മിനിറ്റോളം പ്രതിരോധ കോട്ടകെട്ടി ചെറുത്ത സെർബിയയ്ക്ക് ഒടുവിൽ പിഴച്ചു. ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ മുന്നേറ്റത്തിൽ റിചാർലിസൻ 62, 73 മിനിറ്റുകളിൽ നേടിയ തകർപ്പൻ ഗോളുകളാണ് സമനിലപ്പൂട്ടുപൊളിച്ച് കാനറികളുടെ ജയമുറപ്പിച്ചത്. ലുസെയ്ൽ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ബ്രസീലിയൻ ആരാധകർ ആഹ്ലാദത്തിൽ മതിമറന്നു. ജയത്തോടെ ഗ്രൂപ്പ് ജിയിൽ ബ്രസീൽ ഒന്നാമതെത്തി.
സെർബിയ ബോക്‌സിനുള്ളിൽ ബ്രസീൽ താരങ്ങൾ ഉയർത്തിയ സമ്മർദ്ദ തന്ത്രമാണ് ലോകകപ്പിലെ കാനറികളുടെ ആദ്യ ഗോളിന് വഴിവച്ചത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്‌സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തി.
ആദ്യ ഗോൾ നേടി പത്ത് മിനിറ്റു പിന്നിട്ടതിനു പിന്നാലെ റിചാർലിസനിലൂടെ ബ്രസീൽ ലീഡുയർത്തി. വിനീസ്യൂസിന്റെ പാസിൽ ബോക്‌സിന് അകത്തുനിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനു രണ്ടാം ഗോൾ സമ്മാനിച്ചു.
ബ്രസീൽ തുടക്കംമുതൽ തന്നെ സെർബിയൻ ബോക്സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. എന്നാൽ കൃത്യമായ പരസ്പര ധാരണയോടെ കളിച്ച സെർബിയൻ ഡിഫൻസിനു മുന്നിൽ ഓരോ ബ്രസീലിയൻ ആക്രണങ്ങളും തകർന്നു. പിന്നോട്ടിറങ്ങി ഒത്തൊരുമിച്ച് പ്രതിരോധിച്ച സെർബിയയുടെ ഗെയിംപ്ലാൻ അറ്റാക്കിങ് തേർഡിൽ ബ്രസീലിയൻ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു.
ഒടുവിൽ ആ പ്രതിരോധം തകർക്കാൻ 61 മിനിറ്റുകൾ മഞ്ഞപ്പടയ്ക്ക് കാത്തിരിക്കേണ്ടിവന്നു. 62-ാം മിനിറ്റിൽ റിച്ചാർലിസനാണ് ബ്രസീലിനായി സ്‌കോർ ചെയ്തത്. പന്തുമായി ബോക്സിലേക്ക് കയറിയ നെയ്മറുടെ മുന്നേറ്റം ഗോളിന് വഴിയൊരുക്കി. പന്ത് ലഭിച്ച വിനീഷ്യസിന്റെ ഷോട്ട് സെർബിയൻ കീപ്പർ സേവ് ചെയ്തത് നേരെ റിച്ചാർലിസന്റെ മുന്നിൽ. റീബൗണ്ട് വന്ന പന്ത് ഒട്ടും സമയം പാഴാക്കാതെ താരം വലയിലെത്തിച്ചു.
ആദ്യ ഗോൾ നേടി പത്ത് മിനിറ്റു പിന്നിട്ടതിനു പിന്നാലെയാണ് റിചാർലിസനിലൂടെ ബ്രസീൽ ലീഡുയർത്തിയത്. വീനീഷ്യസിന്റെ പാസിൽ ബോക്‌സിന് അകത്തുനിന്ന് പന്ത് തൊട്ടുയർത്തിയ റിചാർലിസൻ മനോഹരമായൊരു ബൈസിക്കിൾ കിക്കിലൂടെ ബ്രസീലിനു രണ്ടാം ഗോൾ സമ്മാനിച്ചു. 73ാം മിനിറ്റിലായിരുന്നു നേട്ടം. ഇതോടെ നെയ്മർക്ക് ശേഷം ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ട ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും റിച്ചാർലിസന് സ്വന്തമായി.
സെർബിയൻ പ്രതിരോധ നിരയ്ക്കു കനത്ത വെല്ലുവിളിയാണ് ആദ്യ മിനിറ്റു മുതൽ ബ്രസീൽ താരങ്ങൾ ഉയർത്തിയത്. കളിയുടെ ഏഴാം മിനിറ്റിൽ ബ്രസീലിന്റെ നെയ്മറെ ഫൗൾ ചെയ്തതിന് സെർബിയൻ താരം പാവ്‌ലോവിച്ചിന് യെല്ലോ കാർഡ് ലഭിച്ചു. 9ാം മിനിറ്റിൽ കാസെമിറോയുടെ പാസിൽ നെയ്മർ സെർബിയ ബോക്‌സിൽ അപകടം വിതച്ചെന്നു തോന്നിച്ചെങ്കിലും സെർബിയ പ്രതിരോധം നെയ്മറെ കൃത്യമായി ബ്ലോക്ക് ചെയ്തു.
13ാം മിനിറ്റിൽ കോർണറിൽനിന്നുള്ള നെയ്മാറുടെ ഗോൾ ശ്രമം സെർബിയ ഗോളി മിലിങ്കോവിച് സാവിച് തട്ടിയകറ്റി. വീണ്ടുമൊരു കോർണർ കൂടി ലഭിച്ചെങ്കിലും ഹെഡറിനുള്ള മാർക്വിഞ്ഞോയുടെ ശ്രമം പരാജയപ്പെടുത്തി സെർബിയ ഗോളി പിടിച്ചെടുത്തു.
28ാം മിനിറ്റിൽ തിയാഗോ സിൽവ വിനിസ്യൂസിനു നൽകിയ ത്രൂബോൾ സെർബിയ ഗോളി ഗോളാകാൻ അനുവദിച്ചില്ല. പക്വിറ്റയ്‌ക്കൊപ്പം കളി മെനഞ്ഞ് റാഫിഞ്ഞ എടുത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. 41ാം മിനിറ്റിൽ വിനിസ്യൂസിന്റെ മറ്റൊരു ഗോൾ ശ്രമം അതിവേഗത്തിലുള്ള ടാക്കിളിലൂടെ സെർബിയൻ പ്രതിരോധ താരം മിലെങ്കോവിച്ച് പരാജയപ്പെടുത്തി. ആദ്യ പകുതി ഗോൾ രഹിതമായി പൂർത്തിയായി.
രണ്ടാം പകുതിയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങൾ. 46ാം മിനിറ്റിൽ സെർബിയൻ ഗോൾ കീപ്പറുടെ പിഴവിൽ ബ്രസീലിന് ഒരു അവസരം ലഭിച്ചു. മിലിങ്കോവിച് സാവിച്ച്, ഗുഡേജിനു നൽകിയ പാസ് തട്ടിയെടുത്ത റാഫിഞ്ഞയുടെ ഷോട്ട്. പക്ഷേ മികച്ചൊരു സേവിലൂടെ സെർബിയൻ കീപ്പർ തെറ്റു തിരുത്തി. സെർബിയ ബോക്‌സിനു സമീപത്തുവച്ച് നെയ്മറെ വീഴ്‌ത്തിയതിന് കിട്ടിയ ഫ്രീകിക്ക് നെയ്മാർ തന്നെ എടുക്കുന്നു. എന്നാൽ സെർബിയ ഒരുക്കിയ പ്രതിരോധ മതിലിൽ തട്ടി പന്തു പുറത്തേക്കു പോയി. തുടർന്നു ലഭിച്ച കോർണറിൽ റിചാർലിസന്റെ ഷോട്ട് സെർബിയ ഗോളി സേവ് ചെയ്തു.
55ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നെയ്മറുടെ ഗോൾ ശ്രമം പോസ്റ്റിനു വെളിയിലൂടെ പുറത്തേക്കു പോയി. 62ാം മിനിറ്റിൽ റിചാർലിസന്റെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. ബ്രസീൽ ലീഡെടുത്തതോടെ സമനില പിടിക്കാൻ സെർബിയയും ശ്രമങ്ങൾ തുടങ്ങി. അതിനിടെയാണ് റിചാർലിസന്റെ രണ്ടാം ഗോളെത്തുന്നത്. 73ാം മിനിറ്റിലെ ബൈസിക്കിൾ കിക്ക് ഖത്തർ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്നാണെന്നുറപ്പിക്കാം. മൂന്നാം ഗോളിനായി ബ്രസീൽ ആക്രമണങ്ങൾ തുടർന്നതോടെ സെർബിയ പ്രതിരോധത്തിലായി.
സ്പോർട്സ് ഡെസ്ക്