ദോഹ: അർജന്റീനയും ജർമ്മനിയും ഏഷ്യൻ കരുത്തിന് മുന്നിൽ അടിതെറ്റി വീഴുന്നതിന് സാക്ഷിയായ ലോകകപ്പ് ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ പ്രതീക്ഷ കാത്ത് ബ്രസീൽ വിജയത്തോടെ തുടക്കമിടുന്നതാണ് കണ്ടത്. ഇതുവരെ നടന്ന ഗ്രൂപ്പ് മത്സരങ്ങളിലെ ഏറ്റവും മനോഹരമായ ഗോൾ പിറന്ന ദിവസമായിരുന്നു ഇന്നലെ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമായി പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനൊ റൊണാൾഡോ പുതുചരിത്രം കുറിക്കുന്നതിനും ആദ്യ റൗണ്ട് പോരാട്ടം സാക്ഷിയായി.

എടുത്ത് പറയേണ്ടത് കിരീട പ്രതീക്ഷയോടെയെത്തി ആദ്യ റൗണ്ടിൽ ദുർബലരെന്ന് കരുതിയ സൗദി അറേബ്യയോട് അർജന്റീന ദയനീയമായി പരാജയപ്പെട്ടതും ജർമ്മനി ജപ്പാന്റെ ആവേശക്കുതിപ്പിൽ വീണതുമായിരുന്നു. ഇരു ടീമുകളും ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകൾ രണ്ടാം പകുതിയിൽ വഴങ്ങിയായിരുന്നു തോൽവി വഴങ്ങിയത്.

വാശിയോടെ പൊരുതിക്കളിച്ചിട്ടും നിരവധി അവസരങ്ങൾ കിട്ടിയിട്ടും ഗോളുമാത്രം വഴിനിന്ന നിർഭാഗ്യത്തിൽ ഓരോ പോയിന്റ് പങ്കിട്ട ദക്ഷിണകൊറിയയും യുറഗ്വയും. ഗോളുകൾ വീണുകൊണ്ടിരുന്ന രണ്ടാംപകുതിയിൽ അവസാന പതിനഞ്ച് മിനിറ്റ് വരെ വിറപ്പിച്ച് കീഴടങ്ങിയ ഘാന ഖത്തർ ലോകകപ്പിലെ ആദ്യ റൗണ്ടിലെ ഏറ്റവും സുന്ദരമായ കാഴ്ചകളായി മാറി. 89ആം മിനിറ്റിൽ ബുകാരി നേടിയ ഗോൾ വെറുമൊരു ഗോളായിരുന്നില്ല മറിച്ച് പോരാടാൻ മടിയില്ലാത്ത ആഫ്രിക്കൻ വീര്യത്തിന്റെ തെളിവായിരുന്നു. ഈ ലോകകപ്പിൽ ഇനിയും അട്ടിമറികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് ആഫ്രിക്കൻ താരങ്ങളുടെ പോരാട്ടവീര്യത്തിൽ തെളിഞ്ഞത്.

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയ മൊറോക്കോ, കരുത്തരായ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ പൂട്ടിയ തുനീസിയ, കരുത്തരായ പോളണ്ടിനെ ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടിയ മെക്‌സിക്കോ, സമനിലയിൽ പിരിഞ്ഞ യുഎസ്എ വെയ്ൽസ് മത്സരം എന്നിവയും പോരാട്ട വീര്യം നിറഞ്ഞുനിന്നെങ്കിലും മത്സരഫലം നിരാശ സമ്മാനിക്കുന്നതായി.

ഇറാനെ തിരെ ഗോൾ മഴ വർഷിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പ് പ്രതീക്ഷകൾക്ക് മാറ്റുകൂട്ടിയത്. സമാനമായ രീതിയിൽ സ്‌പെയിൻ കോസ്റ്റ റിക്ക മത്സരവും ഗോൾമഴയിൽ മുങ്ങിയിരുന്നു.

ഘാനയ്‌ക്കെതിരെ ആദ്യ പകുതി ഗോൾ രഹിതമായിട്ടും രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച നായകൻ റൊണാൾഡോയുടെ ഗോളിന് തിളക്കമേറെ. പെനാൽറ്റിയെ ചൊല്ലിയുള്ള പരാതികളും വിമർശനങ്ങളും ആ തിളക്കത്തിന്റെ മഹിമ കുറക്കുന്നില്ല. അഞ്ച് ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യത്തെ താരമായ സിആർ7, ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്‌കോററുമായി.

എന്തുകൊണ്ടാണ് കാനറിപ്പക്ഷികൾ ലോകത്തിന്റെ പ്രിയങ്കരർ ആകുന്നത് എന്നതിന് ഉത്തരമായിരുന്നു ലുസെയ്ലിൽ കണ്ടത്. സ്ട്രൈക്കർ മിഡ്രോവിച്ച് ഒഴികെ ഏതാണ്ടെല്ലാ കളിക്കാരും തീർത്ത സെർബിയൻ പ്രതിരോധമതിലിനു മുന്നിൽ ഒന്നു പെടാപാട് പെട്ട ആദ്യപകുതിക്ക് ശേഷം പുതിയ തന്ത്രവുമായി അവരെത്തി. എല്ലാവരും ഗോളടിക്കുന്ന എള്ലാവരും പ്രതിരോധിക്കുന്ന ബ്രസീലിയൻ ഫുട്ബോൾ സൗന്ദര്യശാസ്ത്രം തന്നെ പുതിയ തന്ത്രത്തിന് അടിത്തറ.

വിനീഷ്യസ് ജുനിയറിന്റെ ഷോട്ടുകൾ കൊരുത്ത് റിച്ചാലിസൺ ഗോളുകടിച്ചു. അഭ്യാസിയുടെ മികവുള്ള രണ്ടാമത്തെ ഗോൾ അതിസുന്ദരം. ഒക്ടോബറിൽ പരിക്ക് കാരണം ലോകകപ്പിലേക്ക് എത്താൻ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന 25കാരന് കിട്ടിയ ഏറ്റവും നല്ല സമ്മാനം. ഗബ്രിയേൽ ജീജസ്, റോഡ്രിഗോ, റോബർട്ടോ ഫിർമിനോ എന്നിവരെയൈാക്കെ ഒഴിവാക്കിയിട്ടും ടീമിൽ ഉൾപെടുത്തിയ പ്രൊഫസർ ടിറ്റെക്കുള്ള ഗുരുദക്ഷിണ.

പക്ഷേ ഏറ്റവും നല്ല മുഹൂർത്തം ഇതൊന്നുമായിരുന്നില്ല. കാമറൂണിനെതിരെ വിജയഗോളടിച്ച സ്വിസ് താരം ബ്രീൽ എംബോള ആഹ്ലാദത്തിരയിളക്കത്തിൽ ആഘോഷിച്ചില്ല. പകരം രണ്ട് കയ്യുകളും ഉയർത്തി നിന്നു. കാരണം അഞ്ചാം വയസ്സിൽ അമ്മക്കൊപ്പം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ എംബോള ജനിച്ചത് കാമറൂണിലാണ്. അവന്റെ അച്ഛൻ ഇപ്പോഴും അവിടെയാണ് താമസം.

ആദ്യ മത്സരത്തിൽ തോൽക്കാതിരിക്കുക എന്ന കൈനീട്ടി സ്വീകരിച്ച നാടിന്റെ പതിവിന് തുടർച്ച സമ്മാനിക്കാൻ ഗോളടിച്ചെങ്കിലും എംബോളെക്ക് ആ മുഹൂർത്തം നിസ്സഹായാവസ്ഥയുടേത് കൂടിയാണ്. അത് സ്വിസ് ടീമിലെയും ഒപ്പം കാമറൂണിന്റേയും കളിക്കാർ മനസ്സിലാക്കിയിടത്താണ് ആ മുഹൂർത്തം മാനവികതയുടെ വലിയ സന്ദേശമാകുന്നത്.

കുടിയേറിയെത്തി സ്വിസ് ടീമിന്റെ നെടുംതൂണായ ഷാക്കയും ഷഖീരിയും എംബോളയുടെ മനസ്സ് എങ്ങനെ അറിയാതിരിക്കും? രണ്ട് ടീമുകളിലായിരിക്കും പക്ഷേ അപ്പോഴും ഞങ്ങൾ സഹോദരന്മാർ തന്നെയല്ലേ എന്ന് സ്നേഹത്തോടെ പറഞ്ഞ കാമറൂൺ കോച്ച് റിഗോബെർട്ട് സോങ്ങിന്റെ വാക്കുകളിലെ സ്പോർട്സ്മാൻ സ്പിരിറ്റിന് എങ്ങനെ മൂല്യമിടും? ഫുട്ബോളിന്റെ സൗന്ദര്യവും മനുഷ്യരുടെ വൈകാരിക ക്ഷോഭങ്ങളും സാഹോദര്യത്തിന്റെ മഹിമയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഗാംഭീര്യവും ഒരുമിച്ച സുന്ദരനിമിഷമായിരുന്നു അത്.