ടെഹ്‌റാൻ: ഖത്തർ ലോകകപ്പിൽ ബദ്ധവൈരികളായ അമേരിക്കയോട് പരാജയപ്പെട്ട് ഇറാൻ പുറത്തായതിന് പിന്നാലെ ദേശീയ ടീമിന്റെ തോൽവി ആഘോഷമാക്കി ഇറാൻ ജനത. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും തെരുവുകളിൽ നൃത്തം ചെയ്തുമാണ് സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്. ഇവയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

അമേരിക്കയോടുള്ള ഇറാന്റെ വിരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കയ്‌ക്കെതിരെ ഏറ്റവും കൂടുതൽ തവണ കടുത്ത ഭാഷയിൽ സംസാരിച്ചിട്ടുള്ള മറ്റ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ഇറാന്റെ ഭരണകൂടവും ഭരണത്തലവന്മാരുമായിരിക്കും. എന്നാൽ, ചരിത്രത്തിന്റെ വിധിവൈപരിത്യം പോലെ അമേരിക്കയോട് ലോകകപ്പ് ഫുട്‌ബോളിൽ സ്വന്തം രാജ്യം തോൽവി ഏറ്റുവാങ്ങിയത് ഇറാനികൾ ഭരണകൂടത്തോടുള്ള പ്രതിഷേധത്താൽ ആഘോഷമാക്കി മാറ്റുകയായിരുന്നു.

അമേരിക്കയോട് തോറ്റതോടെ ഇറാൻ ലോകകപ്പിൽ നിന്ന് പുറത്ത് പോവുകയും ബദ്ധശത്രുക്കളായ അമേരിക്ക നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. ഒരു ഗോളിനായിരുന്നു ഇറാന്റെ തേൽവി. എന്നാൽ, ഈ തോൽവിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇറാനികളാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.

ഹിജാബ് വലിച്ചെറിഞ്ഞും കൂട്ടിയിട്ട് കത്തിച്ചും ഇറാൻ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കുർദിസ്ഥാനിലും മാരിവാനിലും കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലുമെല്ലാം ആളുകൾ പടക്കം പൊട്ടിച്ചും ഹോൺ മുഴക്കിയും രാജ്യത്തിന്റെ പരാജയം ആഘോഷമാക്കി. പരാജയം ആഘോഷമാക്കുന്ന നിരവധി ട്വീറ്റുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ടീമിന്റെ പുറത്താകൽ ആഘോഷമാക്കിയത്.

കുർദിസ്ഥാനിലെ മഹബാദിൽ പടക്കങ്ങൾ പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും ആളുകൾ രാജ്യത്തിന്റെ തോൽവി ആഘോഷിച്ചു. മാരിവാനിൽ ആകാശത്തേക്ക് പടക്കങ്ങൾ പൊട്ടിച്ചായിരുന്നു ആഘോഷം. കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലും വെടിക്കെട്ടുയർന്നു. 'ഞാൻ മൂന്ന് മീറ്റർ ചാടി അമേരിക്കയുടെ ഗോൾ ആഘോഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്!' തോൽവിക്ക് ശേഷം ഇറാനിയൻ ഫുട്‌ബോൾ ജേണലിസ്റ്റ് സയീദ് സഫറാനി ട്വീറ്റ് ചെയ്തു. 'ഇതാണ് മധ്യത്തിൽ കളിക്കുന്നത്, അവർ ജനങ്ങളോടും എതിരാളികളോടും എന്തിന് സർക്കാരിനോടും തോറ്റുപോയി'. പോഡ്കാസ്റ്റർ ഇലാഹെ ഖോസ്രാവിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇറാൻ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ അമീർ എബ്തേഹാജിയുടെ ട്വീറ്റ് 'അവർ അകത്തും പുറത്തും തോറ്റു' എന്നായിരുന്നു.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്‌സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെ ഇറാനിൽ ശക്തമായ പ്രധിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തു. മഹ്‌സ അമിനിയുടെ നാടായ സാക്കെസിലും ആളുകൾ പരാജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ സെപ്റ്റംബർ 22 ന് രാജ്യ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയ കുർദ്ദിഷ് യുവതി മഹ്‌സ അമിനി, ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് ഇവരെ പിടികൂടുകയും ക്രൂരമർദ്ദനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപകമായി സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായി. സർവ്വകലാശാലകളിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടിയപ്പോൾ സ്ത്രീകൾ തെരുവുകളിൽ ഹിജാബ് കത്തിക്കുകയും പരസ്യമായി മുടി മുറിക്കുകയും ചെയ്തു.

പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടലിൽ ഇതിവരെയായി ഏതാണ്ട് 500 മുകളിൽ ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതിൽ അമ്പതിന് മുകളിൽ കുട്ടികളും പൊലീസുകാരും ഉൾപ്പെടുന്നു. നിരവധി സ്ത്രീകളും അതിക്രമങ്ങളെ തുടർന്ന് കൊല്ലപ്പെട്ടു. എന്നാൽ, പ്രശ്‌നപരിഹാരത്തിനേക്കാൾ പ്രതിഷേധത്തെ അടിച്ചമർത്താനായിരുന്നു ഇറാന്റെ മതഭരണകൂടം ശ്രമിച്ചത്. ഏറ്റവും ഒടുവിൽ ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം പാടിയപ്പോൾ ഹിജാബ് പ്രതിഷേധത്തോടൊപ്പം നിന്ന് ഇറാന്റെ കളിക്കാർ നിശബ്ദരായി നിന്നത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അമേരിക്കയോടുള്ള രാജ്യത്തിന്റെ കളിക്കളത്തിലെ തോൽവിയെ പോലും ഇറാനികൾ ആഘോഷമാക്കി മാറ്റുന്നതും.