- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സെമി ലക്ഷ്യമിട്ട് ബ്രസീലും ക്രൊയേഷ്യയും നേർക്കുനേർ; ലോകകപ്പിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം കാനറികൾക്ക്; മഞ്ഞപ്പടയുടെ താരനിര ഭയപ്പെടുത്തുന്നതെന്ന് പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ചും; മോഡ്രിച്ചിനും സംഘത്തിനും ജീവൻ മരണപ്പോര്
ദോഹ: ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ മനോഹാരിതയുമായി ബ്രസീൽ. യുറോപ്യൻ ഫുട്ബോളിന്റെ ശൈലിയും കരുത്തുമായി ക്രൊയേഷ്യ. അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ ജയിക്കുക യൂറോപ്യൻ കരുത്തരോ, അതോ ലാറ്റിൻ അമേരിക്കൻ പോരാട്ട വീര്യമോ? ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കാനുള്ള ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടും. മത്സരം രാത്രി എട്ടരയ്ക്ക് ആരംഭിക്കും. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇറങ്ങുമ്പോൾ കാനറികൾക്ക് ആശങ്കകൾ അകന്ന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. ഗോൾ അടിച്ചുകൂട്ടുന്ന അപകടകാരികളായ മുന്നേറ്റനിര. ഒന്നിനുപിറകെ ഒന്നായിഅവസരങ്ങൾ സൃഷിടിക്കുന്ന മധ്യനിര. പരീക്ഷിക്കപ്പെടാൻ ഇടം നൽകാത്ത പ്രതിരോധപ്പട. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറും ഫോമിൽ. പ്രീ-ക്വാർട്ടറോടെ ടിറ്റയുടെ പരീക്ഷണങ്ങൾ അവസാനിച്ചു. എന്ന് വേണം കരുതാൻ. കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല.
ബ്രസീലിനെ പോലെ പ്രതിഭാസമ്പന്നമായ സംഘമല്ല ക്രൊയേഷ്യ. സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിനെ ചുറ്റിപ്പറ്റിയാണ് പരിശീലകൻ ഡാലിച്ചിന്റെ തന്ത്രങ്ങൾ. മധ്യനിരയാണ് ടീമിന്റെ കരുത്ത് .മുന്നേറ്റത്തിൽ ക്രമാറിച്ചല്ലാതെ സ്ഥിരതയുള്ള ഫിനിഷർ ഇല്ല. പെരിസിച്ചും പെറ്റ്കോവിച്ചും ഫോമിലെത്തേണ്ടതുണ്ട്. പ്രതിരോധനിരയിൽ വിള്ളലുകളില്ലാത്തത് ആശ്വാസമാണ്. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ കണക്കുകളിൽ ബ്രസീലിനാണ് മുൻതൂക്കം. ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിന് രണ്ട് ടീമുകളും ഇറങ്ങുമ്പോൾ അപ്രവചനീയമാണ് മത്സരഫലം.
ബ്രസീലും ക്രൊയേഷ്യയും ഇതുവരെ ഏറ്റുമുട്ടിയത് അഞ്ച് തവണ മാത്രം. രണ്ട് തവണ ലോകകപ്പിൽ ഏറ്റുമുട്ടി. മൂന്ന് സൗഹൃദ മത്സരങ്ങൾ കളിച്ചു. ലോകകപ്പിൽ രണ്ട് തവണയും ജയം ബ്രസീലിന് ഒപ്പം. മൂന്ന് സൗഹൃദ മത്സരങ്ങളിൽ രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു, ഒന്ന് ബ്രസീൽ ജയിച്ചു.
ലോകകപ്പിൽ രണ്ടു തവണയാണ് ബ്രസീലും ക്രൊയേഷ്യും നേർക്കുനേർ വന്നത്. 2006 ലോകകപ്പിലായിരുന്നു ആദ്യ മത്സരം. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ ജയിച്ചു. കക്കയായിരുന്നു ഗോൾ നേടിയത്. 2014 ലോകകപ്പിൽ വീണ്ടും ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രസീൽ ജയിച്ചു. നെയ്മർ അന്ന് ഡബിൾ നേടി. 2018ലാണ് ഇരുവരും ഒടുവിൽ ഏറ്റുമുട്ടിയത്. സൗഹൃദ ഫുട്ബോൾ മത്സരമായിരുന്നു അത്. എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീൽ ജയിച്ചു. രണ്ടു തവണയും ജയം ബ്രസീലിന് ഒപ്പമായിരുന്നു. ഇരു ടീമുകളും ഒടുവിൽ ഏറ്റുമുട്ടിയത് 2018 മാർച്ച് ആറിനാണ്.
അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലാണ് ജയിച്ചത്. നേർക്കുനേർ പോരിൽ ബ്രസീലിന് വ്യക്തമായ മുൻതൂക്കമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1996 ലാണ് ആദ്യ സൗഹൃദ മത്സരം. അന്ന് മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. 2005 മുതൽ മറ്റൊരു സൗഹൃദ മത്സരത്തിൽ കൂടി 1-1 സമനിലയിൽ പിരിഞ്ഞു. 2018ലാണ് ഇരുവരും അവസാനമായി നേർക്കുനേർ വന്നത്. അന്ന് ബ്രസീൽ 2-0ത്തിന് ജയിച്ചു.
ലോകകപ്പിലെ കരുത്തുറ്റ ടീമുകളിലൊന്നാണ് ബ്രസീലെന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച് സമ്മതിക്കുന്നു. ഈ ലോകകപ്പിൽ അവരുടേത് മികച്ച പ്രകടനമാണെന്നും അത്തരത്തിലൊരു ടീമിനെ നേരിടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കളിക്കാരുടെ നിര ഭയപ്പെടുത്തുന്നതാണെന്നും ഡാലിച്ച് കൂട്ടിച്ചേർത്തു.
'യാഥാർത്ഥ്യബോധത്തോടെ നോക്കിയാൽ, ഈ ടൂർണമെന്റിലെ മികച്ച ടീം ബ്രസീലാണ്. അവർക്ക് കളിക്കാരുടെ വൈവിദ്യമുണ്ട്, മികച്ച നിരയുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്. അത് ഞങ്ങൾക്ക് വലിയ പരീക്ഷണമാണ്. കാര്യക്ഷമതയും വേഗതയുമേറിയ താരങ്ങൾ അവർക്കുണ്ട്. ടീമിനുള്ളിൽ മികച്ച അന്തരീക്ഷമുണ്ട്, ആത്മവിശ്വാസമുണ്ട്. പക്ഷേ ഞങ്ങൾ നിരാശപ്പെടില്ല, ഞങ്ങളുടെ പരമാവധി ഞങ്ങൾ ചെയ്യും', ഡാലിച്ച് പറയുന്നു.
സ്പോർട്സ് ഡെസ്ക്