- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഉലയാത്ത പ്രതിരോധം അവസരങ്ങൾ ഉണ്ടാക്കിയെടുത്തു; പ്രത്യാക്രമണത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മുന്നേറ്റനിര ഗോളടിച്ചു; കായിക ക്ഷമതയും ആസൂത്രണവും ജയമൊരുക്കി; പന്തടക്കത്തിൽ പിന്നോക്കം പോയാലും തോൽവി അറിയാതെ സെമിയിൽ എത്തിയ ആഫ്രിക്കയിലെ അറബ് കരുത്ത്; സെമിയിലെ തോൽവിയിലും മൊറോക്കോ രചിക്കുന്നത് പുതു ചരിത്രം; 'അറ്റ്‌ലസ് സിംഹങ്ങൾ' ലൂസേഴ്സ് ഫൈനലിന്
ദോഹ: സെമിയിൽ തോൽക്കുമ്പോഴും ലോകകപ്പിൽ ചരിത്രമെഴുതുകയാണ് മൊറോക്കോ. ഈ ലോകകപ്പിൽ സെമിയിൽ എത്തിയ ഒരേയൊരു ആഫ്രിക്കൻ രാജ്യമായി മാറി മൊറോക്കോ. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ പോലും പ്രവേശിച്ചത്. ഇതിനുമുമ്പ് 1986ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മൊറോക്കോയുടെ പ്രധാന നേട്ടം. ലോകകപ്പ് ചരിത്രത്തിൽ അവസാന എട്ടിൽ ഇടംപിടിച്ച നാലാമത്തെ ആഫ്രിക്കൻ ടീമായിരുന്നു മൊറോക്കോ. ഇനി ഒരു മത്സരം കൂടി. ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയെ തടഞ്ഞാൽ അവർക്ക് മൂന്നാം സ്ഥാനം.
സെമിയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ 'അറ്റ്‌ലസ് സിംഹങ്ങൾ'ക്ക് കഴിയാതെ വന്നിരിക്കുന്നു. ലോകക്പ്പ് എട്ട് ടീമുകളിൽ ഒതുങ്ങിയപ്പോഴാണ് ആഫ്രിക്കൻ കാൽപ്പന്തിന്റെ കരുത്ത് പന്തടക്കമുള്ള മൊറോക്കോ ടീമിലൂടെ ലോകമറിയുന്നത്. മുന്നിലെത്തിയ കരുത്തരെയെല്ലാം മൈതാനാത്ത് മലർത്തിയടിച്ചായിരുന്നു അവരുടെ സെമി വരെയുള്ള കുതിരക്കുതിപ്പ്. സെനഗലും ഘാനയും കാമറൂണുമൊക്കെയായിരുന്നു ഇത്രയും കാലം ആഫ്രിക്കൻ ഫുട്‌ബോളിന്റെ പാടിപ്പതിഞ്ഞ മുദ്രകൾ. ഖത്തറിലെ സെമി പ്രവേശനത്തിലൂടെ മൊറോക്ക എല്ലാം തങ്ങളുടെ വഴിയിലേക്കാക്കുന്നു. ശക്തമായ പ്രതിരോധനിരയും ഗോൾ കണ്ടെത്തുന്ന മുന്നേറ്റനിരയുമുള്ള ടീം ക്രൊയേഷ്യയെ സമനിലയിൽ തളച്ചായിരുന്നു ലോകകപ്പിന് തുടക്കമിട്ടത്. ക്രൊയേഷ്യയും സെമിയിൽ തോറ്റു. ലൂസേഴ്സ് ഫൈനലിന് അവരാണ് എതിരാളി. അതുകൊണ്ട് തന്നെ മൊറോക്കോ മൂന്നാം സ്ഥാന പ്രതീക്ഷയിലാണ് ഇപ്പോൾ.
കാമറൂൺ(1990), സെനഗൽ(2002), ഘാന(2010) എന്നിവരാണ് മുൻഗാമികൾ. എന്നാൽ അവർക്കാർക്കും നേടിയെടുക്കാനാകാത്ത സെമി ബെർത്താണ് പോർച്ചുഗലിനെ തളച്ച് മൊറോക്കോ നേടിയത്. യൂറോപ്യൻ കരുത്തിനെ ആഫ്രിക്കൻ ഫുട്‌ബോളിന്റെ വന്യ സൗന്ദര്യം വീഴ്‌ത്തിയ കാഴ്ച. എന്നാൽ ആ മികവ് ഫ്രാൻസിന് മുന്നിൽ തളർന്നു. 21-ാം മിനിറ്റിൽ പരിക്കേറ്റ് ക്യാപ്റ്റൻ റൊമെയ്ൻ സയ്‌സിന് മടങ്ങേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. മിഡ്ഫീൽഡർ സെലിം അമല്ലായാണ് പകരമിറങ്ങിയത്. പക്ഷേ മിഡ് ഫീൽഡിലെ കരുത്ത് ചോർന്ന മൊറോക്കോയായി 21-ാം മിനിറ്റിന് ശേഷം ഫ്രാൻസിനെതിരെ കളിച്ചത്. ഇതാണ് മൊറോക്കോയെ തളർത്തിയതും. ആഫ്രിക്കൻ ടീമാണെങ്കിലും അറബ് രാജ്യമായും അറിയപ്പെടുന്ന മൊറോക്കോ. അതുകൊണ്ടു തന്നെ ദോഹയിലെ ഇഷ്ടടീമുകളിൽ ഒന്നായിരുന്നു മൊറോക്കോ
ആറുതവണയാണ് മൊറോക്കോ ലോകകപ്പ് ഫുട്‌ബോളിനെത്തിയത്. 1970-ൽ പ്രാഥമികഘട്ടത്തിൽ പുറത്തായപ്പോൾ അവർ 14-ാമതായിരുന്നു. 1986-ലാണ് പിന്നീടെത്തിയത്. പ്രീക്വാർട്ടറിൽ അന്ന് അവസാനിച്ചു. 1994, 1998 വർഷങ്ങളിൽ ആദ്യറൗണ്ടിൽ പുറത്തായി. നീണ്ടവർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ശക്തമായ സംഘമായി 2018-ൽ റഷ്യ ലോകകപ്പിനെത്തിയ സംഘം സ്‌പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്കെത്തിയില്ല. 2022-ൽ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്കെത്തുമ്പോൾ കളിയിലുമുണ്ട് പ്രകടമായ മാറ്റം. രണ്ടുതവണ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ്, ഒരോതവണ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, ഫിഫ അറബ് കപ്പ് എന്നിവ നേടി.
അദ്ഭുതങ്ങൾ ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദോഹയിലും ഫ്രഞ്ചുകാരനായ വലീദ് അൽറക്‌റാകിയെന്ന പരിശീലകൻ. പക്ഷേ ഫ്രഞ്ച് വിപ്ലവും അതും തകർത്തു. മൊറോക്കോയുടെ ശക്തി ഉലയാത്ത പ്രതിരോധമായിരുന്നു. അവസരം കിട്ടുമ്പോൾ പ്രത്യാക്രമണം നടത്തി എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. പോർച്ചുഗലിനെ കുഴക്കിയതും ഈ തന്ത്രം തന്നെയാണ്. പക്ഷേ ഫ്രാൻസ് കരുതലെടുത്തു. കൗണ്ടർ അക്കാക്കുകളെ സമർത്ഥമായി നേരിട്ടു. അങ്ങനെ സെമിയിലെ വിജയം അവർക്കായി. മുന്നേറ്റം എതിരാളികൾക്ക് പിഴക്കുമ്പോൾ അതിനെ അവസരമാക്കി കണ്ട് മൊറോക്കോ ഓടി എതിർ പോസ്റ്റിലേക്ക് പാഞ്ഞു കയറുന്ന തന്ത്രം ഫ്രഞ്ചു പ്രതിരോധം പൊളിച്ചു.
യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളുടെ പിൻബലത്തിലാണ് കുതിപ്പ്. 17 കളിക്കാർ ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ ലീഗുകളിൽ കളിക്കുന്നു. ഖത്തറിൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു തോൽവി അറിയാതെ സെമി വരെയുള്ള മൊറോക്കോയുടെ കുതിപ്പ്. തോൽപ്പിച്ചവരുടെ കൂട്ടത്തിൽ ലോക രണ്ടാം റാങ്കുകാരും ലോകചാമ്പ്യന്മാരുമുണ്ട്. കായികക്ഷമതയും, ആസൂത്രണവുമായിരുന്നു ടീമിന്റെ കരുത്ത്. ഇത് മനസ്സിലാക്കി തന്ത്രം മെനഞ്ഞിടത്താണ് ഫ്രാൻസ് സെമിയിൽ ജയിക്കുന്നത്.
സ്പോർട്സ് ഡെസ്ക്