ദോഹ: കാൽപ്പന്തുകളിയുടെ മഹോത്സവത്തിന് വിരാമമിട്ട് ലോകകിരീടം ആർക്കെന്ന് അറിയാൻ ഇനി കലാശപ്പോരാട്ടം മാത്രമാണ് ശേഷിക്കുന്നത്. ലോകകിരീടം നേടി ഫുട്ബോൾ ചരിത്രത്തിൽ സ്വന്തം നാടിന്റെ പേര് അടയാളപ്പെടുത്തുന്നതിനൊപ്പം ഖത്തറിലെ ഫിഫ ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ തുകയാണ്.

29 ദിവസം ആഗോള കായിക കലണ്ടറിലെ ഏറ്റവും വലിയ ഉത്സവത്തിനാണ് ഖത്തറിൽ ലോകം സാക്ഷ്യം വഹിച്ചത്. ലൈവായി കാണുന്ന ആളുകളുടെ എണ്ണവും മറ്റും നോക്കിയാൽ ലോക കായിക മേളയായ ഒളിമ്പിക്സിനേക്കാൾ വലുതാണ് ഫുട്ബോൾ ലോകകപ്പ്. ലോകകപ്പ് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലൈവായി അഞ്ച് ബില്യണിലധികം ആളുകൾ എങ്കിലും കാണുമെന്നാണ് കണക്കുകൾ പറയുന്നത്.

ഫുട്ബോൾ ലോകകപ്പ് പണം ഏറെ കൊണ്ടുവരുന്ന ഒരു ആഗോള കായിക മേളയാണ്. ടിക്കറ്റ് വിൽപ്പന, മെർച്ചന്റെസ് വിൽപന മുതൽ കോർപ്പറേറ്റ് സ്പോൺസർഷിപ്പ്, സമ്മാനത്തുക, ടൂറിസം എന്നിങ്ങനെ ഫുട്ബോൾ ലോകകപ്പ് നൽകുന്ന സാമ്പത്തിക സാധ്യത ഏറെയാണ്. നാളെ ലുസൈൽ സ്റ്റേഡിയത്തിലെ കലാശപ്പോരിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ വിജയിയാകുന്ന അർജന്റീനയേയോ ഫ്രാൻസിനേയോ ആരാണെങ്കിലും സ്വർണക്കപ്പിന് ഒപ്പം 42 മില്യൺ ഡോളർ അതായത് 347 കോടി രൂപയാണ് കാത്തിരിക്കുന്നത്.

റണ്ണറപ്പിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തുന്ന ടീമിന് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്. ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾ 17 മില്യൺ ഡോളറുമായാണ് തിരിച്ചുപോയത്. അതേസമയം, യുഎസ്എ, സെനഗൽ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകൾക്ക് 13 മില്യൺ ഡോളർ വീതം ലഭിച്ചു.

ഖത്തർ, ഇക്വഡോർ, വെയിൽസ്, ഇറാൻ, മെക്സിക്കോ, സൗദി അറേബ്യ, ഡെന്മാർക്ക്, ടുണീഷ്യ, കാനഡ, ബെൽജിയം, ജർമ്മനി, കോസ്റ്ററിക്ക, സെർബിയ, കാമറൂൺ, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളിൽ വീണുപോയവർക്കും നിരാശരാകേണ്ടി വന്നില്ല. 9 മില്യൺ ഡോളർ വീതം സമ്മാനമായി ലഭിച്ചു.

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് ഫൈനൽ മത്സരം തുടങ്ങും. മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തർ ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്.

അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന. കളത്തിന് അകത്തും പുറത്തും കരുത്തരാണ്. മെസി ഫാക്ടറും ദെഷാംപ്സിന് തലവേദനയാകും. അത് ഫ്രഞ്ച് കോച്ച് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പ്ലേമേക്കർ റോളിൽ കളിക്കുന്ന മെസി കൂടുതൽ അപകടകാരിയാണെന്നും മെസിക്കെതിരെ കൃത്യമായ പദ്ധതിയുണ്ടെന്നും ദെഷാംപ്സ് പറഞ്ഞു.

മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. മെസിയെ പൂട്ടിയാലും ടീമിനെ പിടിക്കാനായെന്ന് വരില്ല. ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടാസും അകൂനയും മകലിസ്റ്ററും മോശക്കാരല്ല. ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ പ്രതികാരത്തിന്റെ പോരാട്ടമാണ് അർജന്റീനയ്ക്ക്. പ്രതികാരം പൂർത്തിയായാൽ കിരീടം റോസാരിയോയിലേക്ക് പോകും.

എന്നാൽ എംബാപ്പെയും ജിറൂദും നയിക്കുന്ന മുന്നേറ്റത്തെ തടയുകയാകും അർജന്റീന നേരിടുന്ന വെല്ലുവിളി. വിങ്ങിലൂടെ അതിവേഗം കുതിക്കുന്ന എംബപ്പെയും ക്ലിനിക്കൽ ഫിനിഷിങ് റോളിൽ തിളങ്ങുന്ന ജിറൂദും ഭീഷണിയാണ്. മധ്യനിരയിലെ ഗ്രീസ്മന്റെ പ്രകടനവും നിർണായകമാണ്. ഇതിനൊല്ലാം പരിഹാരം സ്‌കലോണിയുടെ കൈയിലുണ്ടാകും. ലൂസൈലിലെ അവസാന അങ്കം രണ്ട് തുല്യശക്തികളുടെ പോരാട്ടമാണ്. വിജയം മാത്രം ലക്ഷ്യവച്ചെത്തുന്ന പോരാട്ടം.

35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്. 2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്.