ദോഹ: ഫ്രാൻസ് - അർജന്റീന ലോകകപ്പ് ഫൈനൽ കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ക്ഷണവും നിരസിച്ച് സൂപ്പർ താരം കരിം ബെൻസേമ. തന്റെ പരുക്കിനെച്ചൊല്ലി പരിശീലകൻ ദിദിയർ ദെഷാംപ്സുമായുള്ള കടുത്ത വൈരാഗ്യം തുടരുന്നതിനാലാണ് മാക്രോണിന്റെ നേരിട്ടുള്ള ക്ഷണം ബെൻസേമ നിരസിച്ചതെന്നാണ് റിപ്പോർട്ട്. ബാലൺ ഡി ഓർ ജേതാവായ ബെൻസേമയ്ക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടപ്പെട്ടിരുന്നു. കലാശപ്പോരിൽ ബെൻസേമ ടീമിൽ ഉണ്ടാകണമെന്ന് ആരാധകർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവിലെ ടീമിൽ മാറ്റം വരുത്താൻ ദെഷാംപ്‌സ് തയ്യാറായിരുന്നില്ല. എന്നാൽ കലാശപ്പോരിൽ സീനിയർ താരം ഒളിവർ ജിറൂഡ് പരിക്കേറ്റതോടെ ആരാധകരുടെ ആശങ്ക ഇരട്ടിച്ചിരുന്നു.

നിലവിലെ ചാമ്പ്യന്മാർക്ക് ബെൻസേമ പരിക്കേറ്റ് പുറത്തായത് വലിയ നഷ്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പകരം ഇടം പിടിച്ച ഒളിവർ ജിറൂഡ് അടക്കം മുൻനിര താരങ്ങൾ മികച്ച പ്രകടനം നടത്തിയതോടെ മറികടക്കുകയായിരുന്നു. തുടർച്ചയായി രണ്ടാം ലോകകപ്പിലും ബെൻസേമയ്ക്ക് കളിക്കാനാകാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. റയൽ മാഡ്രിഡ് സ്ട്രൈക്കറായ ബെൻസിമയ്ക്ക് ദോഹയിൽ നടന്ന ആദ്യ പരിശീലന സെഷനിലാണ് തുടയ്ക്ക് പരിക്കേറ്റത്. തുടർന്ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ താരം പുറത്തായി. പരിക്ക് ഭേദമായിട്ടും പരിശീലകൻ തിരിച്ചുവിളിക്കാതെ വന്നതാണ് ബെൻസേമയെ ചൊടിപ്പിച്ചത്.

സ്പാനിഷ് പ്രസിദ്ധീകരണമായ ലിബർറ്റാഡ് ഡിജിറ്റൽ ഈ ആഴ്ച ആദ്യം ദെഷാംപ്സിന്റെ നിലപാടിൽ ബെൻസെമയ്ക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കിന് ചെറിയ ചികിത്സ മാത്രം ആവശ്യമായി വന്നിട്ടും സ്ട്രൈക്കറെ വീട്ടിലേക്ക് അയച്ചതായാണ് താരം പ്രതികരിച്ചത്. റയൽ മാഡ്രിഡിന്റെ പരിശീലന കേന്ദ്രത്തിൽ ബെൻസെമയ്ക്ക് വെറും മൂന്ന് ദിവസത്തെ ചികിത്സ മാത്രമെ വേണ്ടിവന്നുള്ളുവെന്നും അതിനകം സുഖം പ്രാപിച്ചുവെന്നും റിപ്പോർട്ടുണ്ട്. ചികിത്സയ്ക്കായി ഫ്രഞ്ച് സ്‌ക്വാഡിനൊപ്പം തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും ദെഷാംപ്‌സ് തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഖത്തർ വിട്ടതിന് ശേഷം ബെൻസെമയ്ക്ക് ഫ്രഞ്ച് ക്യാമ്പുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് എൽ എക്വിപ്പ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ദെഷാംപ്സുമായുള്ള ബെൻസേമയുടെ ബന്ധം തകർന്നുവെന്നും സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ സ്ഥാനത്ത് ആരെയെങ്കിലും വിളിച്ച് വീട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാൻ ദെഷാംപ്സ് തിടുക്കം കാട്ടിയെന്നാണ് താരത്തിന്റെ പരാതി. പരിക്ക് മാറിയെങ്കിലും ടീമിൽ ഇടം നൽകേണ്ടതില്ലെന്ന് ദെഷാംപ്‌സ് തീരുമാനിച്ചിരുന്നുവെന്നും ബെൻസെമ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

പരിശീലകന്റെ കടുത്ത നിലപാടിൽ പ്രതിഷേധം

ദെഷാംപ്‌സ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ലോകകിരീടം നേടിയ ഫ്രഞ്ച് മുൻ താരങ്ങൾക്കും പരിക്ക് കാരണം ലോകകപ്പ് നഷ്ടമായവർക്കും ഒപ്പം, ദോഹയിലേക്ക് പോകാനുള്ള ഇമ്മാനുവേൽ മാക്രോണിന്റെ ക്ഷണമാണ് ബെൻസേമ തള്ളിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ സിനദിൻ സിദാൻ , ലോറന്റ് ബ്ലാങ്ക്, മിഷേൽ പ്ലാറ്റിനി, പോൾ പോഗ്ബ, എൻഗോളോ കാന്റേ എന്നിവർക്കൊപ്പമുള്ള യാത്രയ്ക്കായിരുന്നു ക്ഷണം.

പരിക്ക് ഭേദമായിട്ടും ബെൻസേമയെ ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിലെ നീരസം കാരണമാണ് പിന്മാറ്റമെന്നാണ് സൂചന. ബെൻസേമ കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനായി സൗഹൃദ മത്സരം കളിച്ചിരുന്നെങ്കിലും, ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കാൻ പരിശീലകൻ ദെഷാം തയ്യാറായില്ല. ഖത്തറിലുള്ള 24 കളിക്കാരെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും പരിക്കേറ്റ കളിക്കാരെയോ മുൻ താരങ്ങളെയോ ഫൈനലിന് ക്ഷണിക്കേണ്ടത് തന്റെ കടമയല്ലെന്നുമാണ് ദെഷാം പ്രതികരിച്ചത്.

ചിലർ വരും, ചിലർ വരില്ല എന്നും ദെഷാം പറഞ്ഞിരുന്നു. കളത്തിന് പുറത്തെ കാരണങ്ങൾ കൊണ്ട് ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ബെൻസേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പിൽ കളിക്കുക എന്നത്. എന്നാൽ, പരിക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്. പക്ഷേ, പരിക്ക് ഭേദമായിട്ടും താരത്തെ ടീമിലേക്ക് വിളിക്കാൻ പരിശീലകൻ തയാറായില്ല.

ലോകകപ്പ് ചരിത്രമെടുത്താൽ ബെൻസേമെയെപ്പോലൊരു നിർഭാഗ്യവാനുണ്ടാകില്ല. 2018ൽ സ്വന്തം ടീം കിരീടമുയർത്തുന്നത് കണ്ടുകൊണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇത്തവണ പരിക്കിന്റെ പിടിയിലും അകപ്പെട്ടതോടെ കുടിയേറ്റക്കാരന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർന്നു. പരിശീലനത്തിനിടെ തുടയിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

2018ലെ ലോകകപ്പിൽ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പുള്ള കളിക്കാരനായിട്ടും ഒരു വിവാദം അയാളുടെ കളി മുടക്കി. ഖത്തറിലെ അതിമനോഹരമായ ലുസൈൽ സ്റ്റേഡിയം മറ്റൊരു കലാശക്കളിക്ക് വേദിയാകുമ്പോൾ അതിലൊരു വശത്ത് തന്റെ ടീം വീണ്ടുമിറങ്ങുന്നുണ്ട്. ഒരിക്കൽകൂടി തന്റെ ടീം കപ്പുയർത്തുന്നത് അകലെനിന്ന് കണ്ടുനിൽക്കാനാവുമോ അയാളുടെ വിധിയെന്നാണ് ആരാധകർ ഉന്നയിക്കുന്നത്.

കുടിയേറ്റക്കാരന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ...

അൽജീരിയയിൽനിന്ന് ഫ്രാൻസിലെ ലിയോണിലേക്ക് കുടിയേറിയ ഹാഫിദിനും വാഹിദക്കും 1987 ഡിസംബർ 19ന് ഒരു ആൺകുഞ്ഞ് പിറന്നു. അവരവനെ കരീം ബെൻസേമ എന്ന് പേരിട്ടു വിളിച്ചു. ലിയോണിലെ കുപ്രസിദ്ധമായ ബ്രോൺ പ്രവിശ്യയിൽ വളർന്ന അവൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീണുപോകാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ, കുടിയേറ്റജീവിതത്തിന്റെ അവഗണനകളെയും അരുതായ്മകളുടെ പ്രലോഭനങ്ങളെയും അവൻ തട്ടിമാറ്റിയത് ഫുട്ബാളിനെ കാലിൽ കുരുത്തായിരുന്നു.

എട്ടാം വയസ്സിൽ ക്ലബ് ബ്രോൺ ടെറെയ്‌ലൺ എസ്.സിക്കുവേണ്ടി പന്ത് തട്ടിത്തുടങ്ങിയ അവൻ വൈകാതെ ലിയോണിലെത്തി. 2005ൽ അവരുടെ സീനിയർ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചു. അവിടെ നാലു ലീഗ് വൺ കിരീടങ്ങളുടെ പകിട്ടുമായി നിൽക്കെ റെക്കോഡ് തുക നൽകി റയൽ മഡ്രിഡ് അവനെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിച്ചു.

എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗാരത് ബെയ്‌ലിന്റെയുമെല്ലാം നിഴലിൽ ഒതുങ്ങാനായിരുന്നു വിധി. അൽജീരിയൻ ദേശീയ ടീമിൽ കളിക്കാൻ സാധ്യത തെളിഞ്ഞപ്പോഴും അവൻ ഫ്രാൻസിന്റെ ജഴ്‌സിയണിയാൻ കാത്തിരുന്നു. അത് വെറുതെയായില്ല, 2007ൽ 19ാം വയസ്സിൽ ഫ്രാൻസിനായി അവൻ ആദ്യമായി കളത്തിലിറങ്ങി.

സ്വകാര്യ ജീവിതത്തിലെ താളപ്പിഴകൾ പലപ്പോഴും ബെൻസേമക്ക് തിരിച്ചടിയുണ്ടാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസായിരുന്നു ഇതിൽ ആദ്യത്തേത്. അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വാദിച്ചാണ് അന്ന് കേസിൽനിന്ന് രക്ഷപ്പെട്ടത്.

ബെൻസേമയുടെ കരിയറിലെ കരിനിഴലായിരുന്നു 2015ലെ സെക്സ് ടേപ് വിവാദം. ഫ്രഞ്ച് ടീമിലെ സഹതാരമായിരുന്ന വാൽബ്യുനയെ അദ്ദേഹവുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോയുടെ പേരിൽ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നായിരുന്നു കേസ്. ഇതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഒരു വർഷത്തെ സസ്പെൻഡഡ് തടവും 75,000 യൂറോ പിഴയുമാണ് ഏറ്റുവാങ്ങിയത്. ഈ വിവാദം ബെൻസേമയുടെ കരിയറിനേൽപിച്ച പരിക്ക് ചെറുതായിരുന്നില്ല. സംഭവത്തെ തുടർന്ന് ഫ്രഞ്ച് ടീമിൽനിന്ന് പുറത്തിരിക്കേണ്ടിവന്നത് ആറു വർഷത്തോളമായിരുന്നു. 2018ലെ ലോകകപ്പ് വരെ അത് നഷ്ടമാക്കി.

ബാലോൺ ഡി ഓർ സ്വന്തമാക്കി, എന്നിട്ടും.....

പന്ത് തട്ടിക്കളിച്ചുതുടങ്ങിയ കാലം മുതൽ കരീം ബെൻസേമ കുഞ്ഞുമനസ്സിൽ കുറിച്ചിട്ട ഒരു മോഹമുണ്ടായിരുന്നു, ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുക. അതിനായുള്ള അവന്റെ പ്രയത്‌നങ്ങൾക്ക് പതിറ്റാണ്ടുകളുടെ കഥപറയാനുണ്ടായിരുന്നു. ഒരിക്കൽ തന്റെ കാലവും വരുമെന്ന് അവനുറപ്പുണ്ടായിരുന്നു.

2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ടതോടെ ബെൻസേമ കരിയറിലെ സുവർണ കാലത്തിന് തുടക്കമിട്ടു. ഫാൾസ് 9 പൊസിഷനിൽനിന്ന് അവന് സ്വന്തമായൊരു ഇടംകിട്ടി. സാന്റിയാഗോ ബെർണബ്യൂവിൽ കിരീടമെത്താൻ കരീം ബെൻസേമ വേണമെന്ന നിലയോളം അയാൾ വളർന്നു.

അങ്ങനെ പാരിസിൽ 2022ലെ മികച്ച ഫുട്ബോൾ താരങ്ങളെ പ്രഖ്യാപിക്കുന്ന ചടങ്ങെത്തി. പുരുഷതാരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാൻ വേദിയിലേക്ക് നടന്നുകയറിയയാളെ ആർക്കും പരിചയപ്പെടുത്തേണ്ടതുണ്ടായിരുന്നില്ല.

അൽജീരിയയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറി ഫ്രഞ്ചുകാരെ ഫുട്ബോൾ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ സിനദിൻ സിദാൻ എന്ന ഇതിഹാസം. സിദാൻ പ്രഖ്യാപിക്കും മുമ്പെ അതിന്റെ ഉടമയെ 'കരീം ബെൻസേമ' എന്ന് ലോകം കുറിച്ചുവെച്ചിരുന്നു.

കാരണം, ആ സീസണിൽ അയാളെ വെല്ലാൻ അടുത്തെങ്ങും ആരുമില്ലായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലാ ലിഗ കിരീടങ്ങൾ റയലിന്റെ ഷോകേസിലെത്തിച്ച നായകൻ രാജ്യത്തിനൊപ്പം നാഷൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. അങ്ങനെ 34ാം വയസ്സ് വരെ കൂടെ കൊണ്ടുനടന്ന ഒരു വലിയ മോഹം അന്നവൻ സാക്ഷാത്കരിച്ചു.

വിലക്കില്ലായിരുന്നെങ്കിൽ ഫ്രാൻസിലെ എല്ലാ ഗോൾ റെക്കോഡുകളും ഒരുപക്ഷേ ആ കാൽക്കീഴിൽ ഒതുങ്ങുമായിരുന്നു. ഖത്തറിൽ ലോക കിരീടത്തിലേക്ക് തുടക്കം മുതൽ ഗോളടിച്ചുകയറ്റാനുള്ള സ്വപ്നത്തിനു മുന്നിലും ഒരിക്കൽകൂടി നിർഭാഗ്യം വിലങ്ങിട്ടു. എന്നാൽ, അയാൾ തളരുന്നയാളല്ലെന്ന് പലതവണ തെളിയിച്ചതാണ്, കളിയാരാധകർക്ക് ഇനിയും ഏറെ കരുതിവെച്ചിട്ടുണ്ടാകണം.

കരീം ബെൻസേമയുടെ അഭാവത്തിലും ഒളിവർ ജിറൂദും കിലിയൻ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്. ലോകകപ്പിൽ കിലിയൻ എംബാപ്പെ അഞ്ച് ഗോളടിച്ചപ്പോൾ ഒലിവർ ജിറൂദ് നാലു ഗോൾ നേടി. ലോകകപ്പിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടിനായി ഇരുവരും ശക്തമായി രംഗത്തുണ്ട്. പോഗ്‌ബെയുടെയും കാന്റെയുടെയും അഭാവത്തിൽ ഫ്രഞ്ച് മധ്യനിര അടക്കി ഭരിക്കാൻ അന്റോണിയോ ഗ്രീസ്മാനും ചൗമെനിക്കും സാധിച്ചിരുന്നു.