- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും; നെയ്മർക്ക് പകരം ആരിറങ്ങുമെന്ന ആകാംഷയിൽ ഫുട്ബോൾ ലോകം; കാമറൂൺ-സെർബിയ പോരാട്ടം വൈകീട്ട്; ദക്ഷിണ കൊറിയയ്ക്ക് എതിരാളി ഘാന
ദോഹ: ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കരുത്തരായ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ബ്രസീൽ രാത്രി ഒൻപതരയ്ക്ക് സ്വിറ്റ്‌സർലൻഡിനെയും പോർച്ചുഗൽ രാത്രി പന്ത്രണ്ടരയ്ക്ക് ഉറുഗ്വേയേയും നേരിടും.ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സ്വിറ്റ്‌സർലൻഡിനെതിരെ ഇറങ്ങുമ്പോൾ സൂപ്പർ താരം നെയ്മറിന് പകരം ആരിറങ്ങും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പകരക്കാരെ നിശ്ചയിച്ചുകഴിഞ്ഞുവെന്ന് ബ്രസീൽ കോച്ച് ടിറ്റെ വ്യക്തമാക്കി.
സ്വിസ് നിരയ്‌ക്കെതിരെ കളി മെനയാൻ നെയ്മറും വലതുപാർശ്വം കാക്കാൻ ഡാനിലോയും ബ്രസീൽ നിരയിലുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പായിരുന്നു. സെർബിയക്കെതിരായ മത്സരത്തിൽ ഇരുവർക്കും പരിക്കേറ്റതോടെയാണ് ടീമിൽ മാറ്റംവരുത്താൻ ടിറ്റെ നിർബന്ധിതനായത്. റിസർവ് നിരയിലുള്ളവർ മികവ് തെളിയിക്കാൻ കാത്തിരിക്കുകയാണെന്നും നെയ്മറുടെ അഭാവത്തിൽ ആശങ്കയില്ലെന്നും ടിറ്റെ പ്രതികരിച്ചു.
പകരക്കാർ ആരൊക്കെയെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും എഡർ മിലിറ്റാവോ, ഡാനി ആൽവസ്, ഫ്രെഡ്, റോഡ്രിഗോ എന്നിവരിലേക്കാണ് ടിറ്റെ സൂചനകൾ തുറന്നിട്ടത്. ഗോൾകീപ്പറായി അലിസൺ ബെക്കർ തുടരും. പ്രതിരോധത്തിൽ ഡാനിലോയ്ക്ക് പകരം എഡർ മിലിറ്റാവോ അല്ലെങ്കിൽ ഡാനി ആൽവസ് എത്തും.
മാർക്വീഞ്ഞോസ്, തിയാഗോ സിൽവ, അലക്സ് സാന്ദ്ര എന്നിവർക്ക് മാറ്റമുണ്ടാവില്ല. കസിമിറോ, ലൂക്കാസ് പക്വേറ്റ എന്നിവർക്കൊപ്പം നെയ്മറിന് പകരം പരിഗണിക്കുന്നത് റോഡ്രിഡോ, ഫ്രഡ് എന്നിവരിൽ ഒരാളെയാകും. റയൽ മാഡ്രിഡിൽ മികച്ച പ്രകടനമാണ് റോഡ്രിഗോ പുറത്തെടുത്തത്. മുന്നേറ്റനിരയിൽ റഫീഞ്ഞ, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ എന്നിവർക്ക് മാറ്റമുണ്ടാവില്ല.
ഇന്നത്തെ മറ്റ് മത്സരങ്ങളിൽ കാമറൂൺ വൈകിട്ട് മൂന്നരയ്ക്ക് സെർബിയയെയും ദക്ഷിണ കൊറിയ വൈകിട്ട് ആറരയ്ക്ക് ഘാനയെയും നേരിടും. ആദ്യ മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തകർത്തപ്പോൾ പോർച്ചുഗൽ ഘാനയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്