ഇന്റര്‍ മയാമി-ക്ലബ്ബ് അമേരിക്ക എന്നിവര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ആരാധകര്‍ക്ക് നേരെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കാണിച്ച ആംഗ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ മെക്‌സിക്കന്‍ താരം അഡോള്‍ഫോ ബാറ്റിസ്റ്റ. പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടുകയായിരുന്നു മയാമിയും ക്ലബ്ബ് അമേരിക്കയും. ഈ വര്‍ഷത്തെ ലയണല്‍ മെസ്സിയുടെ ആദ്യ മത്സരമാണിത്.

മെസ്സിക്ക് വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവാണെന്നാണ് ബാറ്റിസ്റ്റ വിമര്‍ശിച്ചത്. 'ഒരു കളിക്കാരനെന്ന നിലയില്‍ ഞാന്‍ നിങ്ങളെ ആരാധിക്കുന്നു. പക്ഷേ എന്റെ രാജ്യത്തിനെതിരെ നിങ്ങള്‍ കാണിച്ച ആംഗ്യത്തിലൂടെ നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവാണ് പ്രതിഫലിക്കപ്പെടുന്നത്', ബാറ്റിസ്റ്റ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

നിശ്ചിത സമയത്ത് 2-2 എന്ന സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2ന് മയാമി ജയിച്ചുകയറി. മത്സരത്തിന്റെ 34ാം മിനിറ്റില്‍ മെസ്സി ഗോള്‍ നേടിയിരുന്നു. അതിന് ശേഷമാണ് മെസ്സിയുടെ വിവാദ ആംഗ്യങ്ങള്‍. മെക്‌സിക്കന്‍ ക്ലബ്ബായ ക്ലബ്ബ് അമേരിക്കയുടെ ആരാധകര്‍ക്ക് നേരെയാണ് മെസ്സ ആംഗ്യങ്ങള്‍ കാണിച്ചത്.

മത്സരത്തിനിടെ മെസ്സിയെ കൂവി വിളിച്ച മെക്സിക്കോ ആരാധകരോട് തനിക്ക് മൂന്ന് ലോകകപ്പുണ്ടെന്നും മെക്സിക്കോയ്ക്ക് ഒരു ലോകകപ്പുമില്ലെന്നും കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതിനെതിരെയാണ് ബാറ്റിസ്റ്റ് രംഗത്ത് എത്തിയത്. ബാറ്റിസ്റ്റയും മെസ്സിയും 2010 ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തില്‍ മെക്‌സിക്കോയുടെ ഒരു ഗോളിനെതിരെ മൂന്ന് ഗോള്‍ നേടി അര്‍ജനീന വിജയിച്ചു.