പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ പ്രതിരോധ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ ഇന്നലത്തെ മത്സരത്തിന് ശേഷമാണ് മലപ്പുറം എഫ്‌.സിയുടെ ക്യാപ്റ്റൻ കൂടിയായ അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 37കാരനായ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ താരം സമൂഹ മാധ്യമത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് 2019 ജനുവരിയിൽ വിരമിച്ചിരുന്നു.

മലപ്പുറം അണ്ടർ 14 ടീമിലൂടെയാണ് അനസിന്റെ ഫുട്ബാൾ കരിയർ ആരംഭിക്കുന്നത്. 2007ൽ ഐ ലീഗിൽ മുംബൈ ടീമിനായി അരങ്ങേറ്റം കുറിച്ചതോടെയാണ് പ്രഫഷണൽ ഫുട്ബോളിൽ ശ്രദ്ധ നേടുന്നത്. ശേഷം 2011ൽ ഐ ലീഗ് ക്ലബ്ബായ പൂനെ എഫ്.സിയിലേക്ക് കൂടുമാറിയ അനസ് മികച്ച പ്രകടന പുറത്തെടുത്തു. പൂനെക്ക് വേണ്ടി നാല് വർഷം താരം കളിച്ചു. 2014ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബാളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ 'ഐയൺ മാൻ' പുരസ്ക്കാരം നൽകി ആദരിച്ചു.

2015ൽ ഡൽഹി ഡൈനാമോസിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) അരങ്ങേറ്റം കുറിച്ചത്. 2017 വരെ ഡൽഹി ഡൈനാമോസിനായി ബൂട്ട്കെട്ടിയ താരം 2017ൽ ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചു. രാജ്യത്തിനായി 21 മത്സരങ്ങൾ കളിക്കാൻ അനസിനായി. 2019-ലെ ത്രിരാഷ്ട്ര ടൂർണമെന്റും 2018-ലെ ഇൻ്റർകോണ്ടിനെൻ്റൽ കപ്പും നേടിയ ടീമിൻ്റെ ഭാഗവുമായിരുന്നു അനസ്.

2018 മുതൽ 2023 വരെ കേരളം ബ്ലാസ്റ്റേഴ്‌സ്, അത്ലറ്റികോ ഡി കൊൽക്കത്ത, ഗോകുലം കേരളം എഫ്സി എന്നീ മുൻ നിര ടീമുകൾക്കായി അനസ് ബൂട്ട് കെട്ടി. 2024 ൽ കേരള ഫുട്ബോള ലീഗിൽ മലപ്പുറം എഫ്.സിക്കായി കുപ്പായമണിഞ്ഞ താരം സീസണിൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്നലെ നടന്ന മത്സരം സമനിൽ പിരിഞ്ഞതോടെ ടീം ലീഗിൽ നിന്നും പുറത്തായിരുന്നു. ശേഷമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം എത്തിയത്.