ജെദ്ദ: ബാഴ്‌സലോണക്ക് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം. ഞായറാഴ്ച ജെദ്ദയിൽ നടന്ന ആവേശകരമായ ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2ന് തോൽപ്പിച്ചാണ് ബാഴ്‌സലോണ കിരീടം നിലനിർത്തിയത്. റാഫിഞ്ഞ നേടിയ ഇരട്ടഗോളുകളാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരം ആദ്യാവസാനം ആവേശകരമായിരുന്നു. ആദ്യ പകുതിയുടെ അവസാനഘട്ടത്തിൽ നാല് ഗോളുകളാണ് പിറന്നത്.

ആദ്യ പകുതിയുടെ തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും, പിന്നീട് ബാഴ്‌സലോണ കളിയിൽ നിയന്ത്രണം ഏറ്റെടുത്തു. 36-ാം മിനിറ്റിൽ റാഫിഞ്ഞ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. ബോക്സിലേക്ക് കുതിച്ചെത്തിയ താരം കൃത്യമായൊരു താഴ്ന്ന ഷോട്ട് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ, ആദ്യ പകുതിയുടെ അധികസമയത്ത് റയൽ മാഡ്രിഡ് തിരിച്ചടിച്ചു.

വിനീഷ്യസ് ജൂനിയർ സ്വന്തം പകുതിയിൽ നിന്ന് പന്തുമായി മുന്നോട്ട് കുതിച്ച് രണ്ട് ബാഴ്‌സ പ്രതിരോധ താരങ്ങളെ വെട്ടിച്ച് മനോഹരമായൊരു ഫിനിഷിലൂടെ സമനില ഗോൾ നേടി. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങുംമുമ്പ്, രണ്ട് മിനിറ്റിന് ശേഷം റോബർട്ട് ലെവൻഡോവ്സ്കി ബാഴ്‌സലോണയുടെ ലീഡ് പുനഃസ്ഥാപിച്ചു. പെനാൽറ്റി ബോക്സിനുള്ളിൽ ലഭിച്ച അവസരം ലെവൻഡോവ്സ്കി ചിപ്പിലൂടെ ഗോളാക്കി മാറ്റി.

എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റയൽ വീണ്ടും സമനില ഗോൾ നേടി. ഒരു കോർണറിൽ നിന്ന് റാഫിഞ്ഞ ഗോൾലൈനിൽ നിന്ന് പന്ത് ക്ലിയർ ചെയ്തെങ്കിലും, റീബൗണ്ടിൽ നിന്ന് ഗോൺസാലോ ഗാർഷ്യ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 2-2 എന്ന നിലയിൽ അവസാനിച്ചു. 73-ാം മിനിറ്റിലാണ് ബാഴ്‌സലോണയുടെ വിജയഗോൾ പിറന്നത്. ബോക്സിന്റെ അരികിൽ അപകടകരമായ സ്ഥാനത്തേക്ക് കടന്നുകയറിയ റാഫിഞ്ഞ തൊടുത്ത ഷോട്ട് റയൽ പ്രതിരോധ താരത്തിൽ തട്ടി ദിശമാറി ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിനെ മറികടന്ന് വലയിലെത്തുകയായിരുന്നു.