മ്യൂണിക്ക്: ബുണ്ടസ് ലിഗ സീസണിലെ ആദ്യ മത്സരത്തിൽ ആർബി ലെയ്പ്സിഗിനെതിരെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന്റെ ഹാട്രിക്കും മൈക്കിൾ ഒലീസെയുടെ ഇരട്ട ഗോളുകളും ലൂയിസ് ഡിയാസിന്റെ അരങ്ങേറ്റ ഗോളുമാണ് സ്വന്തം തട്ടകമായ അലിയൻസ് അരീനയിൽ ബയേണിന് മിന്നും ജയമൊരുക്കിയത്.

മത്സരത്തിന്റെ 27-ാം മിനിറ്റിൽ ഒലീസെയാണ് ബയേണിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. അഞ്ച് മിനിറ്റിനകം, 32-ാം മിനിറ്റിൽ, ഡിയാസ് ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒലീസെ തന്റെ രണ്ടാം ഗോളും നേടിയതോടെ ബവേറിയൻ പട 3-0ന് മുന്നിലെത്തി.

രണ്ടാം പകുതി പൂർണമായും ഹാരി കെയ്നിന്റെ ആധിപത്യമായിരുന്നു. 64, 74, 77 മിനിറ്റുകളിലായി അതിവേഗം ഗോളുകൾ വലയിലാക്കി കെയ്ൻ തന്റെ ഹാട്രിക്ക് പൂർത്തിയാക്കുകയും ടീമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെയ്പ്സിഗ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ഗോൾ മടക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ അത് നിഷേധിക്കപ്പെട്ടതോടെ അവരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.