ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ബെംഗളൂരു എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി. കണ്ടീരവ സ്റ്റേഡിയത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹൈദരാബാദിനെ തറപറ്റിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടാൻ സുനിൽ ഛേത്രിക്കും സംഘത്തിനുമായി. വിദേശ താരങ്ങളില്ലാതെ 11 ഇന്ത്യക്കാരുമായായിരുന്നു ഹൈദരാബാദ് മത്സരത്തിനിറങ്ങിയത്.

ഈസ്റ്റ് ബംഗാളിനെയുള്ള ആദ്യ മത്സരത്തിൽ ജയിച്ചിരുന്ന ബെംഗളൂരു എഫ്‌സി മത്സരത്തിനെത്തിയത് ആത്മവിശ്വാസത്തോടെയായിരുന്നു. ആദ്യ മത്സരത്തിൽ നിന്നും രണ്ട് മാറ്റങ്ങളോടെയായിരുന്നു ബെംഗളൂരു പരിശീലകൻ ജെറാർഡ് സരഗോസ ടീമിനെ ഇറക്കിയത്. ഛേത്രിക്കും അലക്‌സാണ്ടർ ജോവനോവിച്ചിനും പകരം ജോർജ്ജ് പെരേര ഡയസും ചിംഗ്‌ലെൻസന സിംഗും ആദ്യ ഇളവനിലെത്തി. മുൻ ബെംഗളൂരു താരങ്ങളായ ലെന്നി റോഡ്രിഗസ്, പരാഗ് ശ്രീവാസ് എന്നിവർ ഹൈദരാബാദിനായി കളത്തിലിറങ്ങി.

ആതിഥേയരായ ബെംഗളൂരു എഫ്‌സിക്കായി രാഹുൽ ഭേകെ നാലാം മിനിറ്റിൽ തന്നെ ഗോൾ നേടിയതോടെ ഹൈദരാബാദ് സമർദ്ദത്തിലാവുകയായിരുന്നു. വിനിത് വെങ്കിടേഷ് നൽകിയ കോർണറിൽ നിന്നായിരുന്നു ആദ്യ ഗോളിലെത്തിയത്.

നാല് മിനിറ്റിനുള്ളിൽ ഹൈദരാബാദിന് സമനില പിടിക്കാൻ ദേവേന്ദ്ര മുർഗാവോങ്കറിന് അവസരം ലഭിച്ചെ ങ്കിലും മുതലാക്കാനായിരുന്നില്ല. തുടർന്നും ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഹൈദരാബാദിനായെങ്കിലും ഗോൾ നേടാനായില്ല. വിദേശ താരങ്ങളില്ലാതെ ഇറങ്ങിയിട്ടും ആതിഥേയർക്കെതിരെ കനത്ത പോരാട്ടം കാഴ്ചവെക്കാൻ താങ്ബോയ് സിങ്ടോയുടെ സംഘത്തിനായി. അവസാന പത്തു മിനിറ്റ് എത്തുന്നത് വരെ ലീഡ് ഉയർത്തുന്നതിൽ നിന്നും ബെംഗളൂരു എഫ്‌സിയെ തടയാൻ അവർക്കായി.

രണ്ടാം ഗോൾ വരാൻ വൈകിയെങ്കിലും രണ്ടാം പകുതിയിൽ കളി നിയന്ത്രിച്ചത് ബെംഗളൂരുവായിരുന്നു, റോഷൻ സിങ്ങിനെ ഫൗൾ ചെയ്തതിനു 85-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റുന്നതിൽ ഛേത്രിക്ക് പിഴച്ചില്ല. സീസണിലെ ഛേത്രിയുടെ ആദ്യ ഗോളായിരുന്നു ഇത്. സ്റ്റോപ്പേജ് ടൈമിൽ നേടിയ രണ്ടാം ഗോൾ ഐഎസ്എല്ലിലെ എക്കാലത്തെയും ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ ഒഗ്‌ബെച്ചെയുടെ കൂടെയെത്താൻ ഛേത്രിക്കായി.