കൊച്ചി: ഐഎസ്എല്ലില്‍ സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. മത്സരം രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ബംഗളൂരു ജയിച്ചു.

കളിയുടെ എട്ടാം മിനിറ്റില്‍ ബെംഗളൂരു ആദ്യ ലീഡെടുത്തു. സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനായി ആദ്യ ഗോള്‍ നേടിയത്. 39 ആം മിനിറ്റില്‍ റയാന്‍ വില്ല്യംസിലൂടെ ബംഗളൂരു രണ്ടാം ഗോള്‍ കണ്ടെത്തി.

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ തിരിച്ചെത്തി സമനില പിടിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബെംഗളൂരു വീണ്ടും രണ്ടു തവണ ബ്ലാസ്റ്റേഴ്സ് വല കുലുക്കി. 56ആം മിനിറ്റില്‍ ജീസസ് ജിമിനസിലൂടെ കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നു. 67ആം മിനിറ്റില്‍ ഫ്രെഡി കേരള ബ്ലാസ്റ്റേഴ്‌സിന് സമനില നല്‍കി.

73 ആം മിനിറ്റില്‍ ഛേത്രി പന്ത് വീണ്ടും വലയില്‍ എത്തിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനിലയിലെത്തിക്കാന്‍ പൊരുതിയെങ്കിലും പിന്നീട് ഗോളുകള്‍ ഒന്നും നേടാനായില്ല. പിന്നാലെ ഛേത്രി ഹാട്രിക്ക് ഗോള്‍ കൂടെ നേടിയതോടെ ബംഗളൂരു വിജയം ഉറപ്പിച്ചു. 11 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ബെംഗളൂരു ലീഗില്‍ ഒന്നാമതാണ്. മൂന്ന് ജയത്തോടെ 11 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പത്താമതാണ്.