കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. ഇത് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീഗിലെ 11ാം സ്ഥാനക്കാരായ ഹൈദരാബാദ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു.

പിന്നില്‍ നിന്നും തിരിച്ചടിച്ച് 2-1 നാണ് ഹൈദരാബാദ് എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ഹൈദരാബാദ് എഫ്‌സിക്കായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടി. 43, 70 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.

ആദ്യ പകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തെങ്കിലും പിന്നീട് എതിരാളികളുടെ വല ചലിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 43-ാം മിനിറ്റില്‍ ആന്‍ഡ്രെ ആല്‍ബയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും മുന്നിലെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ഗാലറിയെ നിശബ്ദമാക്കി ഹൈദരാബാദിന് അനുകൂലമായ വിവാദ പെനാല്‍റ്റി വിധിക്കപ്പെട്ടു. ഹോര്‍മിപാമിന്റെ കൈയില്‍ പന്തു തട്ടിയെന്നു പറഞ്ഞായിരുന്നു റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടിയത്.

എന്നാല്‍ പന്ത് കയ്യില്‍ കൊണ്ടില്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ വാദം. വീഡിയോ ദൃശ്യങ്ങളിലും പന്ത് കയ്യില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഹൈദരാബാദ് വലകുലുക്കി.

70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആല്‍ബ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്. സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല.

എട്ടു മത്സരങ്ങളില്‍നിന്ന് എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമടക്കം ബ്ലാസ്റ്റേഴ്‌സ് എട്ടു പോയിന്റുമായി 10-ാം സ്ഥാനത്തു തുടരുന്നു. വിജയിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് പിന്നില്‍ 11-ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്‌സി. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളാണ് ഹൈദരാബാദിന്റെ പേരിലുള്ളത്.