ലണ്ടന്‍: അതീവ രഹസ്യമാക്കി വെച്ചിരിക്കുന്ന ദാമ്പത്യ പ്രതിജ്ഞകള്‍, വെളിപ്പെടുത്തുന്ന സീക്രറ്റ് വൗ റിന്യൂവല്‍ ചടങ്ങിലേക്ക്, മൂത്തമകന്‍ ബ്രൂക്ലിന്‍ തങ്ങളെ ക്ഷണിക്കാത്തത്തിനാല്‍, അയാള്‍ കുടുംബവുമായുള്ള ബന്ധങ്ങള്‍ അറ്റുമുറിച്ചതായി വേദനയോടെ കരുതുകയാണ് പ്രശസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ഭാര്യ വിക്‌റ്റോറിയ ബെക്കാമും. 2022 ല്‍ ആദ്യമായി വിവാഹം കഴിച്ച ബ്രൂക്ക്‌ലിനും ഭാര്യ നിക്കോള പെല്‍റ്റ്‌സും വരുന്ന വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ വെച്ച് നിക്കോളയുടെ കുടുംബത്തിന്റെ സാന്നിദ്ധ്യത്തില്‍ ആഗസ്റ്റ് 2 ന് പ്രതിജ്ഞകള്‍ പുതുക്കി വീണ്ടും വിവാഹിതരായി. നിക്കോളയുടെ കുടുംബം ചടങ്ങില്‍ മുഖ്യ പങ്കുവഹിച്ചപ്പോള്‍, ബെക്കാം കുടുംബത്തെ അവിടെയെങ്ങും കണ്ടിരുന്നില്ല.

ബ്രൂക്ലിന്റെ സഹോദരങ്ങളായ റോമിയോയും ഹാര്‍പ്പറും ഇതിനെ കുറിച്ച് അറിഞ്ഞത്ത് ഒരു അമേരിക്കന്‍ വെബ്‌സൈറ്റില്‍ വായിച്ചിട്ടാണത്രെ. ഡേവിഡ് ബെക്കാമിന്റെ അമ്പതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നത് മുതല്‍ മൂത്തമകന്‍ ബ്രൂക്ക്‌ലിന്‍ കുടുംബവുമായി വലിയ അകല്‍ച്ചയാണ് കാത്തു സൂക്ഷിക്കുന്നത്. ഇപ്പോള്‍, ബെക്കാം ദമ്പതികള്‍ക്ക് മുഖമടച്ചുള്ള ഒരു അടിയാണ് ലഭിച്ചിരിക്കുന്നതെന്ന് ദി സണ്‍ പത്രം എഴുതുന്നു. 30 ല്‍ അധികം അംഗങ്ങളുള്ള ബെക്കാം കുടുംബത്തിലെ ഒരാള്‍ പോലും ഈ വിവരം അറിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, ആരെയും ചടങ്ങുകള്‍ക്ക് ക്ഷണിച്ചിരുന്നുമില്ല.




മുത്തച്ഛനും മുത്തശ്ശിയുമായി ഏറെ അടുപ്പത്തിലായിരുന്ന ബ്രൂക്ക്‌ലിന്‍ അവരെ പോലും വിവരം അറിയിച്ചില്ല എന്നതാണ് ഏവരും അദ്ഭുതത്തോടെ കാണുന്ന കാര്യം. തീര്‍ത്തും ക്രൂരമായ ഒരു നടപടിയാണിതെന്നും, ഇനി ഒരു തിരിച്ചു പോക്കിനുള്ള സാധ്യത കാണുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബം ഏറെ സ്നേഹിച്ചിരുന്ന ഒരംഗത്തെ നഷ്ടപ്പെട്ടതായാണ് ഇപ്പോള്‍ ബെക്കാം കുടുംബം കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തനിക്ക് ബെക്കാം കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന സൂചനയാണിതെന്ന് മാധ്യമങ്ങള്‍ പറയുന്നു.

അടുത്ത കുറച്ച് കാലമായി ബ്രൂക്ക്‌ലിനും നിക്കോളയും ബെക്കാം കുടുംബവുമായി ഒരു അകല്‍ച്ച കാത്തു സൂക്ഷിക്കുകയായിരുന്നു. 2022 ലെ ഇവരുടെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും നിക്കോളയും കുടുംബവും അവരുടെ ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന തോന്നലില്ല് ബെക്കാമും ഭാര്യ വിക്‌റ്റോറിയയും ചെറിയ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ആ വിവാഹത്തിന് ശേഷം ബ്രൂക്ക്‌ലിനും നിക്കോളയും ബെക്കാം കുടുംബവുമായി വലിയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നില്ല. വളരെ വിരളമായി മാത്രമെ ബെക്കാം കുടുംബത്തോടൊപ്പമുള്ള നിക്കോളയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നുള്ളു.