- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച്; കോച്ചായി എത്തുന്നത് യൂറോപ്യന്‍ ഫുട്ബോളിലെ സ്പാനിഷ് തന്ത്രജ്ഞന്‍ ഡേവിഡ് കാറ്റല; ഒരു വര്‍ഷം ടീമിനൊപ്പം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ പരിശീലകനായി ഡേവിഡ് കാറ്റലയെ നിയമിച്ചു. അടുത്ത ഒരു വര്‍ഷം ഹെഡ് കോച്ചായി സേവനമനുഷ്ടിക്കും. 2026 വരെ ക്ലബ്ബില്‍ തുടരുന്നതിന് കാറ്റലയുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. യൂറോപ്യന്‍ ഫുട്‌ബോളില്‍ വിപുലമായ അനുഭവത്തുള്ള സ്പാനിഷ് തന്ത്രജ്ഞന്‍ ആണ് ഡേവിഡ് കാറ്റല. ഫുട്ബോളില്‍ ആധുനിക സമീപനത്തിന്റെ വക്താക്കളായ പരിശീലകരില്‍ ഉള്‍പ്പെടുന്നയാളാണ്. ഉടന്‍ തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.
മികച്ച കളിക്കാരനായി പേരെടുത്ത ശേഷമാണ് കാറ്റല പരിശീലകന്റെ റോളിലേക്ക് മാറുന്നത്. സെന്‍ട്രല്‍ ഡിഫന്ററായാണ് കളത്തില്‍ ഇറങ്ങിയിരുന്നത്. സ്‌പെയിനിലും സൈപ്രസിലും 500-ലധികം പ്രൊഫഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മികച്ച ഫുട്ബോള്‍ കരിയര്‍ ആസ്വദിച്ച ശേഷം കോച്ചിങ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ ചേരാനായത് അവിശ്വസനീയമായ ഒരു ബഹുമതിയാണെന്ന് ഡേവിഡ് കാറ്റാല പ്രതികരിച്ചു. വലിയ ആരാധകവൃന്ദവും അവരുടെ അഭിനിവേശവും ഫുട്ബോളിനെ ജീവവായുവായി കാണുന്ന നഗരവും ബ്ലാസ്റ്റേഴ്സിന്റെ പ്രത്യേകതയാണ്. ഇത് വിജയം അര്‍ഹിക്കുന്ന മഹത്തായ ക്ലബ്ബാണ്. നമ്മുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാം. ക്ലബ്ബിലെ എല്ലാവരെയും കാണാനും നല്ല തുടക്കം കുറിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ്.. നമുക്ക് മുന്നോട്ടുപോകാം- ഡേവിഡ് കാറ്റാല പ്രതികരിച്ചു.
ക്ലബ്ബിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ പുതിയ കോച്ചിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ദൃഢനിശ്ചയത്തോടെയും ശാന്തമായും സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെയും മുന്നോട്ടുപോവുന്ന ഒരാള്‍ക്ക് മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പോലുള്ള ഒരു ക്ലബ്ബിനെ നയിക്കാന്‍ കഴിയുകയുള്ളൂ. ഈ ഗുണങ്ങളെല്ലാം കാറ്റലയില്‍ ഉണ്ടെന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
സ്പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഈ മധ്യനിര പ്രതിരോധ താരം പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ പരിശീലക സേവനമനുഷ്ഠിച്ച ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. നിരാശാജനകമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ 2024-25 ഐപിഎല്‍ സീസണ്‍. പ്ലേഓഫ് യോഗ്യതാ മാര്‍ക്ക് നേടാനാവാതെ പുറത്തായ ടീം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 2020-21നുശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.