ബ്യൂണസ് ഐറിസ്: അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ മധ്യനിരയിലെ പ്രധാന താരമായ എൻസോ ഫെർണാണ്ടസിന് പരിക്ക്. വെനിസ്വേലക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഇതേത്തുടർന്ന്, അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരത്തിൽ നിന്ന് എൻസോയെ ഒഴിവാക്കി.

സെപ്റ്റംബർ 6 ന് പുലർച്ചെ നടക്കുന്ന പ്യൂട്ടോറിക്കയ്‌ക്കെതിരായ മത്സരത്തിൽ എൻസോ കളിക്കില്ല. പരിക്ക് ഗുരുതരമാവാനുള്ള സാധ്യത കണക്കിലെടുത്ത്, താരം ഉടൻ തന്നെ ലണ്ടനിലേക്ക് മടങ്ങും. അവിടെ വിശദമായ ചികിത്സ തേടും. പരിക്കു പറ്റിയ താരം തന്റെ ക്ലബായ ചെൽസിക്കൊപ്പം ചേരാൻ ലണ്ടിലേക്ക് മടങ്ങി. വലതു കാൽമുട്ട് സന്ധിയിലെ സിനോവിറ്റ്സുമായി ബന്ധപ്പെട്ടാണ് പരിക്കെന്ന് അർജന്റീന ടീം അറിയിച്ചു. പൂർണ്ണ വിശ്രമത്തിനും തുടർ ചികിത്സയ്ക്കും ശേഷം മാത്രമേ എൻസോക്ക് കളത്തിലേക്ക് മടങ്ങാൻ സാധിക്കൂ.

കഴിഞ്ഞ ശനിയാഴ്ച നടന്ന വെനിസ്വേലക്കെതിരായ മത്സരത്തിൽ എൻസോ കളിച്ചിരുന്നു. 78-ാം മിനിറ്റ് വരെ ഗ്രൗണ്ടിൽ സജീവമായിരുന്ന താരത്തിന്റെ അഭാവം ചെൽസിക്ക് വൻ തിരിച്ചടിയാകും. നിലവിൽ പ്രീമറി ലീഗ് മത്സരങ്ങൾ പുരോഗമിക്കവേ, കോൾ പാമർ, ഡാരിയോ എസുഗോ, ആന്ദ്രെ സാന്റോസ് തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണെന്നത് ചെൽസിയുടെ ആശങ്ക വർധിപ്പിക്കുന്നു.