- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്‍ജിയത്തിന്റെ പ്രതിരോധത്തില്‍ വിള്ളല്‍; 85-ാം മിനിറ്റിലെ സെല്‍ഫ് ഗോള്‍; ഫ്രാന്‍സ് യൂറോ കപ്പ് ക്വാര്‍ട്ടറില്‍
ബെര്‍ലിന്‍: യൂറോകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 85-ാം മിനിറ്റില്‍ ബെല്‍ജിയം പ്രതിരോധ താരത്തിന്റെ പിഴവില്‍ നിന്നും വീണുകിട്ടിയ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ എംബാപ്പേയും സംഘവും പലതവണ ഗോളിനടുത്തെത്തി. എന്നാല്‍ ബെല്‍ജിയം പ്രതിരോധത്തിന്റെ കൃത്യമായ ഇടപെടലാണ് പലപ്പോഴും രക്ഷക്കെത്തിയത്.
ആദ്യ മിനിറ്റുകളില്‍ തന്നെ ഫ്രഞ്ച് പട ആക്രമിച്ചു കളിച്ചു. അന്റോണിയോ ഗ്രീസ്മാനും എംബാപ്പെയുമടങ്ങുന്ന മുന്നേറ്റനിര ബെല്‍ജിയം ബോക്സിലേക്ക് നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. വലതുവിങ്ങില്‍ ഗ്രീസ്മാന്‍ നിലയുറപ്പിച്ചപ്പോള്‍ ഇടതുവിങ്ങില്‍ നിന്ന് എംബാപ്പെയും ബെല്‍ജിയത്തെ വിറപ്പിച്ചു. എന്നാല്‍ പതിയെ ബെല്‍ജിയവും ഫ്രാന്‍സ് ഗോള്‍മുഖം ലക്ഷ്യമാക്കി നീക്കങ്ങള്‍ നടത്തി.
24-ാം മിനിറ്റില്‍ ഡിബ്രുയിനിന്റെ ഫ്രീകിക്ക് ഫ്രഞ്ച് ഗോളി മൈക്ക് മെയ്ഗ്‌നന്‍ തട്ടിയകറ്റി. പന്ത് കൈവശം വെച്ച് കളിച്ചത് ഫ്രാന്‍സായിരുന്നു. 34-ാം മിനിറ്റില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ മാര്‍കസ് തുറാമിന് മികച്ച അവസരം ലഭിച്ചു. ബോക്സിനുള്ളില്‍ നിന്നുള്ള താരത്തിന്റെ ഹെഡര്‍ പക്ഷേ പുറത്തേക്ക് പോയി. ഇതിനിടയില്‍ ബെല്‍ജിയം മികച്ച കൗണ്ടര്‍ അറ്റാക്കുകളും നടത്തി. ആദ്യ പകുതിയുടെ അവസാനമിനിറ്റുകളില്‍ ഫ്രാന്‍സ് പലതവണ ഗോളിനടുത്തെത്തിയെങ്കിലും വലകുലുക്കാനായില്ല. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഗോളടിക്കാനുറച്ച് ദിദിയര്‍ ദെഷാംസും സംഘവും മുന്നേറ്റം ശക്തമാക്കി. 48-ാം മിനിറ്റില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ചൗമേനിയുടെ ഷോട്ട് ബെല്‍ജിയം ഗോളി കാസ്റ്റീല്‍സ് സേവ് ചെയ്തു. പിന്നാലെ 50-ാം മിനിറ്റില്‍ തുറാമിന്റെ ഹെഡര്‍ പുറത്തുപോയി. നിരനിരയായ മുന്നേറ്റങ്ങളിലൂടെ ഫ്രാന്‍സ് ബെല്‍ജിയം ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. 53-ാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ മുന്നേറിയ എംബാപ്പെയുടെ തകര്‍പ്പന്‍ ഷോട്ട് ബാറിന് മുകളിലൂടെ പോയി. 61-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് കിടിലന്‍ അവസരം കിട്ടി. ഫ്രഞ്ച് ബോക്സിനുള്ളില്‍ വെച്ച് യാനിക് കരാസ്‌കോ ഷോട്ടുതിര്‍ത്തെങ്കിലും ഫ്രാന്‍സ് ലെഫ്റ്റ് ബാക്ക് തിയോ ഹെര്‍ണാണ്ടസ് ബ്ലോക്ക് ചെയ്ത് അപകടം ഒഴിവാക്കി.
ബെല്‍ജിയത്തിന്റെ പ്രതിരോധം മത്സരത്തിലുടനീളം മികച്ചുനിന്നു. 83-ാം മിനിറ്റില്‍ ഡിബ്രുയിനിന്റെ ഗോളെന്നുറച്ച ഷോട്ട് ഫ്രഞ്ച് ഗോളി മയ്ഗ്‌നന്‍ തട്ടിയകറ്റി. ആക്രമണങ്ങള്‍ തുടര്‍ന്ന ഫ്രഞ്ച് പട 85-ാം മിനിറ്റില്‍ മുന്നിലുമെത്തി. സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിന് വിനയായത്. കോലോ മുവാനിയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ബെല്‍ജിയം പ്രതിരോധതാരം ജാന്‍ വെര്‍ടഗന് പിഴച്ചു. താരത്തിന്റെ കാലില്‍ തട്ടിയ പന്ത് വലയിലേക്ക് പതിച്ചു. പിന്നീട് ബെല്‍ജിയത്തിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.