- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഫുട്ബോള്‍ താരം മാർട്ട കോക്‌സിനെതിരെ ശരീരാധിക്ഷേപം; താരം ടീം വിടുമെന്ന് വിശദമാക്കിയതിന് പിന്നാലെ ക്ഷമാപണം; പനാമ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റിനെ 6 മാസത്തേക്ക് വിലക്കി ഫിഫ
പനാമ സിറ്റി: വനിതാ ഫുട്ബോള്‍ താരം മാർട്ട കോക്‌സിനെതിരെ നടന്ന ബോഡി ഷെയ്മിംഗിൽ അച്ചടക്ക നടപടിയുമായി ഫിഫ. മാർട്ട കോക്‌സിനെ ശരീരാധിക്ഷേപം നടത്തിയ പനാമ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് മാനുവൽ ഏരിയസിനെ ആറ് മാസത്തേക്ക് ഫിഫ വിലക്കി. പനാമ ദേശീയ ടീമിനും തുർക്കിയിലെ ഫെനർബാഷെ ക്ലബ്ബിനും വേണ്ടിയാണ് 27കാരിയായ മാർട്ട കോക്‌സ് കളിക്കുന്നത്. മാർട്ട കോക്‌സിനെ കുറിച്ച് "അനുചിതമായ ഭാഷ" ഉപയോഗിച്ചതിനാണ് ഫെഡറേഷൻ പ്രസിഡന്‍റിനെ ഫിഫ വിലക്കിയത്.
2023 മാർച്ചിലാണ് വിലക്കിന് ആസ്പദമായ സംഭവം. പനാമയിലെ വനിതാ ലീഗ് ഫുട്ബോളിനെ കോക്സ് വിമർശിച്ചിരുന്നു. കോൺകാഫ് ഡബ്ല്യു ഗോൾഡ് കപ്പിൽ പനാമ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെയാണ് മാർട്ട കോക്‌സ് വിമർശനവുമായി രംഗത്തെത്തിയത്. മിക്ക കളിക്കാർക്കും പ്രതിഫലം ലഭിക്കുന്നില്ലെന്നും ശരിയായ സ്റ്റേഡിയങ്ങളോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്നും മാർട്ട കോക്‌സ് പ്രതികരിച്ചിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിലാണ് മാനുവൽ ഏരിയസ് മാർട്ട കോക്‌സിനെ "തടിച്ചി" എന്ന വാക്കുപയോഗിച്ച് അഭിസംബോധന ചെയ്തത്. കോക്സ് തടിച്ചവളാണെന്നും അവൾക്ക് മൈതാനത്തിലൂടെ നീങ്ങാൻ പോലും കഴിയുന്നില്ലെന്നും അന്ന് മാനുവൽ ഏരിയാസ് പ്രതികരിച്ചിരുന്നു. ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശത്തിന് പിന്നാലെ പനാമ ദേശീയ ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ കോക്സ്, ടീം വിടുമെന്ന് വ്യക്തമാക്കി. തുടർന്ന് മാനുവൽ ഏരിയാസ് പരസ്യമായി ക്ഷമാപണം നടത്തി. താൻ ഉപയോഗിച്ച വാക്കുകൾ ദൗർഭാഗ്യകരമാണെന്നും തനിക്ക് പറ്റിയ ഗുരുതരമായ പിശകിന് മാപ്പ് ചോദിക്കുന്നുവെന്നുമാണ് മാനുവൽ ഏരിയാസ് പ്രതികരിച്ചത്.