ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആതിഥേയരായ ഒഡീഷ എഫ് സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സീസണിലെ ആദ്യ എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങിയ കേരളം എതിരാളികളുടെ തട്ടകത്തില്‍ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

അതേസമയം ജംഷെഡ്പൂര്‍ എഫ്‌സിയെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ഒഡീഷ. സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങൾ തന്നെയാണ് ഒഡീഷയെ അപകടകാരികളാക്കുന്നത്. ഒപ്പം റോയ് കൃഷ്ണ, ഹ്യൂഗോ ബൗമസ്, അഹമ്മദ് ജാഹു തുടങ്ങിയ ഐഎസ്എൽ ലെ പരിചയസമ്പന്നരായ താരങ്ങൾ കൂടി ഒരുമിക്കുന്നതോടെ കലിംഗ സ്റ്റേഡിയത്തില്‍ വാശിയേറിയൊരു പോരാട്ടത്തിന് സാധ്യതൾ

പരിക്ക് മാറി കളത്തിലെത്തിയ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയുടെ തിരിച്ചു വരവ് ബ്ലാസ്റ്റേഴ്‌സിന്റെ കൂടുതൽ ആത്മവിശ്വാസം നൽകും. അധ്വാനിച്ച് കളിക്കുന്ന നോവ സദോയി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാനി. പ്രതിരോധ നിരയിൽ മിലോസും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. ഇന്ത്യൻ താരങ്ങൾക്ക് കൂടി പ്രതീക്ഷകൾക്ക് ഒപ്പം ഉയരാനായാൽ ബ്ലാസ്റ്റേഴ്സിനും ഒഡീഷയെ സമ്മർദ്ദത്തിലാക്കാൻ കഴിയും.

ഈ സീസണിൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ ഒഡീഷക്കായിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനെതിരെ മികച്ച റെക്കോർഡാണ് ലൊബേറക്കുള്ളത്. കൊമ്പന്മാർക്കെതിരെ കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ലൊബേറയുടെ ടീം ഒന്‍പതിലും ജയിച്ചു. ഒരു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമിനെതിരെ ഒരു പരിശീലകന്റെ ഏറ്റവും മികച്ച റെക്കോര്‍ഡ്. എന്നാൽ ഇരുടീമും നേര്‍ക്കുനേര്‍ വന്നത് 23 കളിയില്‍. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതിലും ഒഡിഷ ഏഴിലും ജയിച്ചു. ഏഴ് മത്സരം സമനിലയില്‍.

നിലവില്‍ ബംഗളൂരു എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നാല് മത്സരങ്ങളില്‍ 10 പോയിന്റാണ് ബംഗളൂരു എഫ്‌സി. മൂന്നില്‍ മൂന്നും ജയിച്ച പഞ്ചാബ് എഫ്‌സിയാണ് രണ്ടാമത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ്. ഒഡീഷ 10-ാം സ്ഥാനത്താണ്.