കൊച്ചി: ഐഎസ്എല്ലിൽ ഒഡിഷ എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 86-ാം മിനുറ്റിൽ പ്രതിരോധതാരം സന്ദീപ് സിങാണ് ഹെഡറിലൂടെ 1-0ന്റെ ജയം സമ്മാനിച്ചത്. തോൽവി അറിയാതെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ ഏഴാം മത്സരമാണിത്. 11 മത്സരങ്ങളിൽ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്. എവേ മത്സരത്തിൽ ഒഡിഷ 2-1 ന് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള തകർപ്പൻ തിരിച്ചടിയായി ഈ മത്സരം.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഒഡിഷ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു. റെയ്നിയർ ഫെർണാണ്ടസിന്റെ തകർപ്പൻ ഷോട്ട് ഭാഗ്യം കൊണ്ടാണ് ഗോളാവാതെ മാറിയത്. റെയ്നിയറിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി ഗോൾലൈനിന്റെ അരികിൽ വീണ് പുറത്തേക്ക് പോയി. തുടക്കത്തിൽ പാസുകൾ നൽകാനും പന്ത് കാലിലൊതുക്കാനും ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാടുപെട്ടു.

10-ാം മിനിറ്റിൽ ഇവാൻ കലിയുഷ്നി പന്തുമായി മുന്നേറി ഡയമന്റക്കോസിന് പാസ് സമ്മാനിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. ഒഡിഷ ഗോൾ പോസ്റ്റിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മുന്നേറ്റം കൂടിയായിരുന്നു അത്. പ്രസ്സിങ് ഗെയിമാണ് ഒഡിഷ പുറത്തെടുത്തത്. 18-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നായകൻ ജെസ്സെൽ കാർനെയ്റോയുടെ അലക്ഷ്യമായ ഷോട്ട് മികച്ച അവസരം പാഴാക്കുന്നതിന് കാരണമായി.

30-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനും ഒഡിഷയുടെ നന്ദകുമാർ ശേഖറിനും റഫറി മഞ്ഞക്കാർഡ് വിധിച്ചു. 35-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സന്ദീപ് സിങ്ങിനും മഞ്ഞക്കാർഡ് കിട്ടി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങി. കാര്യമായ ഒരു അവസരം പോലും സൃഷ്ടിക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല.

43-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ലെസ്‌കോവിച്ചിനും 45-ാ മിനിറ്റിൽ രാഹുലിനും മഞ്ഞക്കാർഡ് ലഭിച്ചു. ഇതോടെ ആദ്യ പകുതിയിൽ മാത്രം കേരളത്തിന്റെ നാല് താരങ്ങളാണ് മഞ്ഞക്കാർഡ് വഴങ്ങിയത്. വൈകാതെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് ഉണർന്നുകളിച്ചു. ഉറച്ച രണ്ടിലേറെ അവസരങ്ങൾ സഹൽ അബ്ദുൾ സമദ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല.

66-ാം മിനിറ്റിൽ ഡയമന്റക്കോസിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന് ലക്ഷ്യം കാണാനായില്ല. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് അതുവരെ ലഭിച്ച അവസരങ്ങളിൽ ഏറ്റവും വലുതായിരുന്നു അത്. 70-ാം മിനിറ്റിൽ ഡയമന്റക്കോസിനെ പിൻവലിച്ച് പകരം ജിയാനു അപ്പോസ്തലസിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു.

71-ാം മിനിറ്റിൽ പകരക്കാരനായി വന്ന നിഹാൽ സുരേഷിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന് അത് മുതലാക്കാനായില്ല. സഹലിന്റെ മനോഹരമായ ക്രോസ് നിഹാലിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. തൊട്ടുപിന്നാലെ ജെസ്സലിന്റെ ശക്തിയേറിയ ഒരു ഷോട്ട് ഗോൾകീപ്പർ അമരീന്ദർ തട്ടിയകറ്റി. റീബൗണ്ടായി വന്ന പന്ത് സ്വീകരിച്ച സഹൽ വായുവിലുയർന്ന് ഷോട്ടുതിർത്തെങ്കിലും അത് പുറത്തേക്ക് പോയി.

79-ാം മിനിറ്റിൽ ഗോൾകീപ്പർ അമരീന്ദർ വലിയ അബദ്ധം കാണിച്ചെങ്കിലും അത് മുതലാക്കാൻ സഹലിന് സാധിച്ചില്ല. പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച അമരീന്ദറിന്റെ കാലിൽ നിന്ന് പന്ത് വഴുതിപ്പോകുകയായിരുന്നു. 84-ാം മിനിറ്റിൽ ലൂണയുടെ ഫ്രീകിക്ക് പാസ് സ്വീകരിച്ച് മുന്നേറിയ ജെസ്സെൽ ഷോട്ടുതിർത്തെങ്കിലും പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു ഇത് നേരെയെത്തിയത് ലെസ്‌കോവിച്ചിന്റെ കാലിലേക്കാണ്. തുറന്ന പോസ്റ്റിലേക്ക് ഷോട്ടുതിർക്കുന്നതിനുപകരം താരം പാസ് നൽകി ആ അവസരം തുലച്ചു.

എന്നാൽ 86-ാം മിനിറ്റിൽ ഒഡിഷുടെ സമനിലപ്പൂട്ടുപൊളിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ലീഡെടുത്തു. സന്ദീപ് സിങ്ങാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. പകരക്കാരനായി വന്ന ബ്രൈസ് മിറാൻഡയുടെ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്. മിറാൻഡയുടെ ക്രോസ് തടയുന്നതിൽ അമരീന്ദറിന് പിഴച്ചു. പന്ത് നേരെയെത്തിയത് സന്ദീപിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് തകർപ്പൻ ഹെഡ്ഡറിലൂടെ പന്ത് കുത്തിയിട്ട് സന്ദീപ് കൊച്ചിയെ മഞ്ഞക്കടലാക്കി. വൈകാതെ ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയം സ്വന്തമാക്കി.

അഡ്രിയാൻ ലൂണയെയും ദിമിത്രിയോസോ ദയമന്തക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലകൻ ഇവാൻ വുകോമനോവിച്ച് കളത്തിലിറക്കിയത്. മലയാളി താരങ്ങളായ രാഹുൽ കെ പിക്കും സഹൽ അബ്ദുൽ സമദിനുമൊപ്പം ജീക്സൺ സിംഗും ഇവാൻ കൽയൂഷ്നിയും മധ്യനിരയിലെത്തി. സന്ദീപ് സിംഗും ഹോർമീപാമും മാർക്കോ ലെസ്‌കോവിച്ചും ക്യാപ്റ്റൻ ജെസ്സൽ കാർണെയ്‌റോയുമായിരുന്നു പ്രതിരോധത്തിൽ. ഗോൾബാറിന് കീഴെ പ്രഭ്സുഖൻ സിങ് ഗിൽ തുടർന്നു. അതേസമയം 4-3-3 ശൈലിയാണ് ഒഡിഷ എഫ്സി തുടക്കത്തിൽ സ്വീകരിച്ചത്.