കൊച്ചി: തിരിച്ചു വരവിനു വലിയ ഊര്‍ജം നല്‍കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പോരാട്ടത്തിന്റെ വിജയ വഴിയില്‍. കൊച്ചിയില്‍ പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുഹമ്മദന്‍ എഫ് സ്സിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്തു. ലീഗില്‍ ടീമിന്റെ നാലാം ജയമാണിത്.

തുടര്‍ തോല്‍വികളും കോച്ചിന്റെ പുറത്താകലും പിന്നാലെ ആരാധകരുടെ പ്രതിഷേധവും തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങളുടെ വേവലാതിയില്‍ ഇറങ്ങിയ കൊമ്പന്‍മാര്‍ സ്വന്തം തട്ടകത്തില്‍ മിന്നും ജയം പിടിച്ച് തിരിച്ചെത്തുകയായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ 62ാം മിനിറ്റില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയ് ദാനമായി നല്‍കിയ ഓണ്‍ ഗോള്‍ കളിയുടെ ഗതി തിരിച്ചു.

പിന്നീട് കടുത്ത ആക്രമണം അഴിച്ചു വിട്ട കേരള ടീം അവസാന പത്ത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി. 80ാം മിനിറ്റില്‍ നോഹ സദോയിയും 90ാം മിനിറ്റില്‍ അലക്സാന്ദ്ര കൊയേഫും ഗോളുകള്‍ നേടിയതോടെ ടീമിന്റെ ജയം പൂര്‍ണം.