കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. പ്ലേ ഓഫ് ലക്ഷ്യം വച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ഇന്ന് രാത്രി ഏഴരയ്ക്ക് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലീഗിലെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യമാണ്.

എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാര്‍ ഇന്ന് ഇറങ്ങുക. 2024 കലണ്ടര്‍ വര്‍ഷം ആരംഭിച്ച ശേഷം മികച്ച ഫോമിലാണ് ടീം. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് കൊമ്പന്മാര്‍ പ്ലേ ഓഫിലെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീസണില്‍ ഏഴ് ജയവും മൂന്നു തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് കൊമ്പന്മാര്‍. ഒന്നാം സ്ഥാനക്കാരായ മോഹന്‍ ബഗാനുമായ മത്സരം ബ്ലാസ്റ്റേഴ്‌സിന് കടുപ്പമാകും. കഴിയുന്നത്ര മത്സരങ്ങള്‍ ജയിച്ച് പ്ലേഓഫിലേക്ക് മുന്നേറാനാണ് ലക്ഷ്യമിടുന്നതെന്ന് നായകന്‍ അഡ്രിയാന്‍ ലൂണ പറഞ്ഞു.

മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. മത്സരത്തിന് ടീം സജ്ജമാണെന്നും ലൂണ അറിയിച്ചു. ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുമെന്നും ജയത്തില്‍ കുറഞ്ഞതൊന്നും മത്സരത്തില്‍ ലക്ഷ്യമിടുന്നില്ലെന്നും താല്‍ക്കാലിക പരിശീലകന്‍ ടി.ജി. പുരുഷോത്തമനും പറഞ്ഞു. മോഹന്‍ബഗാനെ കീഴടക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ടീമില്‍ അടിമുടി മാറ്റവുമായാണ് കൊമ്പന്മാര്‍ കളത്തിലിറങ്ങുക. പരിക്കേറ്റ മൊറോക്കന്‍ മുന്നേറ്റതാരം നോഹ സദൗയി ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്.

താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാകും. സീസണില്‍ ഫോം വീണ്ടെടുത്ത സച്ചിന്‍ സുരേഷ് തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കും. ഗോളടി വീരനായ സ്പാനിഷ് താരം ജെസൂസ് ഹിമെനസിലാണ് കൊമ്പന്‍മാരുടെ പ്രതീക്ഷ. സീസണില്‍ ഇതുവരെ 11 ഗോളുകളാണ് ഹിമെനസ് മഞ്ഞ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്. ഹിമെനസിനൊപ്പം ക്വാമെ പെപ്ര മുന്നേറ്റ നിരയ്ക്ക് കരുത്തേകും. അതേസമയം അപരാജിത കുതിപ്പ് തുടരാനാണ് മോഹന്‍ ബഗാന്‍ ഇറങ്ങുന്നത്.