കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിജയം ആവര്‍ത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ്സിക്കെതിരായ എവേ മത്സര വിജയത്തിന് ശേഷം ഹോം മാച്ചില്‍ കൂടി വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്സ് പട. 3 - 2 എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ സദോയി എന്നിവര്‍ ഗോള്‍ വല കുലുക്കി.

ആവേശകരമായ മത്സരത്തില്‍ അവസാന നിമിഷത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ഇതോടെ ആരാധകരോടുള്ള കടപ്പാട് രേഖപെടുത്തിയിരിക്കുകയാണ് താരങ്ങള്‍. വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്സ് മികച്ച നേട്ടങ്ങള്‍ സ്വന്തമാകുമെന്നു പറഞ്ഞിരിക്കുകയാണ് നിലവിലെ പരിശീലകന്‍ ടി ജി പുരുഷോത്തമന്‍.

ടി ജി പുരുഷോത്തമന്‍ പറയുന്നത് ഇങ്ങനെ:

' ക്ലബിലെ താരങ്ങള്‍ക്ക് അവരുടേതായ കടമകള്‍ ഉണ്ട്. അവര്‍ അവരുടെ തൊഴില്‍ കൃത്യമായി നിര്‍വഹിക്കുന്നുമുണ്ട്. വരും ദിവസങ്ങളില്‍ ഞങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. ഒഡിഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് ഞങ്ങളുടെ കൃത്യമായ പദ്ധതികളായിരുന്നു. 60, 70 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മത്സരം വിജയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് മനസിലായി'' ടി ജി പുരുഷോത്തമന്‍ പറഞ്ഞു.