കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. 85-ാം മിനിറ്റ് വരെ 2-1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ അവസാന് നിമിഷത്തിലാണ് മോഹന്‍ ബഗാന്‍ തിരിച്ചടിച്ച് തറ പറ്റിച്ചത്. അവസാന നിമിഷം മോഹന്‍ ബഗാന്‍ നേടിയത് ഇരട്ട ഗോളുകളാണ്. നിലവിലെ ചാമ്പ്യന്‍മാരും, പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരുമാണ് മോഹന്‍ ബഗാന്‍. ആദ്യ ഗോള്‍ നേടി മോഹന്‍ ബഗാന്‍ ലീഡ് നേടി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ വരുത്തിയ ഒരു ചെറിയ പിഴവ് ഗോളിലേക്ക് മാറുകയായിരുന്നു. ലോങ് റേഞ്ചര്‍ പിടിച്ചെടുക്കുന്നതില്‍ വരുത്തിയ പിഴവില്‍നിന്ന് സച്ചിന്‍ സുരേഷ് ഗോള്‍ വഴങ്ങിയത്.

എന്നകല്‍ 51-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ഹിമെനെ ഹെസൂസാണ് ബ്‌ളാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചത്. തുടര്‍ന്ന് 77-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച് രണ്ടാമത്തെ ഗോള്‍ നേടി ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി. 86-ാം മിനിറ്റില്‍ ജെയ്‌സന്‍ കമ്മിന്‍സ് മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചു. പിന്നാലെ അധികസമയത്തെ ഗോളിലൂടെ ആല്‍ബര്‍ട്ടോ (90+5) വിജയം പിടിച്ചെടുത്തു. നേരത്തെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിച്ച പെനല്‍റ്റി റഫറി അനുവദിച്ചിരുന്നില്ല.

സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റുമായി 10ാം സ്ഥാനത്താണ്. എട്ടാം ജയം സ്വന്തമാക്കിയ മോഹന്‍ ബഗാനാകട്ടെ 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. എട്ട് കളിയില്‍ ജയിച്ച അവര്‍ ഒന്നില്‍മാത്രമാണ് തോറ്റത്.