- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെല്ലുവിളികളെ പുഷ്പം പോലെ നേരിട്ട് മഞ്ഞപ്പട; കാണികളും ആരവങ്ങളും ഒഴിഞ്ഞ ഗ്യാലറിയില്‍ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം; ഒഡീഷയെ തകര്‍ത്ത് 95-ാം മിനിറ്റില്‍ നേടിയ ഗോള്‍: പ്ലേ ഓഫ് പ്രതീക്ഷ കാത്ത് ടീം; മഞ്ഞപ്പടയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം
മഞ്ഞപ്പടയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഒഡീഷയെ എഫ്‌സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് 3-2 ന്റെ തകര്‍പ്പന്‍ ജയം. കടുത്ത വെല്ലുവിളികള്‍ക്കിടയിലും മിന്നും ജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്. ഇന്നത്തെ കളി ടീമിന്റെ മരണക്കളിയായിരുന്നു. 95-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് വിജയ ഗോള്‍ നേടിയത്. നോഹയാണ് വിജയ ഗോള്‍ നേടിയത്.
വെല്ലുവിളികളില്‍ നിന്ന് വെല്ലുവിളികളിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൈത്രയാത്ര തുടരുന്നു. ഒഡിഷ എഫ്സിയുമായുള്ള ലീഗിലെ പതിനാറാമത്തെ മത്സരത്തിന് ഇറങ്ങുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്‌സിന് അഭിമുഖീകരിക്കേണ്ടിയിരുന്നത് രണ്ട് പരീക്ഷണങ്ങളെ. എതിരാളികളെ വിറപ്പിച്ചിരുന്ന കലൂര്‍ സ്റ്റേഡിയത്തിലെ എണ്ണം പറഞ്ഞ ആരാധക കൂട്ടത്തിന് പകരം വെറും മൂവായിരം കാണികളും ആരവങ്ങളൊഴിഞ്ഞ ഗാലറിയുമാണ് ബ്ലാസ്റ്റേഴ്സിനെ വരവേറ്റത്.
മാത്രമല്ല ഗ്രൗണ്ടിലെ പാച്ചുകള്‍ കാരണം സ്വന്തം ഹോമില്‍ എവേ ജേഴ്സി അണിഞ്ഞ് കളിക്കാനും ബ്ലാസ്റ്റേഴ്സ് നിര്‍ബന്ധിതരായി. ഇത്രയൊക്കെ വെല്ലുവിളികള്‍ ഒരേസമയം നേരിട്ടിട്ട് മത്സരത്തിലേക്ക് വരുമ്പോള്‍ ബഹുകേമമാണ് പിച്ചിലെ വിശേഷങ്ങള്‍. പിച്ച് കൊണ്ടും കളി കൊണ്ടും പാടങ്ങളിലെ കളികളെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇരു ടീമുകളും ആദ്യ പകുതിയില്‍ കാഴ്ചവെച്ചത്. മാത്രമല്ല നാലാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങുകയും ചെയ്തു.
രണ്ടാം പകുതിയിലേക്ക് വന്നപ്പോള്‍ മൊത്തത്തില്‍ ഒരു മാറ്റത്തോടെയാണ് കളി മുന്നോട്ട് പോയത്. ബ്ലാസ്റ്റേഴ്സ് ആയാലും ഒഡിഷ ആയാലും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ നിരന്തര ശ്രമം ഫലം കണ്ടു. അറുപതാം മിനുട്ടില്‍ ക്വമെ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി ഗോള്‍ പിറന്നു. പെപ്രയുടെ ഗോളോടെ ഉണര്‍ന്ന് കളിച്ച ബ്ലാസ്റ്റേഴ്സ് തുടരെ തുടരെ ഒഡിഷ പോസ്റ്റില്‍ പന്ത് എത്തിച്ചു കൊണ്ടിരുന്നു. നിരന്തരം ഗോള്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുമ്പോഴും ഒരു പ്രോപ്പര്‍ സ്ട്രൈക്കര്‍ ഇല്ലാത്തതിന്റെ പോരായ്മ ഫിനിഷിങ്ങില്‍ പ്രതിഫലിച്ചിരുന്നു. ഇവിടെക്കാണ് ജീസസ് ജിമെനെസ് വരുന്നത്. മത്സരത്തിന്റെ 73 ആം മിനുട്ടില്‍ ഗോള്‍ വല കുലുക്കി ജീസസ് വരവറിയിച്ചു.
80 ആം മിനുട്ടില്‍ ലഭിച്ച സെറ്റ്പീസ് അവസരത്തിന്റെ തുടര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്ലിയറിങ് പിഴവ് മൂലം ഡോറിയുടെ ഗോളില്‍ ഒഡീഷ സമനില പിടിച്ചു. 83 ആം മിനുട്ടില്‍ ഒഡീഷയുടെ ഡെല്‍ഗാഡോ റെഡ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെട്ടു. കളി സമനിലയില്‍ അവസാനിച്ചെന്ന് ഏകദേശം വിധി എഴുതാന്‍ ഒരുങ്ങുമ്പോഴേക്കും ഇഞ്ചുറി ടൈമില്‍ നോഹ സാധോയിയുടെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് മിന്നും വിജയം.