- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യന്‍ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും നിലംതൊട്ടില്ല; ഇഗര്‍ സ്റ്റിമച്ചിനെ പുറത്താക്കി മനോലോ വന്നിട്ടും എട്ട് കളിയില്‍ ഒറ്റ ജയം മാത്രം; സ്പാനിഷ് തന്ത്രങ്ങളും പിഴച്ചതോടെ വഴികാട്ടാന്‍ ഇന്ത്യന്‍ പരിശീലകന്‍; ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍; ഫിഫ റാങ്കിങ്ങില്‍ മുന്നേറുമോ? ആരാധകര്‍ പ്രതീക്ഷയില്‍
ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍
കൊല്‍ക്കത്ത: ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനാണ് ജമീല്‍. മൂന്നംഗ ചുരുക്കപ്പട്ടികയില്‍ നിന്നാണ് അദ്ദേഹത്തെ നിയമിച്ചത്. മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. 2017ല്‍ ഐസ്വാള്‍ എഫ്‌സിയെ ഐ ലീഗ് ജേതാക്കളാക്കിയത് നേട്ടമായി. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പുരിനെയും സെമിയിലെത്തിച്ചു.
പരിശീലകരാകാന്‍ 170 പേരാണ് അപേക്ഷിച്ചത്. അന്തിമപട്ടികയില്‍ ഖാലിദ് ജമീലിനെകൂടാതെ ഇംഗ്ലീഷുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈയ്‌നും സ്ലൊവാക്യയുടെ സ്റ്റെഫാന്‍ തര്‍കോവിച്ചുമാണ് ഉണ്ടായിരുന്നത്. മനോലോ മാര്‍ക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. ഫിഫ റാങ്കിങ്ങില്‍ 133-ാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ഇവിടെ നിന്നും ടീമിനെ ഉയര്‍ത്തികൊണ്ടു വരികയെന്ന കടുത്ത വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 9ന് ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ സിംഗപ്പുരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നാല്‍പ്പത്തെട്ടുകാരനായ ഖാലിദ് മുമ്പ് ഇന്ത്യക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
സമീപകാലത്ത് ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഏഷ്യന്‍ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും തകര്‍ന്നടിഞ്ഞു. ഇതോടെ ക്രൊയേഷ്യക്കാരനായ ഇഗര്‍ സ്റ്റിമച്ചിനെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. പിന്‍ഗാമിയായാണ് എഫ്‌സി ഗോവയുടെ ചുമതലയുള്ള മനോലോയെ നിയമിച്ചത്. എന്നാല്‍ സ്പാനിഷുകാരനും ടീമിനെ ഉണര്‍ത്താനായില്ല. എട്ട് കളിയില്‍ ഒറ്റ ജയം മാത്രമാണ് സമ്മാനിക്കാനായത്. പിന്നാലെ എഐഎഫ്എഫ് പുതിയ കോച്ചിനെ തേടിയിറങ്ങി.
പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പരിശീലകനാകും ഉത്തമം എന്ന നിലപാടിലേക്ക് എഐഎഫ്എഫ് എത്തുകയായിരുന്നു. വിദേശ കോച്ചിനെ കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷിയും നിലവിലില്ല. ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐ എം വിജയന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷബീറലി, അംഗമായ ക്ലൈമാക്‌സ് ലോറന്‍സ് അടക്കമുള്ളവര്‍ക്ക് ഖാലിദ് ജമീലിനെ നിയമിക്കണമെന്ന നിലപാടായിരുന്നു.
അതേസമയം 20 വര്‍ഷത്തിനുശേഷമാണ് ദേശീയ ഫുട്ബോള്‍ ടീമിന് ഒരു മുഴുവന്‍സമയ ഇന്ത്യന്‍ പരിശീലകനെ ലഭിക്കുന്നത്. 2005-ല്‍ സുഖ്വിന്ദര്‍ സിങ്ങാണ് അവസാനമായി ഈ സ്ഥാനം വഹിച്ചത്. 2011-12 സീസണില്‍ അര്‍മാന്‍ഡോ കൊളാസോയ്ക്കും സാവിയോ മെദയ്രയ്ക്കും ഇടക്കാല ചുമതലയാണ് ഉണ്ടായിരുന്നത്.
ഇന്ത്യന്‍ ഫുട്‌ബോളിനെ നന്നായി അറിയുകയും ചെറിയ ടീമുകളെക്കൊണ്ട് വലിയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്ത ഖാലിദ് ജമീല്‍ തന്നെ പരിശീലക സ്ഥാനത്തെത്തുമെന്ന് സൂചനയുണ്ടായിരുന്നു. പരിശീലക സ്ഥാനത്തേക്ക് 170-ഓളം അപേക്ഷകളാണ് ഫെഡറേഷന് ലഭിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ചുരുക്കപ്പട്ടികയിലെ മൂന്നുപേരെ തിരഞ്ഞെടുത്തത്. ഈ പട്ടികയാണ് പിന്നീട് എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്. എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുകയും ജാമിലിന്റെ നിയമനം സ്ഥിരീകരിക്കുകയുമായിരുന്നു.
എഎഫ്‌സി പ്രോ ലൈസന്‍സ് ഉടമയായ ജാമില്‍ ഐ-ലീഗ്, ഐ-ലീഗ് 2, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2017-ല്‍ ഐസ്വാളിനൊപ്പം നേടിയ ഐ-ലീഗ് കിരീടനേട്ടം, ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ചരിത്രപരമായ നേട്ടങ്ങളിലൊന്നായിരുന്നു. നിലവില്‍ ജംഷേദ്പുര്‍ എഫ്സിയുടെ പരിശീലകനാണ്.